ബിജെപി ഓഫീസിൽ നിന്നല്ല ഇഡി ഉദ്യോഗസ്ഥർക്ക് ശമ്പളം നൽകുന്നത്,ഇത് ശക്തമായ താക്കീത്; ജയരാജന്‍
തിരുവനന്തപുരം; എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കേസെടുത്ത സംഭവത്തിൽ പ്രതികരിച്ച് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. ഇഡി രാഷ്ട്രീയ യജമാനന്മാരുടെ താളത്തിനൊത്ത് തുള്ളാതെ നിയമമനുസരിച്ച് പ്രവർത്തിക്കണമെന്ന് ജയരാജൻ പറഞ്ഞു. അല്ലെങ്കിൽ ഇത്തരം ദുരന്തങ്ങൾ നേരിടേണ്ടിവരും. ബിജെപി ഓഫീസിൽ നിന്നല്ല, ഇഡി ഉദ്യോഗസ്ഥർക്ക് ശമ്പളം നൽകുന്നത്. ജനങ്ങളുടെ നികുതിപ്പണത്തിൽ നിന്നാണെന്ന് മറക്കരുതെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ജയരാജൻ പറഞ്ഞു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

മുഖ്യമന്ത്രിക്കെതിരെ വ്യാജ തെളിവുണ്ടാക്കി കേസെടുക്കാൻ ശ്രമിച്ച ഇഡി എന്ന കേഡിക്കെതിരെ എറണാകുളം ജില്ലാ സെഷൻസ് കോടതി കേസെടുത്തത് പലരുടെയും ഉറക്കം നഷ്ടപ്പെടുത്തി. ''സർക്കാറിന് തിരിച്ചടി'', ''സർക്കാർവാദം ഹൈക്കോടതി തള്ളി'' എന്നിങ്ങനെ വെണ്ടക്ക നിരത്തി വാർത്തകൾ പ്രചരിപ്പിച്ച ദൃശ്യ അച്ചടി മാധ്യമങ്ങൾ എറണാകുളം കോടതിയുടെ ഈ തീരുമാനം വന്നതോടെ മാപ്പുപറയുന്നത് കണ്ടില്ല.
അന്ന് ഹൈക്കോടതിയിൽ ഇഡിയുടെ ഉദ്യോഗസ്ഥനായിരുന്നു കേസെടുത്ത നടപടിക്കെതിരെ ഹരജി ഫയൽ ചെയ്തത്. ഹൈക്കോടതിയിൽ ഇഡി വാദിച്ചത് തങ്ങളുടെ പേരിൽ കേസ്സെടുക്കാൻ പോലീസിനോ കോടതിക്കോ അധികാരമില്ലെന്നായിരുന്നു. എല്ലാം നിയമാനുസൃതമായി കേന്ദ്ര അന്വേഷണ ഏജൻസികൾ ചെയ്യുന്നതായാൽ കേസിന്റെ യാതൊരാവശ്യവുമില്ല. ഇഡി കേഡിയായാൽ എന്തുചെയ്യും?
പ്രതികളെ ഭീഷണിപ്പെടുത്തിയ ഇഡി ഉദ്യോഗസ്ഥന്റെ ലക്ഷ്യം മുഖ്യമന്ത്രിയുടെ പേരിൽ കേസെടുക്കുകയും നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെ തോൽപിക്കുകയുമായിരുന്നു. ഈ രണ്ട് ലക്ഷ്യവും നടന്നില്ല. ഇഡി ഉദ്യോഗസ്ഥർ മാന്യത പുലർത്തണം. രാഷ്ട്രീയ യജമാനന്മാരുടെ താളത്തിനൊത്ത് തുള്ളാതെ നിയമമനുസരിച്ച് പ്രവർത്തിക്കണം. അല്ലെങ്കിൽ ഇത്തരം ദുരന്തങ്ങൾ നേരിടേണ്ടിവരും. ബിജെപി ഓഫീസിൽ നിന്നല്ല, ഇഡി ഉദ്യോഗസ്ഥർക്ക് ശമ്പളം നൽകുന്നത്. ജനങ്ങളുടെ നികുതിപ്പണത്തിൽ നിന്നാണ്. ഡോളർ കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരെ കേസെടുക്കാൻ ശ്രമിക്കുകയും വ്യാജ തെളിവുണ്ടാക്കാൻ ശ്രമിക്കുകയും ചെയ്തവരുടെ പേരിൽ കേസെടുത്ത നീതിപീഠത്തിന്റെ നടപടി കേന്ദ്ര അന്വേഷണ ഏജൻസികളെ രാഷ്ട്രീയവൽക്കരിക്കുന്നവർക്കുള്ള ശക്തമായ താക്കീത് കൂടിയാണ്.












Click it and Unblock the Notifications