നബിദിനം സെപ്റ്റംബര്‍ 28 ന്: സർക്കാർ അവധി പ്രഖ്യാപിച്ചത് 27 ന്, മാറ്റമുണ്ടാകുമോ?
കോഴിക്കോട്: ഈ വർഷത്തെ നബിദിനം ഈ മാസം 28 ന് ആഘോഷിക്കും. ഇക്കഴിഞ്ഞ ശനിയാഴ്ച റബീഉല്‍ അവ്വല്‍ മാസപ്പിറവി കണ്ടതായി വിവരം ലഭിക്കാത്തതിന്‍റെ അടിസ്ഥാനത്തില്‍ ഞായറാഴ്ച റബീഉല്‍ അവ്വല്‍ ഒന്നും അതനുസരിച്ച് 28ന് നബിദിനവും ആയിരിക്കുമെന്ന് ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്‍റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍, കാന്തപുരം എ. പി. അബൂബക്കർ മുസ്‌ലിയാർ, സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി, പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയിലൂടെ അറിയിക്കുകയായിരുന്നു.

അന്ത്യപ്രവാചകനായ മുഹമ്മദ് നബിയുടെ ജന്മദിനമാണ് ഇസ്ലാം മത വിശ്വാസികള്‍ നബിദിനമായി ആഘോഷിക്കുന്നത്. എ ഡി 571 ല്‍ മക്കയില്‍ ജനിച്ച പ്രവാചകന്‍ മുഹമ്മദ് നബിയുടെ 1497ആം ജന്മദിനമാണ് വരാന്‍ പോവുന്നത്. ഹിജ്റ വര്‍ഷ പ്രകാരം റബീഉല്‍ അവ്വല്‍മാസം 12നാണ് പ്രവാചകന്റെ ജന്മദിനം. നബിദിനത്തിന്‍റെ ഭാഗമായി വിവിധ മതസംഘടനകളുടെ നേതൃത്വത്തില്‍ സംസ്ഥാനത്തുടനീളം വിപുലമായ ആഘോഷ പരിപാടികള്‍ നടക്കും.
മുഹമ്മദ് നബി മരണപ്പെട്ടതും അറുപത്തിമൂന്നാം വയസ്സില്‍ ഇതെ ദിവസം തന്നെയാണ്. ഖുറാന്‍ പാരായണം സ്വലാത്തുകള്‍, ഇസ്ലാമിക കലാ സദസ്സുകള്‍ , നബി ചരിത്ര വിവരണം,പ്രകീര്‍ത്തനം , മത പ്രസംഗം , അന്നദാനം, അഗതികളെയും രോഗികളെയും സഹായിക്കല്‍, ദരിദ്രര്‍ക്കുള്ള വസ്ത്ര വിതരണം , ഭക്ഷണ വിതരണം, ദാനധര്‍മ്മങ്ങള്‍ , ഘോഷയാത്രകള്‍ എന്നിങ്ങനെ വ്യത്യസ്തമായ രീതികളിലാണ് നബി ദിനം ആഘോഷിക്കാറുള്ളത്.
സുന്നികളും ഷിയകളും ഒരേ മാസത്തിലെ വ്യത്യസ്ത ദിവസങ്ങളില്‍ നബിദിനം ആഘോഷിക്കുന്നത് എന്നതാണ് ശ്രദ്ധേയം. റബിഉല്‍ അവ്വല്‍ മാസത്തിലെ പന്ത്രണ്ടാം ദിവസം സുന്നികള്‍ നബിദിനം ആചരിക്കുമ്പോള്‍, ഷിയാകള്‍ മാസത്തിലെ 17ാം ദിവസമാണ് ആഘോഷിക്കുന്നത്. അതേസമയം ജമാഅത്തെ ഇസ്ലാമി, മുജാഹിദ് വിഭാഗങ്ങള്‍ നബിദിനം ആഘോഷിക്കാറില്ല. പ്രവാചകന്‍ മുഹമ്മദിന്റെയോ അനുചരരുടെയോ ജീവിത കാലത്ത് ഇത്തരം ആഘോഷം നടന്നിട്ടില്ലാത്തതിനാല്‍ നബിദിനം നിഷിദ്ധമാണെന്നാണ് ഇവരുടെ വിശ്വാസം. അതേസമയം 27 നാണ് സംസ്ഥാനത്ത് നബിദിന അവധി ദിനമായി തീരുമാനിച്ചിരിക്കുന്നത്. ഇതില്‍ മാറ്റമുണ്ടാകുമോയെന്നാണ് ഏവരും നോക്കുന്നത്.












Click it and Unblock the Notifications