ദിവ്യക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് പറഞ്ഞ സുധാകരന്‍ വിജയന്റെ കാര്യത്തില്‍ എന്ത് നടപടി സ്വീകിച്ചു: ജയരാജന്‍
കണ്ണൂർ:വയനാട് ഡിസിസി ട്രഷറർ എന്‍എം വിജയന്റേയും മകന്റേയും മരണത്തില്‍ കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനെതിരെ രൂക്ഷവിമർശനവുമായി സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍ കണ്ണൂർ എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പിപി ദിവ്യയുടെ പേരില്‍ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് പറഞ്ഞ കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ വയനാട്ടിലെ കോണ്‍ഗ്രസ് നേതാവ് എന്‍ എം വിജയന്റെ മരണത്തില്‍ എന്ത് നടപടി സ്വീകരിച്ചെന്ന് അദ്ദേഹം ചോദിക്കുന്നു.
വിജയന്റെ മരണത്തിനുത്തരവാദി ബത്തേരി എം എൽ എ യും വയനാട് ഡിസിസി അധ്യക്ഷനുമാണെന്ന് ആത്മഹത്യാക്കുറിപ്പും മറ്റു തെളിവുകളും ഉണ്ടായിട്ടും ഇതുവരെ ഒരു നടപടിയുമുണ്ടായിട്ടില്ലെന്നും എംവി ജയരാജന്‍ ഫേസ്ബുക്കില്‍ കുറിച്ചു. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

'അന്തോം കുന്തോം അറിയാത്ത കുടുംബം' എന്ന് കെ.പി.സി.സി. അദ്ധ്യക്ഷന്റെ അധിക്ഷേപം, കോഴപ്പണത്തിൽ കെ.പി.സി.സി.ക്കും പങ്കോ?
........................................
വയനാട് ഡിസിസി ട്രഷറർ എൻ.എം. വിജയന്റെ ആത്മഹത്യാക്കുറിപ്പ് കെ.പി.സി.സി. അദ്ധ്യക്ഷൻ, പ്രതിപക്ഷനേതാവ്, രാഹുൽഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുടെ പേരിലാണ് ഡിസംബർ 25ന് ആത്മഹത്യചെയ്യുന്നതിന് തൊട്ടുമുമ്പ് വിജയൻ അയച്ചത്. പത്തുദിവസം വരെ കാത്തിരിക്കണമെന്ന് മറ്റൊരു കുറിപ്പിൽ ബന്ധുക്കൾക്ക് നിർദ്ദേശവും നൽകി. രണ്ടരക്കോടി രൂപയാണ് വിവിധ വ്യക്തികൾക്ക് നിയമനം നൽകുമെന്ന് പറഞ്ഞ് എം.എൽ.എ.യായ ഐസി ബാലകൃഷ്ണനും മറ്റും ഉദ്യോഗാർത്ഥികളിൽ നിന്ന് തട്ടിയെടുത്തത്. ട്രഷറർ ആയതുകൊണ്ട് തന്റെ തലയിലാണ് ആ ബാധ്യതയെല്ലാം വന്നുപെട്ടതെന്ന് വിജയൻ കത്തിൽ ചൂണ്ടിക്കാണിക്കുന്നു.
നിയമനം ലഭിക്കാത്തവർക്ക് കാശ് തിരിച്ചുകൊടുക്കണമെന്ന് പലവട്ടം ആവശ്യപ്പെട്ടിട്ടും എം.എൽ.എ. തിരിച്ചുനൽകിയില്ല. ഏഴ് വർഷം ബത്തേരി അർബൻ ബാങ്കിൽ ജോലിചെയ്ത തന്റെ മകനെ പിരിച്ചുവിട്ട് കൈക്കൂലിവാങ്ങി മറ്റൊരാളെ എം.എൽ.എ. നിയമിച്ചുവെന്നും കത്തിൽ പറയുന്നു. പാർട്ടിക്ക് വേണ്ടി കേസ് നടത്താനായി കടംവാങ്ങിയവർക്ക് തിരിച്ചുകൊടുക്കാൻ തന്റെ സ്വത്ത് പണയപ്പെടുത്തേണ്ടിവന്നുവെന്നും പാർട്ടിയിൽ നിന്നും എം.എൽ.എ.യിൽ നിന്നും നീതികിട്ടിയില്ല എന്നും ആത്മഹത്യാക്കുറിപ്പിലുണ്ട്.
ഇതാണിപ്പോൾ മാധ്യമങ്ങളിലൂടെ പുറത്തുവന്നത്. പിതാവിന്റെയും മകന്റെയും മരണത്തിൽ മനംനൊന്ത് കഴിയുകയാണ് വിജയന്റെ മകനും മരുമകളും. നീതിക്കുവേണ്ടി അവർ മുട്ടാത്ത വാതിലുകളില്ല. പ്രതിപക്ഷനേതാവിനെയും കെ.പി.സി.സി. പ്രസിഡന്റിനെയും സമീപിച്ചപ്പോൾ കത്ത് വായിച്ചുനോക്കാൻ പോലും അവർ താല്പര്യം കാണിച്ചില്ല. കെ.പി.സി.സി. പ്രസിഡന്റാവട്ടെ, 'അന്തോം കുന്തോം ഇല്ലാത്ത കുടുംബം' എന്ന് അധിക്ഷേപിക്കുകയാണ് ചെയ്തത്.
ആത്മഹത്യാക്കുറിപ്പോ മറ്റു സൂചനകളോ ഇല്ലാതിരുന്നിട്ടും എഡിഎംന്റെ മരണത്തിനുത്തരവാദിയെന്ന് മുദ്രകുത്തി കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി. ദിവ്യയുടെ പേരിൽ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാണ് അന്ന് കെ.പി.സി.സി. അധ്യക്ഷൻ ആവശ്യപ്പെട്ടത്. എന്നാൽ കോൺഗ്രസ് നേതാവ് വിജയന്റെ മരണത്തിനുത്തരവാദി ബത്തേരി എം.എൽ.എ.യും വയനാട് ഡിസിസി അധ്യക്ഷനുമാണെന്ന് ആത്മഹത്യാക്കുറിപ്പും മറ്റു തെളിവുകളും ഉണ്ടായിട്ടും ഇതുവരെ ഒരു നടപടിയുമുണ്ടായിട്ടില്ല.
എഡിഎംന്റെ മരണം നടന്ന് മണിക്കൂറുകൾക്കകം പി.പി. ദിവ്യക്കെതിരെ ഉറഞ്ഞുതുള്ളിയ കെ.പി.സി.സി. അദ്ധ്യക്ഷന് രണ്ടാഴ്ചയായിട്ടും എൻ.എം. വിജയന്റെ ആത്മഹത്യാക്കുറിപ്പ് പോലും വായിക്കാൻ സമയം ലഭിച്ചിട്ടില്ല. 'കൊലയാളികളെ' സംരക്ഷിക്കുകയാണ് ഇക്കൂട്ടർ ചെയ്യുന്നത്. കോഴപ്പണത്തിൽ കെ.പി.സി.സി.ക്കും പങ്കുണ്ടെന്ന സംശയം അതുകൊണ്ട് തന്നെ ബലപ്പെടുകയാണ്.












Click it and Unblock the Notifications