പകുതിവില തട്ടിപ്പ്; നജീബ് കാന്തപുരത്തിനെതിരെ വഞ്ചാനകുറ്റത്തിന് കേസ്
മലപ്പുറം: പകുതി വിലയ്ക്ക് സ്‌കൂട്ടറുകളും വീട്ടുപകരണങ്ങളും വാഗ്ദാനം ചെയ്ത് പണംതട്ടിയ സംഭവത്തില്‍ നജീബ് കാന്തപുരം എം എല്‍ എയ്ക്കെതിരെ കേസ്. പെരിന്തല്‍മണ്ണ പൊലീസ് ആണ് എം എല്‍ എയ്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വഞ്ചനാ കുറ്റത്തിനുള്ള വകുപ്പുകള്‍ ആണ് എം എല്‍ എയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്. പുലാമന്തോള്‍ സ്വദേശിനി അനുപമയാണ് പരാതിക്കാരി.
നജീബ് കാന്തപുരവും മറ്റൊരാളും ചേര്‍ന്ന് പകുതി വിലയ്ക്ക് ലാപ്‌ടോപ് തരാം എന്ന് പറഞ്ഞ് പറ്റിച്ചു എന്നാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്. ഭാരതീയ ന്യായ സംഹിതയുടെ 318 (4) , 3(5) വകുപ്പുകള്‍ പ്രകാരമാണ് കേസ്. വാട്സാപ്പിലൂടെയും വാര്‍ത്താക്കുറിപ്പിലൂടെയും നേരിട്ടും പകുതി വിലയ്ക്ക് ലാപ്‌ടോപ് തരാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു എന്നും കഴിഞ്ഞ സെപ്റ്റംബറില്‍ എം എല്‍ എ ഓഫീസില്‍ വെച്ച് 21000 രൂപ കൈപ്പറ്റിയെന്നും പരാതിയില്‍ പറയുന്നു.

നജീബ് കാന്തപുരത്തിന്റെ നേതൃത്വത്തിലുള്ള മുദ്ര ചാരിറ്റബിള്‍ ട്രസ്റ്റ് വഴി അപേക്ഷിച്ച നൂറിലേറെ പേര്‍ പറ്റിക്കപ്പെട്ട വിവരം പുറത്തായിരുന്നു. ഇതോടെ എംഎല്‍എക്കെതിരേ വലിയ രീതിയിലുള്ള പ്രതിഷേധം ഉയര്‍ന്നിരുന്നു. സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍ നിന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ സമഗ്ര അന്വേഷണമാണ് പൊലീസ് നടത്തുന്നത്. പ്രതിയായ അനന്തുകൃഷണനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ഇന്ന് ആലുവ പൊലീസ് ക്ലബില്‍ റേഞ്ച് ഡി ഐ ജിയും റൂറല്‍ എസ് പിയും അനന്തുകൃഷ്ണനെ ഒരുമിച്ച് ചോദ്യം ചെയ്തു. 450 കോടി രൂപയുടെ തട്ടിപ്പാണ് നടന്നത് എന്നാണ് പൊലീസ് നിഗമനം. അനന്തുവിന്റെ നാല് ബാങ്ക് അക്കൗണ്ടുകള്‍ പൊലീസ് മരവിപ്പിച്ചിരിക്കുകയാണ്. എന്നാല്‍ തട്ടിയെടുത്ത പണം ഈ അക്കൗണ്ടുകളില്‍ കണ്ടെത്താനായിട്ടില്ല. പണം എവിടേക്കാണ് പോയത് എന്നതാണ് പൊലീസ് അന്വേഷിക്കുന്നത്.
ബിനാമി അക്കൗണ്ടുകള്‍ ഉണ്ടോ എന്ന കാര്യത്തിലും പൊലീസ് അന്വേഷണം നടക്കുന്നുണ്ട്. ബന്ധുക്കളുടെ പേരിലേക്ക് പണം മാറ്റിയിട്ടുണ്ട് എന്നാണ് വിവരം. ഈ അക്കൗണ്ടുകളും മരവിപ്പിക്കാനുള്ള ശ്രമത്തിലാണ്. തട്ടിപ്പ് പണം ഉപയോഗിച്ച് ഇടുക്കിയിലും പാലായിലും വസ്തുക്കള്‍ വാങ്ങിയതായും വാഹനങ്ങല്‍ വാങ്ങിയതായും അനന്തു മൊഴി നല്‍കിയിട്ടുണ്ട്. കേസിലെ രാഷ്ട്രീയ നേതാക്കളുടെ ഇടപെടലും പരിശോധിക്കുന്നുണ്ട്.
എന്നാല്‍ രാഷ്ട്രീയ നേതാക്കള്‍ക്കോ മറ്റ് വിഐപികള്‍ക്കോ പണം നല്‍കിയതായി അനന്തു സമ്മതിച്ചിട്ടില്ല. അനന്തുവിന്റെ പണമിടപാടുകളും പണം കൈമാറിയതിന്റെ ബാങ്ക് രേഖകളും പൂര്‍ണമായും പരിശോധിച്ച് വ്യക്തത വരുത്തുകയാണ് പൊലീസ്. സംസ്ഥാനത്തുടനീളം പരാതികളുള്ളതിനാല്‍ പ്രത്യേക അന്വേഷണം സംഘം കേസ് ഏറ്റെടുത്തേക്കും.












Click it and Unblock the Notifications