നാദാപുരം പീഡനം: പേരോട് അബ്ദുറഹ്മാന് സഖാഫിക്കെതിരെ കേസെടുക്കണമെന്ന്
കോഴിക്കോട്: നാദാപുരത്തെ പാറക്കടവ് ദാറുല്‍ ഹുദാ സ്കൂളിലെ എല്‍കെജി വിദ്യാര്‍ത്ഥിനി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ പേരോട് അബ്ദുറഹ്മാന് സഖാഫിയെ ചോദ്യം ചെയ്യണം എന്നാവശ്യം. സുന്നി യുവജന സംഘം നേതാക്കളാണ് ഈ ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. പെണ്‍കുട്ടിയെ കുറിച്ച് മോശമായ പരാമര്‍ശങ്ങള്‍ നടത്തിയ സഖാഫിക്കെതിരെ കേസെടുക്കണം എന്നും ആവശ്യം.
സിറാജുല്‍ ഹുദ ട്രസ്റ്റിന്റെ ജനറല്‍ സെക്രട്ടറിയായ പേരോട് അബ്ദുറഹ്മാന് സഖാഫി, പ്രമുഖ മത പണ്ഡിതനും ആണ് . സ്കൂള്‍ അധികൃതരെ ന്യായീകരിച്ചുകൊണ്ടുള്ള സഖാഫിയുടെ പ്രസംഗം കഴിഞ്ഞ ദിവസം വിവാദമായിരുന്നു.
Read More: നാദാപുരം പീഡനം: പേരോട് അബ്ദുറഹ്മാന് സഖാവിയുടെ ന്യായങ്ങള്‍...
അബ്ദുറഹ്മാന് സഖാഫിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണം എന്നാണ് ആവശ്യം. കേസില്‍ പ്രതികളെ രക്ഷപ്പെടുത്താന്‍ ഉന്നതല ഗൂഢാലോചന നടക്കുന്നുണ്ടെന്നും ഒരു വിഭാഗം സുന്നി നേതാക്കള്‍ ആരോപിക്കുന്നുണ്ട്. സഖാഫിയെ ചോദ്യം ചെയ്താലെ ഗൂഢാലോചന പുറത്ത് വരൂ എന്നാണ് ഇവര്‍ പറയുന്നത്.
അബ്ദുറഹ്മാന് സഖാഫിക്കെതിരെ കേസെടുക്കണം എന്നും ഒരു വിഭാഗം ആവശ്യപ്പെടുന്നുണ്ട്. വാട്സ് ആപ്പില്‍ പ്രചരിക്കുന്ന സഖാഫിയുടെ പ്രസംഗം പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയെ വാക്കുകള്‍ കൊണ്ട് വീണ്ടും പീഡിപ്പിക്കുന്നതാണെന്നാണ് ആരോപണം.
നാല് വയസ്സുകാരിയായ പെണ്‍കുട്ടിയാണ് സ്കൂളില്‍ പീഡിപ്പിക്കപ്പെട്ടത്. ബസ് ക്ലീനറായ യുവാവിനെയായിരുന്നു ഇത് സംബന്ധിച്ച് പോലീസ് ആദ്യം പിടികൂടിയത്. എന്നാല്‍ ഇയാളല്ല പ്രതിയെന്ന് പിന്നീട് തെളിഞ്ഞു. സകൂളിലെ മതപഠന വിദ്യാര്‍ത്ഥികളാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്നാണ് വിവരം.