കേന്ദ്ര സര്‍ക്കാരിന് കേരള വിരുദ്ധ നയം; തിരുത്താന്‍ ജനകീയ പ്രതിഷേധം വേണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ കേരള വിരുദ്ധ നയവുമായി മുന്നോട്ട് പോകുകയാണെന്നും ഇത് തിരുത്താന്‍ ജനകീയ പ്രതിഷേധം വേണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഓണക്കാലത്ത് കേരളത്തിന് അധികവിഹിതം അനുവദിക്കണമെന്ന ആവശ്യം പോലും തള്ളിയിരിക്കുകയാണെന്നും കേന്ദ്രം നിഷേധാത്മക നിലപാട് തുടരുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഓണം പോലുള്ള ആഘോഷ വേളകളില്‍ വിപണിയില്‍ അരിവില കുതിച്ചുയരാതിരിക്കാന്‍ മുന്‍ഗണനേതര വിഭാഗങ്ങള്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കുന്നു എന്ന് ഉറപ്പാക്കേണ്ടതുണ്ട്. ഈ ബോധ്യത്തിലാണ് കൂടുതല്‍ അരി ആവശ്യപ്പെട്ടത്. ഗോതമ്പിന്റെ അലോട്ട്‌മെന്റ് പുനഃസ്ഥാപിക്കണം എന്നും ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്തെ ജനസംഖ്യയില്‍ ഗണ്യമായ ഒരു വിഭാഗം പ്രമേഹ രോഗികളാണ് എന്നത് കൂടി പരിഗണിച്ചായിരുന്നു ഈ ആവശ്യം. എന്നാല്‍ അതും തള്ളിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പിണറായി വിജയന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: ''കേരളത്തോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ നിഷേധാത്മക നിലപാട് തുടരുകയാണ്. ഓണക്കാലത്ത് കേരളത്തിനു പ്രത്യേകമായി അധിക അരിവിഹിതം അനുവദിക്കണമെന്ന ആവശ്യം പോലും തള്ളിക്കളഞ്ഞിരിക്കുന്നു.
നിലവില്‍ ടൈഡ് ഓവര്‍ വിഹിതം സംസ്ഥാനത്തിന് നല്‍കിവരുന്ന എട്ടു രൂപ മുപ്പത് പൈസ നിരക്കില്‍ മുന്‍ഗണനേതര കുടുംബങ്ങള്‍ക്ക് കാര്‍ഡൊന്നിന് അഞ്ച് കിലോഗ്രാം വീതം അരി ലഭ്യമാക്കണമെന്നാണ് സംസ്ഥാനം ആവശ്യപ്പെട്ടത്. ഒപ്പം രണ്ടുവര്‍ഷം മുമ്പ് വരെ ടൈഡ് ഓവര്‍ വിഹിതമായി ലഭിച്ചുവന്നിരുന്ന ഗോതമ്പിന്റെ അലോട്ട്‌മെന്റ് പുനസ്ഥാപിക്കണം എന്നും ആവശ്യപ്പെട്ടു.
ഓണം പോലെയുള്ള വിശേഷാവസരങ്ങളില്‍ പൊതു മാര്‍ക്കറ്റില്‍ അരിയുടെ വില കുതിച്ചുയരാതിരിക്കാന്‍ മുന്‍ഗണനേതര വിഭാഗക്കാര്‍ക്കും കഴിയുന്ന അളവില്‍ ഭക്ഷ്യധാന്യങ്ങളുടെ ലഭ്യത ഉറപ്പുവരുത്തേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് മുന്‍ഗണനേതര വിഭാഗക്കാര്‍ക്ക് നല്‍കുന്നതിനുവേണ്ടി അധികമായി അരിവിഹിതം സംസ്ഥാനം ആവശ്യപ്പെട്ടത്.
സംസ്ഥാന ജനസംഖ്യയില്‍ ഗണ്യമായ ഒരു വിഭാഗം പ്രമേഹ രോഗബാധിതരാണ് എന്നുള്ളത് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഈ സാഹചര്യത്തിലാണ് മുന്‍ഗണനേതര വിഭാഗക്കാര്‍ക്കുള്ള ഗോതമ്പിന്റെ അലോട്ട്‌മെന്റ് പുനസ്ഥാപിക്കണമെന്ന ആവശ്യം ഉന്നയിച്ചത്. എന്നാല്‍ സാധാരണക്കാര്‍ക്ക് കൈത്താങ്ങാകുന്ന ഈ ആവശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദയം നിരാകരിക്കുകയാണുണ്ടായത്.
കക്ഷിരാഷ്ട്രീയ ഭേദമെന്യേ ഇക്കാര്യത്തില്‍ യോജിച്ച പ്രതിഷേധം ഉയര്‍ന്നു വരേണ്ടതാണ്. കേന്ദ്ര സര്‍ക്കാരിന്റെ കേരള വിരുദ്ധ നയം തിരുത്താന്‍ ജനങ്ങളുടെയാകെ പ്രതിഷേധം അനിവാര്യമാണ്. അതിനായി നാം ഒറ്റക്കെട്ടായി നില്‍ക്കണം.''












Click it and Unblock the Notifications