'സ്പീക്കര്‍ പൊട്ടന്‍'... ശുംഭന് ശേഷം വീണ്ടും ജയരാജന്‍
കണ്ണൂര്‍: ഹൈക്കോടതി ജഡ്ജിയെ ശുംഭന്‍ എന്ന് വിളിച്ചതിന്റെ പേരില്‍ ജയിലില്‍ കിടന്ന ആളാണ് സിപിഎം നേതാവ് എംവി ജയരാജന്‍. ഇപ്പോഴിതാ ഗ്രാമ്യ ഭാഷയില്‍ ജയരാജന്‍ വക വേറൊരു പരാമര്‍ശം.
നിയമസഭ സ്പീക്കറെ പൊട്ടന്‍ എന്നാണ് ജയരാജന്‍ വിളിച്ചിരിക്കുന്നത്. നിയമസഭക്കുള്ളില്‍ 'സാര്‍' എന്ന് ചേര്‍ക്കാതെ സ്പീക്കറെ വിഎസ് അച്യുതാനന്ദന്‍ പോലും അഭിസംബോധന ചെയ്യാറില്ല. നിയമസഭയിലെ പരമാധികാരിയാണ് സ്പീക്കര്‍.

പൊട്ടന്‍ സ്പീക്കറെ ഓര്‍ത്ത് കേരള സമൂഹം ലജ്ജിക്കണം എന്നാണ് ജയരാജന്‍ പറയുന്നത്. നിയമസഭയില്‍ ബജറ്റ് അവതരണ വേളയില്‍ ലഡുവിതരണം ചെയ്തതും ഭരണപക്ഷ എംഎല്‍എമാര്‍ കെഎം മാണിയെ ചുംബിച്ചതും കാണാത്ത സ്പീക്കര്‍ കണ്ണ് പൊട്ടനാണെന്നും ജയരാജന്‍ പറഞ്ഞു.
ഇതുകൊണ്ടൊന്നും ജയരാജന്‍ അവസാനിപ്പിച്ചില്ല. കണ്ണ് പൊട്ടന് എന്തിനാണ് കമ്പ്യൂട്ടറെന്നും ജയരാജന്‍ ചോദിച്ചു.
മുമ്പ് ശുംഭന്‍ പ്രയോഗത്തിന്റെ പേരില്‍ കോടതി കയറിയപ്പോള്‍ ജയരാജന്‍ തകിടം മറിഞ്ഞത് എല്ലാവരും കണ്ടതാണ്. ശുംഭന്‍ എന്ന വാക്കിന് അദ്ദേഹം കണ്ടുപിടിച്ച അര്‍ത്ഥങ്ങള്‍ ആരേയും ചിരിപ്പിക്കുന്നതായിരുന്നു. ഇനിയിപ്പോള്‍ പൊട്ടന്‍ എന്ന വാക്കിനും ഇദ്ദേഹം പുതിയ അര്‍ത്ഥങ്ങള്‍ കണ്ടുപിടിക്കുമോ എന്ന് കണ്ടറിയാം.












Click it and Unblock the Notifications