തലസ്ഥാനത്തെത്തുന്ന സ്ത്രീകള്‍ ഇനി 'ആ ദിവസത്തെ' പേടിയ്ക്കേണ്ട
തിരുവനന്തപുരം: ആയിരക്കണക്കിന് സ്ത്രീകള്‍ നിരന്തരം വന്ന് പോകുന്ന നഗരമാണ് തിരുവനന്തപുരം. തലസ്ഥാന നഗരിയായതിനാല്‍ തന്നെ പല ആവശ്യങ്ങള്‍ക്കും വേണ്ടി ഓഫീസുകളില്‍ എത്തുന്ന സ്ത്രീകളുടെ എണ്ണവും കുറവല്ല. ഇതിന് പുറമെ നല്ലൊരു ശതമാനം ഉദ്യോഗസ്ഥമാരും വിദ്യാര്‍ഥിനികളുമൊക്കെ ഈ കൂട്ടത്തിലുണ്ട്. എന്നാല്‍ സ്ത്രീകള്‍ ഇത്തരത്തില്‍ എത്തുന്ന നഗരത്തില്‍ ആ ദിനത്തെ ശരിയ്ക്കും അവര്‍ പേടിച്ചിരുന്നു. ഏത് ദിനമെന്ന് ചോദിച്ചാല്‍ ആര്‍ത്തവ ദിനം തന്നെ.
അപ്രതീക്ഷിതമായി ആര്‍ത്തവം ഉണ്ടായാല്‍ ചുറ്റി പോകുന്ന അവസ്ഥയാണ്. നാപ്കിന്‍ ലഭിയ്ക്കുക പല ഓഫീസുകളിലും കൊളെജുകളിലും മറ്റ് പൊതു സ്ഥാപനങ്ങളിലും അത്ര എളുപ്പമല്ല. എന്നാല്‍ നഗരത്തിലെത്തുന്നവര്‍ക്ക് ഇനി അത്തരമൊരു ബുദ്ധിമുട്ട് ഉണ്ടാകാതിരിയ്ക്കാന്‍ നഗരസഭ തന്നെ മുന്നിട്ടിറങ്ങി. സ്ത്രീകള്‍ കൂടുതലും എത്തുന്ന സ്ഥലങ്ങള്‍ കണ്ടെത്തി 25 യൂണിറ്റ് നാപ്കിന്‍ വെന്‍ഡിംഗ് മെഷീനുകളും ഇന്‍സിനറേറ്ററുകളും സ്ഥാപിയ്ക്കുകയാണ് നഗരസഭ. പദ്ധതിയുടെ ഉദ്ഘാടനം കഴിഞ്ഞ ദിവസം നടന്നു.

അഞ്ച് രൂപ നാണയം നിക്ഷേപിച്ചാല്‍ ഒരു നാപ്കിന്‍ ലഭിയ്ക്കും. മുക്കാല്‍ മണിയ്ക്കൂറിനുള്ളില്‍ 30 നാപ്കിനുകള്‍ കത്തിച്ച് കളയാന്‍ ശേഷിയുള്ള ഇന്‍സിനറേറ്ററുകളും പദ്ധതി പ്രകാരം സ്ഥാപിയ്ക്കുന്നുണ്ട്. സെക്രട്ടറിയേറ്റ്, പിഎസ് സി, പബഌക് ഓഫീസ്, സ്വരാജ് ഭവന്‍, വൈദ്യുതി ഭവന്‍, വഴുതക്കാട് വിമെന്‍സ് കൊളെജ്, നീറമണ്‍കര എന്‍എസ്എസ് വനിത കൊളെജ്, കൈമനം വനിത പോളിടെക്‌നിക് കൊളെജ്, കോര്‍പറേഷന്‍ ആസ്ഥാന ഓഫീസ്, ഫോര്‍ട്ട് സോണല്‍ ഓഫീസ്, പിഎംജി എസ്സി എസ്ടി വനിത ഹോസ്റ്റല്‍, ശ്രീകണ്‌ഠേശ്വരം വനിത ഹോസ്റ്റല്‍ എന്നിവിടങ്ങളിലാണ് മെഷീനുകള്‍ സ്ഥാപിയ്ക്കുന്നത്. ഹിന്ദുസ്ഥാന്‍ ലൈഫ് കെയര്‍ ലിമിറ്റഡിനാണ് യന്ത്രങ്ങള്‍ സ്ഥാപിയ്ക്കാനുള്ള ചുമതല.












Click it and Unblock the Notifications