കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനം തിരിച്ചറിഞ്ഞു... കീഴാറ്റൂരിലേത് വികസ വിരുദ്ധ സമരം, സമരത്തിനെതിരെ വിമർശനവുമായി എംവി ജയരാജൻ!

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: കീഴാറ്റൂർ സമരത്തിനെതിരെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി എംവി ജയരാജൻ. ഫേസ്ബുക്കിലുടെയാണ് അദ്ദേഹം രൂക്ഷ വിമർശനവുമായി മുന്നോട്ട് വന്നിരിക്കുന്നത്. ജനം തിരിച്ചറിഞ്ഞു- കീഴാറ്റൂർ സമരം വികസന വിരുദ്ധരുടെ രാഷ്ട്രീയ സമരം എന്ന തലക്കെട്ടോടെയാണ് അദ്ദേഹം ഫേസ്ബുക്കിൽ പോസ്റ്റിട്ടിരിക്കുന്നത്. കേരളം കീഴാറ്റൂരിലേക്ക് എന്ന് മുദ്രാവാക്യവുമായി വയൽക്കിളികൾക്ക് പിന്തുണയുമായി വിവിധ രാഷ്ട്രീയ പാർട്ടികളും സംഘടനകളും തളിപ്പറമ്പിൽ നിന്നും കീഴാറ്റൂരിലേക്ക് മാർച്ച് നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് എംവി ജയരാജന്റെ പ്രസ്താവന.

ബിജെപി എംപി സുരേഷ് ഗോപി, കോൺഗ്രസ് നേതാവ് വിഎം സുധീരൻ, കെ സുരേന്ദ്രൻ, പിസി ജോർജ് തുടങ്ങിയ പ്രമുഖ നേതാക്കളും കീഴാറ്റൂരിൽ എത്തിയിരുന്നു. അതേസമയം കീഴാറ്റൂരിൽ സമരം നടത്തുന്ന വയൽക്കിളിൾക്കിടയിൽ ഭിന്നതയുണ്ടെന്ന വാർത്തയും പുറത്തു വന്നിരുന്നു. സമരം ബിജെപി ഹൈജാക്ക് ചെയ്തെന്നും, മോദി സ്തുതി പാടകർക്ക് വേദിയൊരുക്കിയെന്നും സമര നേതാവ് ഫേസ്ബുക്കില്‌ പോസ്റ്റ് ഇട്ടിരുന്നു. ഇതിനു പിന്നാലെയാണ് എംവി ജയരാജൻ കീഴാറ്റൂർ സമരത്തിനെ എതിർത്ത് രംഗത്ത് വന്നിരിക്കുന്നത്. അദ്ദേഹം പറയുന്നത്....

വാഹനങ്ങൾ കൂടുമ്പോൾ റോഡും വികസിക്കണം

വാഹനങ്ങൾ കൂടുമ്പോൾ റോഡും വികസിക്കണം

ദേശീയപാതാ വികസനത്തിന് കീഴാറ്റൂരിലെ ഭൂരിപക്ഷവും സ്ഥലം നൽകിക്കഴിഞ്ഞു. മാത്രമല്ല, സ്ഥലം വിട്ടുകൊടുത്തകാര്യം വ്യക്തമാക്കി സ്ഥലമുടമകൾ തന്നെ ബോർഡും സ്ഥാപിച്ചുകഴിഞ്ഞു. വികസനം വേണമെന്നാണ് കീഴാറ്റൂർ ജനതയും പ്രഖ്യാപിച്ചത്. വില്ലേജ് റോഡിന്റെ വീതിമാത്രമുള്ള ദേശീയപാത വികസിക്കേണ്ടത് അപകടം ഉൾപ്പടെ ഒഴിവാക്കുന്നതിനും വാഹനങ്ങൾ കൂടുന്നസാഹചര്യത്തിൽ ഭാവിയിലേക്കും അനിവാര്യമാണെന്ന് കീഴാറ്റൂരുകാരും തുറന്നുസമ്മതിക്കുന്നു. അതുകൊണ്ടുതന്നെയാണ് ആകെയുള്ള 60 പേരിൽ 56 പേരും ഭൂമിവിട്ടുകൊടുത്ത് സമരത്തിൽ നിന്നും പിൻവാങ്ങിയത്. വികസനവിരുദ്ധരുടെ രാഷ്ട്രീയ സമരമാണ് കീഴാറ്റൂരിലേതെന്ന് ജനം തിരിച്ചറിഞ്ഞതുകൊണ്ടാണ് സ്വന്തം ഭൂമിയിൽ സ്ഥലം വിട്ടുകൊടുത്തകാര്യം വ്യക്തമാക്കി അവർതന്നെ ബോർഡുവെച്ചത്. എന്തുകൊണ്ടാണ് സമരരംഗത്തുണ്ടായിരുന്ന, എന്നാൽ തങ്ങൾ തെറ്റിദ്ധരിക്കപ്പെടുകയായിരുന്നു എന്ന് പ്രഖ്യാപിച്ച് ഇപ്പോൾ ഭൂമി വിട്ടുകൊടുത്ത 56 പേരെക്കുറിച്ച് മാധ്യമങ്ങൾ ചർച്ച ചെയ്യാത്തത്. അവർക്കിപ്പോഴും സർക്കാരിനെതിരെ വാർത്തനൽകി അത് വിറ്റഴിക്കാനുള്ള വെപ്രാളമാണെന്ന് എംവി ജയരാജൻ വിമർശിക്കുന്നു.

പ്രതിഷേധിക്കാൻ അവകാശമുണ്ട്

പ്രതിഷേധിക്കാൻ അവകാശമുണ്ട്

വികസനവിരുദ്ധർക്കാണെങ്കിലും പ്രതിഷേധിക്കാൻ അവകാശമുണ്ട്. ഗെയ്ൽ പൈപ്പ്‌ലൈൻ സ്ഥാപിക്കാൻ വേണ്ടി സ്ഥലം വിട്ടുകൊടുക്കാൻ സന്നദ്ധതയില്ലെന്നറിയിച്ചവർ പ്രതിഷേധിച്ചിരുന്നു. മതിയായ നഷ്ടപരിഹാരം ഗെയ്ൽ അധികൃതരുമായി ചർച്ച ചെയ്ത് സർക്കാർ തീരുമാനിച്ചപ്പോൾ ഒടുവിൽ അവർ സ്ഥലം വിട്ടുകൊടുത്തിരുന്നു. വികസനത്തിനായി സ്ഥലം വിട്ടുകൊടുക്കുന്നവർക്ക് വേണ്ടത് മതിയായ നഷ്ടപരിഹാരം ലഭിക്കുകയാണ്. ഉപജീവനത്തിനുള്ള മാർഗം അവർക്ക് ലഭ്യമാക്കുക. അതിനൊരിക്കലും സർക്കാർ തടസ്സം നിന്നിട്ടില്ല. വീടുപോകുന്നവർക്ക് വീടിന് സൗകര്യമുണ്ടാവുക, കടകൾ പോകുന്നവർക്ക് കടകൾക്ക് സൗകര്യമുണ്ടാവുക ഇതൊക്കെയാണ് അവരുടെ പുനരധിവാസത്തിന്റെ പ്രശ്‌നം. അതിനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

തണ്ണീർത്തടമോ, തോടുകളോ, നീരുറവകളോ നഷ്ടപ്പെടുന്നില്ല

തണ്ണീർത്തടമോ, തോടുകളോ, നീരുറവകളോ നഷ്ടപ്പെടുന്നില്ല


കീഴാറ്റൂരിലാണെങ്കിൽ തണ്ണീർത്തടമോ, തോടുകളോ, നീരുറവകളോ നഷ്ടപ്പെടുന്നില്ല. 250 ഏക്കർ വയൽ ഭൂമിയിൽ വർഷങ്ങളായി നെൽക്കൃഷി ചെയ്യുന്നില്ലെങ്കിലും നെൽക്കൃഷി ചെയ്യാനും മറ്റ് കൃഷി ചെയ്യാനും കഴിയത്തക്ക നിലയിൽ 240 ഏക്കർ ഭൂമിയും ഭൂമി ഏറ്റെടുത്തശേഷവും ലഭ്യമാണ്. അവിടെ കൃഷിചെയ്യാനുള്ള പശ്ചാത്തല സൗകര്യം നിലനിർത്തിക്കൊണ്ടാണ് വികസന പദ്ധതി നടപ്പാക്കുന്നത്. മാത്രമല്ല, ദേശീയപാതാ വികസന അതോറിറ്റിയാണ് മണ്ണിട്ടുയർത്തി ദേശീയപാത തീരുമാനിച്ചത്. അവരോടുതന്നെ സംസ്ഥാന സർക്കാർ നിർദ്ദേശിച്ചിരിക്കുന്നത് എലിവേറ്റഡ് ഹൈവേ ആലോചിക്കണമെന്നാണ്. എൽ.ഡി.എഫ് സർക്കാരിന് ഇക്കാര്യത്തിൽ പിടിവാശിയില്ലെന്നതിന്റെ വ്യക്തതകൂടിയാണിത്. മണ്ണിട്ടുയർത്തിയായാലും എലിവേറ്റഡ് ഹൈവേയായാലും തീരുമാനമെടുക്കേണ്ടത് കേന്ദ്രസർക്കാരാണ്. മണ്ണിട്ടുയർത്തിയുള്ള ഹൈവേ വികസനം പ്രശ്‌നമാണെങ്കിൽ, എലിവേറ്റഡ് ഹൈവേ തീരുമാനിച്ചാൽ മതിയല്ലോ. അങ്ങനെ വേണമെങ്കിൽ കേന്ദ്രസർക്കാരിന് പ്രശ്‌നം തീർക്കാൻ സാധിക്കുമല്ലോ എന്നും അദ്ദേഹം ചോദിക്കുന്നു.

മലബാറിലെ നാഷണൽ ഹൈവെ വികസിക്കണം

ചുരുക്കത്തിൽ, ദേശീയപാതാ വികസനം സംബന്ധിച്ച വിഷയത്തിൽ സമരം നിർബന്ധമാണെങ്കിൽ അത് ചെയ്യേണ്ടത് ദില്ലിയിലാണ്. അങ്ങനെ പാർലമെന്റിന് മുന്നിൽ സമരം ചെയ്യുമ്പോൾ ദേശീയപാതാവികസനം വേണ്ടെന്ന് മാത്രം പറയരുത്. നിലവിലെ വില്ലേജ് റോഡിന്റെ വലിപ്പം മാത്രമുള്ള മലബാറിലെ നാഷണൽ ഹൈവേ വികസിക്കേണ്ടത് അത്യാവശ്യമാണെന്ന് ആരും സമ്മതിക്കും. തൃശൂരിലെ വിഎം സുധീരന്റെ നാട്ടിലും സുരേഷ്‌ ഗോപി എംപിയായ നാട്ടിലുമെല്ലാം ഉള്ള ദേശീയപാതാവികസനം തളിപ്പറമ്പിൽ മാത്രം അരുതെന്ന് പറയരുതേ.. എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

English summary
MV Jayarajan's facebook post about Keezhatoor strike
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X