ഈ ഡിജിപി കേരള പോലീസിന്റെ തലവനല്ലേ.... യുഎപിഎ കേസില്‍ നദി ആറാം പ്രതിയല്ല, ഇപ്പോള്‍ മൂന്നാം പ്രതി
ആറളം ഫാമില്‍ ആദിവാസികളെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി എന്ന കേസില്‍ തന്നെ പോലീസ് ഇപ്പോള്‍ മൂന്നാം പ്രതിയാക്കിയിരിക്കുകയാണ് എന്നാണ് നദി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്
കോഴിക്കോട്: ആറളം ഫാമില്‍ മാവോയിസ്റ്റ് സംഘം ആദിവാസികളെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന കേസില്‍ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകനും ആക്ടിവിസ്റ്റും ആയ നദീര്‍ മൂന്നാം പ്രതിയെന്ന് റിപ്പോര്‍ട്ട്. നദീര്‍ തന്നെയാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
നദീറിനെതിരെ തെളിവില്ലെന്ന് പറഞ്ഞ് നേരത്തെ വിട്ടയച്ച കേസ് ആയിരുന്നു ഇത്. എന്നാല്‍ പിന്നീട് പോലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നദീര്‍ എന്ന നദി ആറാം പ്രതിയായിരുന്നു. ഡിജിപി ലോക്‌നാഥ് ബെഹ്‌റ നേരത്തെ പറഞ്ഞ കാര്യങ്ങള്‍ക്കെല്ലാം വിരുദ്ധമായിട്ടായിരുന്നു പോലീസിന്റെ റിപ്പോര്‍ട്ട്.
ആറാം പ്രതിയായിരുന്ന നദി ഇപ്പോള്‍ കേസിലെ മൂന്നാം പ്രതിയായി മാറിയിരിക്കുകയാണ്. നദിയെ ആസിവാസി സ്ത്രീ തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് പോലീസിന്റെ വാദം. എന്നാല്‍ നദിയ്ക്ക് പറയാനുള്ള കാര്യങ്ങള്‍ കൂടി ഇതില്‍ കേട്ടേ മതിയാവൂ.

ജീവിതത്തില്‍ ഇതുവരെ ആറളം എന്ന സ്ഥലത്ത് വെറുതേ യാത്ര പോലും പോകാത്ത ആളാണ് താന്‍ എന്നാണ് നദി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നത്. എന്നാല്‍ നദി ഇപ്പോള്‍ രാജ്യദ്രോഹം, യുഎപിഎ, ആംസ് ആക്ട് ഉള്‍പ്പെടെയുള്ള കേസിലെ പ്രതിയാണ്.

താന്‍ എങ്ങനെ പ്രതിയായി എന്ന ചോദ്യം നദി ചോദിക്കുന്നുണ്ട്. അതിന് പോലീസില്‍ നിന്ന് കിട്ടുന്ന മറുപടി പ്രകാരം രജനി എന്ന ആദിവാസി സ്ത്രീ തിരിച്ചറിഞ്ഞു എന്നതാണ്. അത് എങ്ങനെയെന്നൊന്നും ചോദിക്കരുത് എന്നാണ് നദി പറയുന്നത്.

പോലീസ് തയ്യാറാക്കിയ തിരക്കഥയില്‍ 2015 എന്നോ ഫേസ്ബുക്കില്‍ അപ് ലോഡ് ചെയ്ത ഫോട്ടോ ഉള്‍പ്പെടുത്തുകയും അതില്‍ സാദൃശ്യം തോന്നി ഇങ്ങനെ ഒരാളും സംഘത്തില്‍ ഉണ്ടായിരുന്നു എന്ന ഉത്തരമായിരിക്കും ലഭിക്കുക എന്നാണ് നദി പറയുന്നത്.

നീതി ലഭിക്കാന്‍ ഓരോ വഴികളിലും അലയുന്നുണ്ട്. രാഷ്ട്രീയ നേതാക്കളേയും ചെറുതും വലുതും ആയ ഒരു പാട് സംഘടനകളുടെ പ്രതിനിധികളേയും കാണുന്നുണ്ട്. എല്ലാം ഒറ്റയ്ക്ക് തന്നെ, ഗതികേട് കൊണ്ടാണെന്ന് നദി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഒരു സംഘടനയിലും പ്രവര്‍ത്തിക്കാത്ത തന്നെപ്പോലെ ഒരാള്‍ക്ക് ഇത്രയും ഇത്രയും വലിയ നിയമക്കുരുക്കില്‍ നിന്ന് രക്ഷപ്പെടണം എങ്കില്‍ ഒരുപാട് കാലുകളില്‍ അഭയം പ്രാപിക്കേണ്ടിവരും എന്നറിയാം. എങ്കിലും തനിക്ക് ധൈര്യമുണ്ട് എന്നാണ് നദി പറയുന്നത്.

വാടക വീട്ടില്‍ താമസിക്കുന്ന എന്റെ വീട്ടുകാരേയും അവര്‍ പട്ടിണി ആകാതിരിക്കാനുള്ള ഒടുക്കത്തെ സ്വാര്‍ത്ഥത കൊണ്ടും തന്നെയാണ് ആ ധൈര്യം എന്നാണ് നദി പറയുന്നത്. നദിയെ കസ്റ്റഡിയില്‍ നിന്ന് വിട്ടയച്ചിതിന് പിറകേ വീട്ടില്‍ പോലീസ് റെയ്ഡ് നടത്തിയിരുന്നു.

തിരുവനന്തപുരത്ത് ചെന്ന് എല്ലാവരേയും കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്താനുള്ള യാത്രയ്ക്ക് മുമ്പാണ് നദി ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യങ്ങള്‍ പറഞ്ഞത്. ഭരണകൂടം തന്നെ കേള്‍ക്കാനും നിരപരാധിത്വം മനസ്സിലാക്കി കൂടെ നില്‍ക്കാനും തയ്യാറായില്ലെങ്കില്‍ ജയില്‍ എങ്കില്‍ അങ്ങനെ എന്നാണ് നദി പറയുന്നത്.
ഇതാണ് നദിയുടെ ഫേസ്ബുക്ക് പോസ്റ്റ്.












Click it and Unblock the Notifications