" എ-ഐ പഴയ വീഞ്ഞ്, എസ് എസ്സും ഒ.സി യും പുതിയ കുപ്പിയിൽ "; കോൺഗ്രസിനെ പരിഹസിച്ച് എംവി ജയരാജൻ
തിരുവനന്തപുരം; ഡിസിസി അധ്യക്ഷൻമാരെ പ്രഖ്യാപിച്ചതിന് പിന്നാലെ കോൺഗ്രസിൽ ഉയർന്ന പടലപ്പിണക്കങ്ങൾ ഇനിയും കെട്ടടങ്ങിയിട്ടില്ല.പുതിയ കെപിസിസി നേതൃത്വത്തിനെതിരായ വിമർശനങ്ങളിൽ ആവർത്തിക്കുകയാണ് മുതിർന്ന നേതാക്കളായ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും. ഗ്രൂപ്പില്ലാ കോൺഗ്രസ് എന്ന് പ്രഖ്യാപിച്ച് സ്വന്തം ഇഷ്ടക്കാരെ തിരികി കയറ്റി പുതിയ ഗ്രൂപ്പ് ഉണ്ടാക്കാനാണ് കെപിസിസി അധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും ശ്രമിക്കുന്നതെന്നാണ് മുതിർന്ന നേതാക്കൾ ആരോപിക്കുന്നത്. അതേസമയം ഇപ്പോഴത്തെ കോൺഗ്രസിലെ ഗ്രൂപ്പ് വടംവലികളെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. പഴയ ഗ്രൂപ്പകൾക്ക് പകരം പുതിയ ഗ്രൂപ്പുകളുടെ ഉദയം ഗാന്ധിയൻ പാരമ്പര്യമുള്ള കോൺഗ്രസ്സുകാരെ വേദനിപ്പിക്കുന്നുണ്ടെന്ന് ജയരാജൻ പറഞ്ഞു. ജയരാജന്റെ വാക്കുകൾ ഇങ്ങനെ

കോൺഗ്രസിൽ ജനാധിപത്യം ഇല്ലാതാവുകയും ഗ്രൂപ്പ് മേനേജർമാരുടെ ചരടുവലി-നോമിനേഷൻ സമ്പ്രദായം ഏർപ്പെടുത്തുകയും ചെയ്തതോടെയാണ് ചേരികൾ ഉണ്ടായതെന്നാണ് ചിലർ പറയുന്നത്. എന്നാൽ മഹാത്മാഗാന്ധിയുടെ കാലംമുതൽ ഗ്രൂപ്പുണ്ടായിരുന്നു എന്നും ചരിത്രത്തിൽനിന്നും ചില കോൺഗ്രസ് നേതാക്കന്മാർ കുറിച്ചെടുത്തുപറയുന്നുണ്ട്.അന്ന് മിതവാദവും തീവ്രവാദവും തമ്മിലായിരുന്നു പോര്. അത് സ്വാതന്ത്ര്യസമര രീതിയിലുള്ള നയപരമായ തർക്കമായിരുന്നു. ഇന്നാവട്ടെ പദവികൾക്ക് വേണ്ടിയുള്ള തർക്കമാണ്. കേരളത്തിൽമാത്രമല്ല കോൺഗ്രസ്സിന്റെ ഗ്രൂപ്പിസം ഭരിക്കുന്ന മൂന്ന് സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിമാരെ മാറ്റാനാണെങ്കിൽ ഭരിക്കാത്ത സംസ്ഥാനങ്ങളിൽ ഡി സി സി പ്രസിഡന്റുമാരെ മാറ്റാനാണ് ചേരിതിരിഞ്ഞ തർക്കം.
നേരത്തെ കേരളത്തിലെ ഗ്രൂപ്പ് "എ - ഐ " എന്ന വിധത്തിലായിരുന്നു. അതിനിടയിൽ മൂന്നാം ചേരിയും ഉണ്ടായി. അതെല്ലാം ഇപ്പോൾ പഴയകഥകളായി മാറി. "എസ്-എസ്സും " " ഒ.സി " യുമായി രണ്ട് പുതിയ ഗ്രൂപ്പുകൾ ഉയർന്നുവന്നു. എസ്-എസ്സുകാർ ധാർഷ്ട്യക്കാരാണെന്നും ഒ.സി യെയും ആർ.സി യെയും മൂലക്കിരുത്താൻ നോക്കുകയാണെന്നും ഒ.സി യുടെ ചേരിക്കാർ പറയുന്നു. അവസാനവാക്ക് ആരുടേതാണ് എന്ന തർക്കവുമുണ്ട്. അച്ചടക്കവും സസ്പെൻഷനും പുറത്താക്കലും വൺവേ ട്രാഫിക്കല്ല എന്ന് എ-സി ക്കാർ പറഞ്ഞുകഴിഞ്ഞു. പരസ്യമായ വിഴുപ്പലക്കൽ പാടില്ലെന്ന് എസ്-എസ്സുകാരുടെ അന്ത്യശാസനം ഒ.സി ക്കാർ ലംഘിച്ചു. ഒ.സി ക്ക് പ്രത്യേകപാർട്ടി ഉണ്ടാക്കാം എന്ന് എസ്-എസ്സുകാരുടെ ചാവേറായി മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്ന ഒരു നേതാവിന്റെ പ്രതികരണം ഒ.സിക്കാരെ ചൊടിപ്പിച്ചു.
Recommended Video
ഡി സി സി പ്രസിഡന്റുമാരുടെ സ്ഥാനാരോഹണചടങ്ങും ബഹിഷ്ക്കരണവും ഗ്രൂപ്പടിസ്ഥാനത്തിലാണ് നടന്നത്. എസ്- എസ്സുകാരുടെ വിരട്ടലൊന്നും ഏശുന്നില്ല. തർക്കം ഒരിക്കലും തീരുന്നുമില്ല. പഴയ ഗ്രൂപ്പകൾക്ക് പകരം പുതിയ ഗ്രൂപ്പുകളുടെ ഉദയം ഗാന്ധിയൻ പാരമ്പര്യമുള്ള കോൺഗ്രസ്സുകാരെ വേദനിപ്പിക്കുന്നുണ്ട്. ഇന്ധനവിലക്കയറ്റവും റോഡ് മുതൽ വിമാനത്താവളംവരെ എല്ലാം വിറ്റുതുലയ്ക്കുന്നതും സർക്കാർ സ്പോൺസർഷിപ്പിൽ നടക്കുന്ന ചാരപ്പണിയും കർഷകത്തൊഴിലാളി ദ്രോഹ നടപടികളും ബിജെപി സർക്കാർ നടപ്പാക്കുമ്പോൾ തമ്മിലിടിക്കുന്ന കോൺഗ്രസ്സിനെ കാത്തിരിക്കുന്നത് ദയനീയ പതനംതന്നെയാണ്. ഇതെന്തൊരു പാർട്ടി? സെമി കേഡർ പാർട്ടിയല്ല തമ്മിലിടിക്കാൻ കേഡർമാരെ നിയോഗിക്കുന്ന പാർട്ടിയാണ്, ജയരാജൻ പരിഹസിച്ചു.












Click it and Unblock the Notifications