നാദാപുരം കൊല: സിപിഎം തരിച്ചടിക്കാനൊരുങ്ങുന്നു, കലാപ സാധ്യത
നാദാപുരം: സിപിഎം-മുസ്ലീം ലീഗ് സംഘര്‍ഷങ്ങള്‍ക്ക് പേര് കേട്ട നാദാപുരത്ത് സംഘര്‍ഷം പടര്‍ന്നേക്കുമെന്ന് സൂചന. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ കൊലപാതകത്തിന് സിപിഎം പകരം ചോദിക്കാനൊരുങ്ങുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
വെള്ളൂര്‍ പടയംകണ്ടി സ്വദേശി ഷിബിന്‍ ആണ് കഴിഞ്ഞ ദിവസം ഉണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ആറ് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ രണ്ട് പേരുടെ സ്ഥിതി ഗുരുതരമാണ്. ഇവര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

മുസ്ലീം ലീഗുകാരനായ തയ്യംപാടി ഇസ്‌മൈല്‍ മുനീര്‍ എന്ന ആളുടെ നേതൃത്വത്തിലാണ് ആക്രമണം നടത്തിയതെന്നാണ് സിപിഎം ആരോപിക്കുന്നത്. ഇസ്‌മൈല്‍ മുനീര്‍ പോലീസിന്റെ ഗുണ്ടാലിസ്റ്റിലുള്ള ആളാണ്.
മുനീറിനെ ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതിനെതിരെ നാദാപുരം മേഖലയില്‍ മുസ്ലീം ലീഗിന്റെ നേതൃത്വത്തില്‍ ശക്തമായ പ്രക്ഷോഭം നടത്തിയിരുന്നു. പാര്‍ട്ടിക്ക് വഴങ്ങാത്ത നേതാവാണ് ഇസ്‌മൈയില്‍ എന്നും റിപ്പോര്‍ട്ടുകളുണ്ട്. നാദാപുരത്തിന്റെ പ്രത്യേക സാഹചര്യത്തില്‍ മുസ്ലീം ലീഗിനുള്ളില്‍ ഇസ്‌മൈലിനെ പിന്തുണക്കുന്നവര്‍ ഏറെയാണത്രെ.

പ്രാദേശികമായ വിഷയങ്ങളാണ് പലപ്പോഴും നാദാപുരത്ത് സംഘര്‍ഷം സൃഷ്ടിക്കാറ്. ഇത്തവണ അത് കൊലപാതകത്തിയപ്പോള്‍ സ്ഥിതിഗതികള്‍ നിയന്ത്രണാതീതമാകുമോ എന്നാണ് നാട്ടുകാര്‍ ഭയക്കുന്നത്. സിപിഎം തിരിച്ചടിക്കൊരുങ്ങിയാല്‍ നാട്ടില്‍ കലാപം തന്നെ പൊട്ടിപ്പുറപ്പെടുമെന്നാണ് ഭയം.
രാഷ്ട്രീയത്തിനപ്പുറം നാദാപുരത്തെ സംഘര്‍ഷങ്ങള്‍ക്ക് പലപ്പോഴും വര്‍ഗ്ഗീയ സ്വഭാവമുണ്ടെന്നും ആക്ഷേപമുണ്ടായിരുന്നു. നാദാപുരം, വടകര മേഖലകളില്‍ ജനുവരി 23 ന് സിപിഎം ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.












Click it and Unblock the Notifications