വിമത ഇടത് എംഎല്‍എമാരോട് ചോദ്യങ്ങളുമായി എംവി ജയരാജൻ
വിമത ഇടത് എംഎല്‍എമാരോട് ചോദ്യങ്ങളുമായി സിപിഎം നേതാവ് എംവി ജയരാജൻ. എൽഡിഎഫ് സർക്കാരും എംഎൽഎമാരും കൊണ്ടുവന്നതല്ലാതെ പുതിയ പദ്ധതികൾ വല്ലതും മൂന്ന് എംഎൽഎമാരുടേയിം മണ്ഡലത്തിൽ ബജറ്റിൽ അനുവദിച്ചിട്ടുണ്ടോയെന്ന് ജയരാജൻ ചോദിച്ചു.കരിമണൽ ഖനനം ഉൾപ്പെടെ കോർപ്പറേറ്റുകൾക്ക് തീറെഴുതി കൊടുക്കുന്നത് ശരിയാണോയെന്ന ചോദ്യവും ജയരാജൻ ഉയർത്തി. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിൻ്റെ പ്രതികരണം.
'യുഡിഎഫിനോടൊപ്പം ചേർന്ന് മത്സരിച്ച് നിയമസഭയിലെത്തി സ്വതന്ത്ര ബ്ലോക്കിൽ ഇരിക്കുന്ന 3 എം എൽ എ മാരോടും ചില ചോദ്യങ്ങൾ

1. എൽഡിഎഫ് സർക്കാരും എംഎൽഎമാരും കൊണ്ടുവന്നതല്ലാതെ പുതിയ പദ്ധതികൾ വല്ലതും താങ്കളുടെ മണ്ഡലത്തിൽ ബജറ്റിൽ അനുവദിച്ചിട്ടുണ്ടോ?
2. വികസനത്തിന്റെ മറുപേരായ കിഫ്ബി നിർത്തലാക്കുന്നതിനോട് താങ്കളുടെ അഭിപ്രായമെന്താണ്?
3. മദ്യനയം പോലും പ്രഖ്യാപിക്കാതെ മദ്യരാജാക്കന്മാർക്ക് 600 കോടി രൂപയുടെ ഇളവ് ബജറ്റിൽ പ്രഖ്യാപിച്ചത് ശരിയാണോ?
4. താങ്കൾ ബിജെപിയുമായി വോട്ട് കച്ചവടം നടത്തിയിട്ടില്ലെങ്കിൽ വി ഡി സതീശന്റെ മംഗലാപുരം ചാർട്ടേഡ് ഫ്‌ളൈറ്റ് യാത്രയും എൻ.ഡി.എ. നേതാക്കളുമായും അദാനി ഗ്രൂപ്പ് ഉദ്യോഗസ്ഥരുമായും നടത്തിയ രഹസ്യ കൂടിക്കാഴ്ച എന്തിനായിരുന്നു?
5. ഫ്‌ളൈറ്റ് ടിക്കറ്റ് കൂലി ആരാണ് കൊടുത്തത്, എത്ര രൂപയാണ് എന്ന വിവരം അറിയുമോ? നിയസഭയിൽ ഇത് സംബന്ധിച്ച് ചോദ്യം ചോദിക്കുമോ?
6. മന്ത്രിമാരുടെ സത്യപ്രതിജ്ഞാവേളയിൽ വന്ദേമാതരം പൂർണരൂപത്തിൽ ചൊല്ലിയത് മതനിരപേക്ഷത ഉയർത്തിപിടിക്കുന്ന നമ്മുടെ രാജ്യത്ത് ശരിയാണോ?
7. മുഖ്യമന്ത്രി അറിയാതെ സർക്കാർ ഉദ്യോഗസ്ഥന്മാരുടെ യോഗം ഗവർണർ വിളിച്ച് ചേർത്തത് ശരിയാണോ? അത് സംബന്ധിച്ച് മുഖ്യമന്ത്രി തന്നെയായിരുന്നില്ലേ അതൃപ്തി അറിയിച്ച് ഗവർണർക്ക് കത്തെഴുതേണ്ടിയിരുന്നത്?
8. കരിമണൽ ഖനനം ഉൾപ്പെടെ കോർപ്പറേറ്റുകൾക്ക് തീറെഴുതി കൊടുക്കുന്നത് ശരിയാണോ?
9. സാമൂഹ്യ സുരക്ഷ പെൻഷൻ, സ്ത്രീസുരക്ഷ പദ്ധതി, കണക്ട് ടു വർക് സ്‌കോളർഷിപ് എന്നിവക്ക് ബജറ്റിൽ പണമനുവദിക്കാത്തത് പാവപ്പെട്ട 98 ലക്ഷം പേരെ വഞ്ചിക്കുന്നതല്ലേ?
10. തെരഞ്ഞെടുപ്പ്കാലത്ത് താങ്കളുടെ ഫോട്ടോ പതിച്ച് വീടുകളിലെത്തിച്ച വാഗ്ദാനപത്രികയിൽ പറയുന്ന എല്ലാ പദ്ധതികൾക്കും ഗ്യാരന്റികൾക്കും പണം അനുവദിക്കണമെന്ന് നിയമസഭയിൽ സബ്മിഷനായോ കോളിങ്ങ് അറ്റൻഷനായോ ആവശ്യപ്പെടുമോ?'












Click it and Unblock the Notifications