എക്സിറ്റ് പോള്‍: ഇടതിനേക്കാള്‍ കൂടുതല്‍ സീറ്റ് ബിജെപിക്കോ? ഇത് വിധേയത്വമെന്ന് എംവി ജയരാജന്‍
കണ്ണൂർ: ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ ഏജന്‍സികള്‍ പുറത്തുവിട്ട സർവ്വേ ഫലം തള്ളി സി പി എം നേതാവും കണ്ണൂരിലെ എല്‍ ഡി എഫ് സ്ഥാനാർത്ഥിയുമായ എംവി ജയരാജന്‍. ഇടതുപക്ഷമില്ലാത്ത പാർലമെന്റ് എന്നത് ബി ജെ പി അജണ്ടയാണ്. ആ തീരുമാനമാണ് മാധ്യമങ്ങൾ സർവേ എന്ന പേരിൽ പുറത്തുവിട്ടതെന്നാണ് എംവി ജയരാജന്‍ ഫേസ്ബുക്കില്‍ കുറിക്കുന്നത്.
മുൻകാലങ്ങളിലും സമാനരീതിയിലുള്ള സർവ്വേ ഫലങ്ങൾ വിവിധ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുറത്തുവന്നിട്ടുണ്ട്. എന്നാൽ എല്ലായ്‌പോഴും പ്രവചനങ്ങൾ പൊളിഞ്ഞുവീഴുന്നത് നാം കണ്ടതാണ്. കേരളത്തിൽ എല്‍ ഡി എഫിനേക്കാൾ കൂടുതൽ സീറ്റുകൾ ബിജെപിക്ക് പ്രഖ്യാപിക്കുന്നവരുടെ വിധേയത്വം ജൂണ്‍ നാലിന് തുറന്നുകാട്ടപ്പെടുമെന്നുറപ്പാണെന്നും അദ്ദേഹം കുറിക്കുന്നു.

എംവി ജയരാജന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
വലതുപക്ഷത്തിന് മുന്നിൽ മാധ്യമങ്ങൾ എത്രകണ്ട് കുമ്പിട്ടിരിക്കുന്നു എന്നതിന്റെ വ്യക്തതയാണ് വിവിധ മാധ്യമങ്ങൾ ഇന്ന് പുറത്തുവിട്ട എക്‌സിറ്റ് പോൾ ഫലങ്ങൾ തെളിയിക്കുന്നത്. ഇടതുപക്ഷമില്ലാത്ത പാർലമെന്റ് എന്നത് ബി ജെ പി അജണ്ടയാണ്. ആ തീരുമാനമാണ് മാധ്യമങ്ങൾ സർവേ എന്ന പേരിൽ പുറത്തുവിട്ടത്.
ബി ജെ പി ആവശ്യപ്പെട്ടാൽ കോൺഗ്രസ്സ് അനുകൂലമായി വോട്ട് ചെയ്യുമെന്നത് പാർലമെന്റിൽ മുമ്പ് കണ്ടതാണ്. എതിർത്ത് വോട്ട് ചെയ്യേണ്ടയിടത്ത് ഞങ്ങൾ അങ്ങനെ ചെയ്യാതെ വിട്ടുനിന്നതേ ഉള്ളൂ എന്ന് കോൺഗ്രസിനൊപ്പമുള്ള ലീഗ്, ബി ജെ പിക്കുമുന്നിൽ വ്യക്തമാക്കിക്കൊടുക്കും എന്നതിനും മുമ്പ് പാർലമെന്റ് സാക്ഷിയായതാണ്. മതനിരപേക്ഷ പക്ഷത്തെന്ന് ജനങ്ങളോട് പറഞ്ഞ് യു ഡി എഫ് മുമ്പ് ചെയ്തതുപോലെ, 'നിഷ്പക്ഷ' മാധ്യമങ്ങൾ സർവേ രൂപത്തിൽ ബി ജെ പി ലക്ഷ്യസാക്ഷാത്ക്കാരത്തിന് കീഴടങ്ങി എന്നതാണ് ഇന്ന് പുറത്തുവന്ന സർവേഫലങ്ങൾ അടിവരയിടുന്നത്.
മുൻകാലങ്ങളിൽ സമാനരീതിയിലുള്ള സർവ്വേ ഫലങ്ങൾ വിവിധ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുറത്തുവന്നിട്ടുണ്ട്. എന്നാൽ എല്ലായ്‌പോഴും പ്രവചനങ്ങൾ പൊളിഞ്ഞുവീഴുന്നത് നാം കണ്ടതാണ്. സമകാലിക സാഹചര്യത്തിൽ മാധ്യമകീഴ്‌പ്പെടൽ അറിയുന്നതുകൊണ്ടാണ് സി പി ഐ എം സംസ്ഥാന സെക്രട്ടറി, എല്‍ ഡി എഫിന് പൂജ്യം എന്നതായിരിക്കും മാധ്യമ സർവേഫലം എന്നത് മുൻകൂട്ടി പ്രഖ്യാപിച്ചത്. കേരളത്തിൽ എല്‍ ഡി എഫിനേക്കാൾ കൂടുതൽ സീറ്റുകൾ ബിജെപിക്ക് പ്രഖ്യാപിക്കുന്നവരുടെ വിധേയത്വം 4ന് തുറന്നുകാട്ടപ്പെടുമെന്നുറപ്പാണ്. രാജ്യത്ത് ഇന്ത്യാ മുന്നണിയും കേരളത്തിൽ എല്‍ ഡി എഫും മികച്ച വിജയം നേടും.












Click it and Unblock the Notifications