'വിവരം കെട്ടവനെ കെപിസിസി പ്രസിഡന്റായി ചുമന്ന കോൺഗ്രസ്സ് വിവരക്കേടിന്റെ അഗാധ ഗർത്തത്തിൽ'; എംവി ജയരാജൻ

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ രൂക്ഷവിമർശനവുമായി സിപിഎം നേതാവ് എംവി ജയരാജൻ. വിവരം കെട്ടവനെ കെ പി സി സി പ്രസിഡന്റായി ചുമന്ന്, വിവരക്കേടിന്റെ അഗാധ ഗർത്തിൽ ഇന്നത്തെ കോൺഗ്രസ്സ് പതിച്ചിരിക്കുകയാണെന്ന് ജയരാജൻ വിമർശിച്ചു. ഇനി ഭരണത്തിൽ എത്താൻ കഴിയില്ലെന്ന തിരിച്ചറിവ്, കോൺഗ്രസ്സ് നേതാക്കളുടെ സമനില തന്നെ തെറ്റിച്ചിരിക്കുന്നു എന്ന നിലയിലാണ് കാര്യങ്ങൾ എത്തിനിൽക്കുന്നത്. കോൺഗ്രസ്സ് സംസ്കാരം ഇതാണോ എന്നത് എ ഐ സി സി വ്യക്തമാക്കണമെന്നും എംവി ജയരാജൻ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം
'ഇപ്പോൾ കോൺഗ്രസിന്റെ നിലവാരം എത്രമാത്രമെന്നതിന്റെ വ്യക്തതയാണ് മുഖ്യമന്ത്രിക്കെതിരെ, കെപിസിസി പ്രസിഡന്റ് നടത്തിയ പരാമർശം വ്യക്തമാക്കുന്നത്. അദ്ദേഹത്തെ പഠിപ്പിച്ച അധ്യാപകർ ജീവിച്ചിരിപ്പുണ്ടെങ്കിൽ, ലജ്ജിച്ച് തലതാഴ്ത്തുന്നുണ്ടാകും.! ഇനി ഭരണത്തിൽ എത്താൻ കഴിയില്ലെന്ന തിരിച്ചറിവ്, കോൺഗ്രസ്സ് നേതാക്കളുടെ സമനില തന്നെ തെറ്റിച്ചിരിക്കുന്നു എന്ന നിലയിലാണ് കാര്യങ്ങൾ എത്തിനിൽക്കുന്നത്. പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ വ്യാജ ആക്രമണക്കഥയുടെ പച്ചനുണ പ്രചരിപ്പിച്ചപ്പോൾ, കെപിസിസി പ്രസിഡന്റിന്റെ നാക്കിൽ നിന്നും തനി തോന്ന്യാസമാണ് പുറത്തേക്ക് വന്നത്. എന്തും പറയും വിധം കോൺഗ്രസ്സ് സംസ്കാരം KPCC പ്രസിഡന്റ് ഇത്രകാണ്ട് അധഃപ്പതിപ്പിച്ചിരിക്കുന്നു.
സ്വാതന്ത്ര്യാനന്തരം കോൺഗ്രസ്സ് പിരിച്ചുവിടണമെന്ന് മഹാത്മജി അഭിപ്രായപ്പെട്ടിരുന്നു. അധികാര രാഷ്ട്രീയത്തിലേക്ക് നീങ്ങുന്ന ഘട്ടത്തിൽ, ഇനി സ്വാതന്ത്ര്യ സമരങ്ങൾ ഏറ്റെടുത്ത കോൺഗ്രസിന് പ്രസക്തിയില്ല എന്ന നിലയിലാണ് ഗാന്ധിജി അങ്ങനെ പറഞ്ഞതെന്നും ചരിത്രം നമ്മളെ പഠിപ്പിച്ചു. ഇന്നത്തെ കോൺഗ്രസ്സ്, സ്വാതന്ത്ര്യ ഘട്ടത്തിലെ കോൺഗ്രസിന്റെ നിഴൽ പോലുമല്ലെന്നത് ആരും സമ്മതിക്കും. എന്തിന്, നെഹ്‌റു ഉയർത്തിപ്പിടിച്ച മതനിരപേക്ഷ - സോഷ്യലിസ്റ്റ് നയത്തിൽ നിന്നുപോലും കോൺഗ്രസ്സ് വല്ലാതെ മാറി എന്നത് മതനിരപേക്ഷ പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന കോൺഗ്രസിനുള്ളിലുള്ളവരുടേയും കടുത്ത വിമർശനമാണ്.
'തനിക്ക് തോന്നിയാൽ, ബിജെപിയിൽ പോകും ' എന്ന് പറയുന്ന നേതാവ് കോൺഗ്രസിനെ നയിക്കുന്ന കാലമാണിത്. ഗാന്ധിജി അന്നേ, കോൺഗ്രസ്സ് പിരിച്ചു വിടണം" എന്ന് പറഞ്ഞപ്പോൾ ഇത്രയും പ്രതീക്ഷിച്ചുകാണില്ല. "എനിക്ക് കോൺഗ്രസുകാരനായി മരിക്കാനായിരുന്നു ആഗ്രഹം ; എന്നാൽ, ഞാൻ മരിക്കും മുമ്പേ കോൺഗ്രസ് മരിച്ചുപോയി" എന്ന് വർഷങ്ങൾക്ക് മുമ്പ് സുകുമാർ അഴിക്കോട് പ്രതികരിച്ചതും ഇവിടെ ചേർത്തുവായിക്കണം.
വിവരം കെട്ടവനെ കെ പി സി സി പ്രസിഡന്റായി ചുമന്ന്, വിവരക്കേടിന്റെ അഗാധ ഗർത്തിൽ ഇന്നത്തെ കോൺഗ്രസ്സ് പതിച്ചിരിക്കുന്നു. കോൺഗ്രസ്സ് ഇന്ന് CONGRSS ആയിരിക്കുന്നു. കേന്ദ്ര ബിജെപി സർക്കാർ കേരളത്തോട് ശത്രുതാ മനോഭാവത്തോടെ പെരുമാറുമ്പോൾ മൗനത്തിലൊളിക്കുന്ന സുധാകരൻ, നാടിന്റെ മുഖ്യമന്ത്രിക്കെതിരെ തനി തോന്ന്യവാസം പറയുകയുമാണ്. കോൺഗ്രസ്സ് സംസ്കാരം ഇതാണോ എന്നത് എ ഐ സി സി വ്യക്തമാക്കണം.
- എം വി ജയരാജൻ












Click it and Unblock the Notifications