നാദാപുരം പീഡനം; വിവരങ്ങള്‍ ചോര്‍ത്തിയ പോലീസുകാരനെ സ്ഥലംമാറ്റി
കോഴിക്കോട്: പാറക്കടവ് ദാറുല്‍ ഹുദാ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ എല്‍കെജി വിദ്യാര്‍ഥിനി പീഡിപ്പിക്കപ്പെട്ടതുമായി ബന്ധപ്പെട്ട കേസില്‍ സ്‌കൂള്‍ മാനേജ്‌മെന്റിന് അനുകൂലമായി രേഖകള്‍ ചോര്‍ത്തിയ പോലീസുകാരനെ സ്ഥലം മാറ്റി. കുറ്റിയാടിക്കടുത്ത വേളം സ്വദേശിയുമായ മജീദിനെയാണ് സ്ഥലം മാറ്റിയത്. നാദാപുരം പോലീസ് സ്‌റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറായ മജീദിനെ വടകര പോലീസ് സ്‌റ്റേഷനിലേക്ക് സ്ഥലം മാറ്റുകയായിരുന്നു.
സ്‌കൂള്‍ മാനേജ്‌മെന്റിന് സഹായകരമാകുന്ന അന്വേഷണ രേഖകള്‍ മജീദ് ചോര്‍ത്തി നല്‍കിയെന്ന് പോലീസുകാര്‍ തന്നെ ആരോപിച്ചിരുന്നു. ഇതേതുടര്‍ന്ന് നാദാപുരം സിഐ എ.എസ് സുരേഷ്‌കുമാര്‍ എഡിജിപി എന്‍.ശങ്കര്‍ റെഡിക്കും റൂറല്‍ എസ്പി പി.എച്ച് അഷ്‌റഫിനും നല്‍കിയ പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്തിയശേഷമാണ് മജീദിനെ സ്ഥലംമാറ്റാന്‍ തീരുമാനിച്ചത്.

കേസില്‍ നേരത്തെ പോലീസ് കസ്റ്റഡിയിലെടുത്ത ബസ് ക്ലീനര്‍ മുനീറിന്റെ കുറ്റസമ്മത മൊഴി അടങ്ങുന്ന സിഡിയും മജീദ് പോലീസ് സ്‌റ്റേഷനില്‍ നിന്നും കടത്തിയിരുന്നു. കേസ് അന്വേഷണത്തിന് താത്കാലികമായെത്തിയ ഡിവൈഎസ്പിയുടെ നിര്‍ദ്ദേശപ്രകാരമാണ് തെളിവുകള്‍ ചോര്‍ത്തിയതെന്നാണ് വിവരം. ഇതിന് പിന്നാലെയാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറാന്‍ ആഭ്യന്തരവകുപ്പ് തീരുമാനിച്ചത്.
അറസ്റ്റിലായ പ്രതികളെ രക്ഷിക്കാനായി ചിലര്‍ അന്വേഷണ ഉദ്യോഗസ്ഥരെ സ്വാധീനിച്ചതായും ആരോപണമുണ്ട്. ലക്ഷക്കണക്കിന് പണം വാഗ്ദാനം ചെയ്തായിരുന്നു ഉദ്യോഗസ്ഥരെ സ്വാധീനിക്കാന്‍ ശ്രമിച്ചത്. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവും ബന്ധുക്കളുമാണ് ഇതുസംബന്ധിച്ച് ആരോപണമുന്നയിച്ചത്.












Click it and Unblock the Notifications