'കോൺഗ്രസിന്റെ ആയിരത്തിയൊന്നാമത്തെ വീടും സ്വാഹ;വാഗ്ദാനം പാലിക്കാൻആർജവം കാണിക്കൂ'; എംവി ജയരാജൻ
കോൺഗ്രസിനേയും കെ പി സി സി അധ്യക്ഷനേയും രൂക്ഷമായി പരിഹസിച്ച് സിപിഎം നേതാവ് എംവി ജയരാജൻ. കോൺഗ്രസ് പാഴ്വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ പറ്റിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ക്ഷേമ പെൻഷൻ മുടങ്ങിയതിനെതിരെ യാചനാ സമരം നടത്തി പിണറായി വിജയൻ സർക്കാരിനെതിരെ പ്രതിഷേധിച്ച മറിയക്കുട്ടിക്ക് വീട് വെച്ച് നൽകുമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ജയരാജന്റെ വിമർശനം. രണ്ട് മാസത്തിനുള്ളിൽ വീട് വെച്ച് കൊടുക്കാമെന്നായിരുന്നു പ്രഖ്യാപനമെന്നും ആ വീടും ഒടുക്കം സ്വാഹയായെന്നും ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു. അദ്ദേഹത്തിന്റെ കുറിപ്പ് ഇങ്ങനെ
'അങ്ങനെ 1001 ആയി. പറഞ്ഞുവരുന്നത് കെ പി സി സി നിർമിച്ച് നൽകുമെന്ന് പറഞ്ഞ വീടുകളുടെ എണ്ണത്തെക്കുറിച്ചുതന്നെ. മറിയകുട്ടിക്ക് രണ്ട് മാസത്തിനകം വീട് വച്ചുനൽകുമെന്ന് കെ പി സി സി പ്രസിഡന്റ് പ്രഖ്യാപിച്ചതാണ്. ആ രണ്ടുമാസം കഴിഞ്ഞിരിക്കുന്നു. പറഞ്ഞത് പത്രസമ്മേളനം നടത്തിയായതിനാൽ പൊതുസമൂഹത്തിന് മുമ്പിലുള്ള വിഷയവുമാണ്. അതും നേരത്തെയുള്ള 1000 വീടെന്ന കോൺഗ്രസ് വാഗ്ദാനം പോലെ വെറും വാക്കായി മാറിയ സ്ഥിതിയാണ്. പഴയ ചാക്കിനുപോലും ഒരു വിലയുണ്ടെന്നിരിക്കെ കോൺഗ്രസിന്റെ പാഴ് വാഗ്ദാനത്തെ പഴയ ചാക്കുമായി ഉപമിക്കുന്നതുതന്നെ ശരിയല്ല. എങ്കിലും, പഴയൊരു പ്രയോഗം അങ്ങനെ നടത്തി എന്നേ ഉള്ളൂ- കീറിയ ചാക്കും കോൺഗ്രസ്സ് വാഗ്ദാനവും.

ഒട്ടും പണമില്ലാത്തതിന്റെ പേരുപറഞ്ഞ് 'പുതിയ' ചട്ടിയും എടുത്ത് (പുതിയ ചട്ടി വാങ്ങിച്ചുനൽകി ആരോ സമരത്തിലേക്ക് ചാടിച്ചതാണെന്നൊക്കെ പിന്നെ സംസാരമുണ്ടായി) സമരത്തിനിറങ്ങിയ ഘട്ടത്തിൽ, ആ ആൾക്ക് അതൊന്ന് കടുപ്പിക്കാൻ നൽകിയ വാഗ്ദാനമായിരുന്നു. എന്തുചെയ്യാം, പത്രസമ്മേളനത്തിൽ മൈക്കിനുവേണ്ടി സതീശനുമായി വാശിപിടിക്കുമെങ്കിലും, വാക്കിന് വില കല്പിക്കുന്നതിൽ ആ വാശിയില്ലാത്ത ഇന്നത്തെ ശരിയായ കോൺഗ്രസ് നേതാവുതന്നെയെന്ന് കെപിസിസി പ്രസിഡന്റ് തെളിയിച്ചു.
അങ്ങനെ , കോൺഗ്രസ് വാഗ്ദാനം ചെയ്ത ആയിരം വീട് നേരത്തെതന്നെ സ്വാഹാ..! ആയിരത്തിയൊന്നാമത്തേതും ഇപ്പോൾ സ്വാഹാ..
പത്രങ്ങൾക്ക് മുന്നിൽ പറഞ്ഞ കാര്യമായതിനാൽ മാധ്യമങ്ങൾ ഇക്കാര്യം അന്വേഷിക്കുമെന്നുതന്നെ കരുതാം. 'വെറും ഡയലോഗു'കാരാവാതെ , നൽകിയ വാഗ്ദാനം പാലിക്കാൻ ഇനിയെങ്കിലും കോൺഗ്രസ് ആർജവം കാണിക്കുമോ!? മറുപടി പറയേണ്ടത് കോൺഗ്രസ് നേതാക്കളാണ്. ഇനിയും തെളിയിക്കപ്പെടേണ്ട കാര്യവുമാണത്.
- എം വി ജയരാജൻ












Click it and Unblock the Notifications