പെരുവഴിയിലെ അവശത, വൃദ്ധസദനത്തിലെ നീണ്ട നാലു വര്‍ഷം; നാനാജി മഹാരാഷ്ട്രയിലേക്ക് തിരിച്ചുപോയി
കോഴിക്കോട്: ഉറ്റവരും ഉടയവരും ഇല്ലാതെ അനാഥനായി ജീവിച്ച മഹാരാഷ്ട്ര സ്വദേശി നാനാജി ജിലാല്‍ പട്ടേല്‍ എന്ന വസന്ത് ജിലാല്‍ പട്ടേലിനെ തേടി കുടുംബമെത്തി. നാല് വര്‍ഷം മുന്‍പാണ് കോഴിക്കോട് പെരുവയല്‍ പള്ളിത്താഴത്തു നിന്നും നാനാജിയെ അവശ നിലയില്‍ കണ്ടെത്തിയത്. സാമൂഹ്യ നീതി വകുപ്പ് ഓഫിസറുടെ നിര്‍ദ്ദേശ പ്രകാരം ഇദ്ദേഹത്തെ സര്‍ക്കാര്‍ വൃദ്ധ സദനത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
നാനാജിയുടെ ബന്ധുക്കളെ കണ്ടെത്താന്‍ നിരന്തര ശ്രമം ഉണ്ടായെങ്കിലും സാധിച്ചിരുന്നില്ല. വ്യക്തമല്ലാത്ത മറാഠി ഭാഷയില്‍ സംസാരിച്ചിരുന്ന നാനാജിയില് നിന്നും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായത് കേന്ദ്ര ആഭ്യന്തര വകുപ്പിലെ റിട്ടയേര്‍ഡ് ഉദ്യോഗസ്ഥനും സാമൂഹിക പ്രവര്‍ത്തകനുമായ ശിവന് നടത്തിയ ശ്രമത്തിലൂടെയാണ്.
മഹാരാഷ്ട്ര ജലഗോ ജില്ലയിലെ അഡ്ഗോന് സ്വദേശിയാണെന്നും യഥാര്‍ത്ഥ പേര് വസന്ത് ജിലാല്‍ പാട്ടീല്‍ എന്നാണെന്നും പിന്നീട് മനസിലായി. ജൂലാല്‍ പാട്ടീല്‍, ആലങ്ങാ ഭായ് ദമ്പതികളുടെ മകനാണെും നാല് കുട്ടികളുടെ പിതാവാണെും മനസിലായി. പിതാവ് കാതങ്ങള്‍ അകലെ വൃദ്ധസദനത്തല് ആണെന്നറിഞ്ഞ മക്കള്‍ മുന്‍കൈയെടുത്ത് നാനാജിയെ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. മകന് അരുണ്‍ ജിലാല്‍ പാട്ടീലും ബന്ധുക്കളും വൃദ്ധസദനത്തിലെത്തിയിരുന്നു. കുടുംബത്തെ കണ്ട നാനാജി ആഹ്ലാദഭരിതനായി. താമസക്കാരുടെ നേതൃത്വത്തില്‍ നാനാജിക്ക് ഹൃദ്യമായ യാത്രയയപ്പും നല്കി. വൃദ്ധസദനം സൂപ്രണ്ട് സിദ്ധിഖ് ചൂണ്ടക്കാടന്‍, ജില്ലാ സാമൂഹ്യ നീതി സീനിയര്‍ സൂപ്രണ്ട് സാദിഖ്, ശിവന് എന്നിവര്‍ സംസാരിച്ചു.