
ക്ലിഫ് ഹൗസിന് ഭീമാകാരമായ മതില്; അതിനും മീതെ മറച്ചുകെട്ടല്‍... ചോദ്യവുമായി നജീബ് കാന്തപുരം
മലപ്പുറം: പുതിയ രാഷ്ട്രീയ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷ വര്‍ധിപ്പിച്ചിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിനും സുരക്ഷ ഇരട്ടിയാക്കിയിട്ടുണ്ട്. വലിയ മതില്‍ക്കെട്ടിനകത്താണ് ക്ലിഫ് ഹൗസ്. ആ മതിലിനും മുകളിലായി മറച്ചുകെട്ടിയിരിക്കുകയാണിപ്പോള്. ഒരു ഈച്ച പോലും പറക്കാത്ത വിധം മറച്ചുവെക്കാന്‍ എന്താണ് ക്ലിഫ് ഹൗസിലുള്ളതെന്ന് ചോദിക്കുകയാണ് പെരിന്തല്‍മണ്ണ എംഎല്‍എയും മുസ്ലിം ലീഗ് നേതാവുമായ നജീബ് കാന്തപുരം. കഴിഞ്ഞ ദിവസം കണ്ട കാഴ്ച സംബന്ധിച്ച് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
മുഖ്യമന്ത്രിയുടെ സുരക്ഷ വര്‍ധിപ്പിച്ചതു കാരണം ജനങ്ങള്‍ പ്രതിസന്ധിയിലായി എന്ന് ഇന്ന് കോട്ടയത്തു നിന്നും വാര്‍ത്തയുണ്ടായിരുന്നു. മുഖ്യമന്ത്രി പങ്കെടുത്ത കോട്ടയത്തെ പരിപാടിയില്‍ പാസ് മൂലമാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് പോലും പ്രവേശനം നല്‍കിയത്. ഇത്രയും സുരക്ഷ വര്‍ധിപ്പിക്കാന്‍ കേരളം പോലുള്ള സംസ്ഥാനത്ത് എന്താണ് സംഭവിക്കുന്നതെന്ന് നജീബ് കാന്തപുരം ചോദിക്കുന്നു. സ്വപ്ന സുരേഷിന്റെ ആരോപണത്തില്‍ കൃത്യമായ അന്വേഷണം നടത്തുന്നതിന് പകരം ആളുകള്‍ക്ക് മുമ്പില്‍ ഇരുമ്പുമറ കെട്ടുകാണ് ചെയ്യുന്നതെന്നും നജീബ് പറയുന്നു. വിവാദത്തില്‍ ഉയര്‍ന്നു കേള്‍ക്കുന്ന ഷാജ് കിരണിനെയും ബിലിവേഴ്സ് ചര്‍ച്ചിന്റെ യോഹന്നാനെയും ചോദ്യം ചെയ്യണമെന്നും നജീബ് പറഞ്ഞു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ....
ഇന്ത്യയ്ക്കൊപ്പം അടിയുറച്ച് നില്ക്കാന് സൗദി; വെട്ടിലായത് ചൈന... ജപ്പാനും കൂടുതല്‍ എണ്ണ നല്‍കും
ഇന്നലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിനരികിലൂടെ യാത്ര ചെയ്തപ്പോള്‍ അല്‍ഭുതപ്പെടുത്തുന്ന ഒരു കാഴ്ച കണ്ടു. ക്ലിഫ് ഹൗസിനു ചുറ്റുമുള്ള ഭീമാകാരമായ മതിലിനും മീതെ അതീവ ഉയരത്തില്‍ മറച്ചു കെട്ടിയിരിക്കുന്നു. ഒരു ഈച്ച പോലും പറക്കാത്ത വിധം മറച്ചു വെക്കാന്‍ മാത്രം എന്താണ് ക്ലിഫ് ഹൗസിനുള്ളില്‍ ?
ഇങ്ങനെ വേലികെട്ടി ജീവിക്കാന്‍ മാത്രം എന്ത് നിഗൂഢതയാണ് ശ്രീ പിണറായി വിജയനുള്ളത് ?
കോട്ടയത്ത് സുരക്ഷാ പ്രശ്നം ഉന്നയിച്ച് പത്രക്കാര്‍ക്ക് പോലും പാസ് ഏര്‍പ്പെടുത്തിയിരിക്കുന്നു.
കേരളം പോലെ ഒരു സംസ്ഥാനത്ത് ഒരു രാഷ്ട്രീയ നേതാവിന് ഇത്തരത്തില്‍ എന്ത് സുരക്ഷാ ഭീഷണിയാണുള്ളത്?
ഇത് രാഷ്ട്രീയമായല്ലെങ്കില് ഇപ്പറയപ്പെട്ട ആരോപണങ്ങളെല്ലാം ഗൗരവമായി കാണണം.
മുഖ്യമന്ത്രി ഭയക്കുന്നത് പ്രതിഷേധക്കാരെയല്ല, മറ്റാരെയോ ആണെന്ന് സംശയിച്ചു കൂടെ.
അത് ഒഴിവാകണമെങ്കില്‍
ഇപ്പോള്‍ അടിയന്തരമായി ചോദ്യം ചെയ്യേണ്ടത് ഷാജ് കിരണിനെയാണ്. ബിലീവേഴ്സ് ചര്‍ച്ചിന്റെ യോഹന്നാനെയാണ്. കണ്ടെത്തേണ്ടത് മുഖ്യമന്ത്രിക്ക് ഇവരുമായി ഉണ്ടെന്ന് ആരോപിക്കപ്പെട്ട അവിശുദ്ധ ബന്ധമാണ്.
അല്ലാതെ ആളുകള്‍ക്ക് മുമ്പിലും ജനപ്രതിനിധികള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുമ്പിലും ഇരുമ്പ് മറ കെട്ടുകയല്ല വേണ്ടത്.