പരസ്പര സ്‌നേഹവും സൗഹാര്‍ദ്ദവും നിലനിര്‍ത്തുന്ന കുടുംബങ്ങളിലാണ് സമാധാനം -എംഎല്‍എ
കാസര്‍കോട്: പരസ്പര സ്‌നേഹവും സൗഹാര്‍ദ്ദവും നിലനിര്‍ത്തുന്ന കുടുബങ്ങളിലാണ് സമാധാനവും സന്തോഷവും നിലനില്‍ക്കുന്നതെന്ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ പറഞ്ഞു. മയക്കുമരുന്നും ലഹരി പദാര്‍ത്ഥങ്ങളും വ്യാപകമാകുന്ന ഇക്കാലത്ത് ഇത്തരം പ്രവണതകള്‍ക്കെതിരെ വീടുകളില്‍ നിന്ന് ജാഗ്രതയുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. അടക്കയാകുമ്പോള്‍ കീശയിലൊതുങ്ങുമെന്നും അത് കവുങ്ങായി മാറിയാല്‍ കീശയിലൊതുങ്ങില്ലെന്നും എം.എല്‍.എ ഓര്‍മ്മിപ്പിച്ചു.
നായന്മാര്‍മൂലയിലെ പൗരപ്രമുഖനും നായന്മാര്‍മൂല ബദര്‍ ജുമാമസ്ജിദിന്റെയും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സ്ഥാപകരായ സഹോദരന്മാരില്‍ ഒരാളുമായ ബി. അബ്ദുല്‍ റഹ്മാന്‍ എന്ന അന്ത്രുച്ച കുടുംബത്തിന്റെ സംഗമം മാന്യ വിന്‍ടച്ചില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്‍.എ അബ്ദുല്‍ റഹ്മാന്‍ ഹാജി അധ്യക്ഷത വഹിച്ചു.

വിദ്യാഭ്യാസ പ്രവര്‍ ത്തകനും കുടുംബാംഗവുമായ എന്‍.എ അബൂബക്കര്‍ ഹാജി മുഖ്യപ്രഭാഷണം നടത്തി. മുന്‍മന്ത്രി സി.ടി അഹമ്മദലി, ബദര്‍ ജമാഅത്ത് സെക്രട്ടറി ബഷീര്‍ ഹാജി, എന്‍.എ മഹ്മൂദ് ഹാജി, ഹാരിസ് സി.എച്ച്., മുനീര്‍ സി.കെ, ബഷീര്‍ എസ്.പി, അബ്ദുല്ല എ.എന്‍, സലിം സര്‍വ സംസാരിച്ചു. വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവരെ ചടങ്ങില്‍ ആദരിച്ചു. കലാ-കായിക മത്സരങ്ങളും അരങ്ങേറി. മുഹമ്മദലി സി.കെ, കെ.എസ് മഹ്മൂദ്, ഷാഫി കൊല്ലമ്പാടി, ഷരീഫ് കാപ്പില്‍, ഡോ. റഹിം കടവത്ത്, അന്‍സാര്‍ വോള്‍ഗ നേതൃത്വം നല്‍കി. ഷംസുദ്ദീന്‍ നുള്ളിപ്പാടി സ്വാഗതവും റഹിം ചൂരി നന്ദിയും പറഞ്ഞു.












Click it and Unblock the Notifications