മോദിയ്ക്ക് ഇടതുപക്ഷത്തെ പേടി, ബിജെപിയെ നേരിടേണ്ടത് മൃദുഹിന്ദുത്വം കൊണ്ടല്ല: സിപിഐയുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥി
കണ്ണൂര്‍: ഇടതുപക്ഷത്തിന്റെ പ്രസക്തി വര്‍ധിച്ച് വരുന്ന സമയമാണിതെന്ന് എല്‍ ഡി എഫിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയും സി പി ഐ നേതാവുമായ സന്തോഷ് കുമാര്‍. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് അംഗ ബലം കുറവാണെങ്കിലും പ്രധാനമന്ത്രി നരേന്ദ്രമോദിയും ബി ജെ പിയും കമ്യൂണിസ്റ്റുകാരെ ഭയക്കുന്നുവെന്നതാണ് വസ്തുതയെന്ന് സന്തോഷ് കുമാര്‍ പറയുന്നു. ഇടതുപക്ഷം മുന്നോട്ടു വയ്ക്കുന്ന മതനിരപേക്ഷ കാഴ്ചപ്പാടാണ് ബി ജെ പിയേയും മോദിയേയും ഭയപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ലമെന്റില്‍ ബി ജെ പി നിലപാടുകളെ ശക്തമായി എതിര്‍ത്തു നില്‍ക്കേണ്ടതുണ്ടെന്നും അതിന്റെ ഗൗരവം ഉള്‍ക്കൊണ്ട് പാര്‍ട്ടി ഏല്‍പിച്ച പുതിയ കടമ നിറവേറ്റാന്‍ കഴിയുമെന്നാണു വിശ്വാസമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫാസിസം, നാസിസം എന്നൊക്കെ പറയുന്നത് വെറും വാക്കുകളല്ലെന്നും മനുഷ്യരാശിയുടെ അനുഭവങ്ങളാണെന്നും ആ ചരിത്രത്തിന്റെ അടിസ്ഥാനത്തിലാണ് ആര്‍ എസ് എസ് നിയന്ത്രിക്കുന്ന കേന്ദ്ര ഭരണത്തെ എതിര്‍ക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

പൗരത്വ നിയമ ഭേദഗതി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സൂക്ഷ്മമായി പരിശോധിക്കുമ്പോള്‍ ഫാസിസത്തിന്റെ വഴിയിലൂടെ രാജ്യത്തെ ബോധപൂര്‍വം കൊണ്ടു പോകാനുള്ള നീക്കം നടക്കുന്നുവെന്നാണ് മനസിലാവകുയെന്നും സന്തോഷ് പറയുന്നു. ഇന്ത്യയുടെ ഭരണഘടന പോലും അംഗീകരിക്കാത്ത ആര്‍ എസ് എസ് അങ്ങനെയൊരു നീക്കം നടത്തുന്നതില്‍ അദ്ഭുതപ്പെടാനില്ലെന്നും അദ്ദേഹം പറഞ്ഞു. അത്തരം ഫാസിസ്റ്റ് പ്രവണതകളെ എതിര്‍ക്കണമെന്നും അതിന് മതാടിസ്ഥാനത്തിലുള്ള പ്രതിരോധം പ്രായോഗികമല്ലെന്നും സന്തോഷ് വ്യക്തമാക്കി. അങ്ങനെ ചെയ്യുന്നത് ബി ജെ പിയെ സഹായിക്കുന്ന രാഷ്ട്രീയമാകുമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കി.

ഉത്തര്‍പ്രദേശില്‍ ബി ജെ പിയുടെ വിജയത്തിന് പിന്നില്‍ അസദുദ്ദീന്‍ ഉവൈസിയുടെ ഓള്‍ ഇന്ത്യ മജ്ലിസ് പോലുള്ള പാര്‍ട്ടികള്‍ക്ക് പങ്കുണ്ടെന്നും ബി എസ് പിക്ക് കിട്ടേണ്ട വോട്ടുകള്‍ വിഭജിച്ചു പോയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് തന്നെയാണ് ബി ജെ പി ലക്ഷ്യമിടുന്നതെന്നും സന്തോഷ് പറഞ്ഞു. ഫാസിസത്തെ പ്രതിരോധിക്കേണ്ടത് മതനിരപേക്ഷ കൂട്ടായ്മയാണ് എന്നും അദ്ദേഹം ഊന്നിപറഞ്ഞു. ആം ആദ്മി വലിയ രാഷ്ട്രീയ സമരങ്ങള്‍ നടത്തിയത് കൊണ്ടോ പലകാര്യങ്ങളിലും നിലപാടുള്ളതു കൊണ്ടോ അല്ല വലിയൊരു വിഭാഗം ജനങ്ങളെ ആകര്‍ഷിച്ചതെന്നും അദ്ദേഹം പറഞ്ഞു. സി പി ഐ എമ്മും സി പി ഐയും പോലുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഒരു പരിപാടി മുന്നോട്ടു വച്ചു നീങ്ങുന്ന പാര്‍ട്ടികളാണ്.

ഇടതുപക്ഷത്തെ മാത്രം ശക്തിപ്പെടുത്തി വലിയൊരു മുന്നേറ്റമാക്കിയെടുക്കാന്‍ വലിയ സമയമെടുക്കും. അതൊരു വശത്ത് നടക്കുമ്പോള്‍ തന്നെ മറുവശത്ത് മതനിരപേക്ഷ സ്വഭാവമുള്ള എല്ലാവരെയും കൂട്ടി യോജിപ്പിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസിനെ മതനിരപേക്ഷ പാര്‍ട്ടിയായാണ് ഇപ്പോള്‍ കണക്കാക്കുന്നതെന്നും എന്നാല്‍ കോണ്‍ഗ്രസില്‍ മൃദു ഹിന്ദുത്വ സമീപനം കൂടി വരുന്നുവെന്ന ആക്ഷേപം ശക്തമാണെന്നും സന്തോഷ് ചൂണ്ടിക്കാട്ടി. തീവ്ര ഹിന്ദുത്വവും മൃദു ഹിന്ദുത്വവും മത്സരിക്കുമ്പോള്‍ സ്വാഭാവികമായും തീവ്ര ഹിന്ദുത്വത്തിനു മാത്രമേ ജയിക്കാനാകൂവെന്നും അദ്ദേഹം പറഞ്ഞു. ബി ജെ പിയുടെ ആപത്തിനെ ചെറുക്കാന്‍ ശേഷിയുള്ള എല്ലാവരെയും കൂട്ടി യോജിപ്പിക്കണമെന്നും സന്തോഷ് വ്യക്തമാക്കി.

ഹൈസ്‌കൂള്‍ പഠനകാലത്ത് തന്നെ, സിപിഐയുടെ യുവജന സംഘടനയായ എ ഐ എസ് എഫിലൂടെ രാഷ്ട്രീയത്തിലെത്തിയ സന്തോഷ് കുമാര്‍ പിന്നീട് സംസ്ഥാന പ്രസിഡന്റും സെക്രട്ടറിയുമായി. പിന്നീട് എ ഐ വൈ ഫിന്റെ ദേശീയ പ്രസിഡന്റും സെക്രട്ടറിയുമായി 8 വര്‍ഷം. സി പി ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായും സന്തോഷ് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.












Click it and Unblock the Notifications