'മോദി കേരളത്തിലേക്ക് വരുന്നത് പിണറായിക്ക് വേണ്ടി പ്രചാരണം നടത്താൻ', രൂക്ഷ വിമർശനവുമായി ചെന്നിത്തല
പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലേക്ക് വരുന്നത് മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം നടത്താൻ വേണ്ടിയെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കോൺഗ്രസിനെ വിമർശിക്കുന്നത് പോലെ പ്രധാനമന്ത്രി സിപിഎമ്മിനെ വിമർശിക്കുന്നില്ലെന്നും പിണറായി വിജയനെ പേരെടുത്ത് പറഞ്ഞ് വിമർശിക്കുന്നില്ലെന്നും ചെന്നിത്തല ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ആരോപിക്കുന്നു.
''മോദി - പിണറായി പരസ്പര സഹകരണ സംഘം രജിസ്റ്റർ ചെയ്തിട്ട് നാളുകൾ ഏറെയായെങ്കിലും നിയമസഭാതെരെഞ്ഞെടുപ്പോടെ കമ്പനി ഉഷാറായിരിക്കുകയാണ്. നരേന്ദ്രമോദി കേരളത്തിൽ പ്രചാരണത്തിന് വരുന്നത് തന്നെ പിണറായി വിജയന് വേണ്ടിയാണോ എന്ന് തോന്നിപ്പോകുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുന്നു.
കേരളത്തിൽ വരുമ്പോഴൊക്കെ കോൺഗ്രസിനെ കടന്നാക്രമിക്കുന്ന പ്രധാനമന്ത്രി, അതിന്റെ നാലിലൊന്ന് ശക്തിയിൽ പോലും സി.പി.എമ്മിനെ വിമർശിക്കാൻ തയ്യാറാകുന്നില്ല. പിണറായി വിജയനെ പേരെടുത്ത് പറഞ്ഞ് വിമർശിക്കാൻ പ്രധാനമന്ത്രി തയ്യാറാകാത്തത് ഇവർ തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ തെളിവാണ്.

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പിണറായി ക്കും കുടുംബത്തിനു മെതിരെയുള്ള കേസുകൾ മുക്കാനുള്ള നീക്കത്തിന്റെ ഭാഗമായി ബി.ജെ.പിയും സി.പി.എമ്മും തമ്മിൽ നേരെത്തെ തന്നെ ഡീൽ ഉറപ്പിച്ചിരുന്നു. ശബരിമല വിഷയത്തിൽ കോൺഗ്രസിനെ പ്രതിക്കൂട്ടിലാക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നത്. ശബരിമലയിലെ സ്വർണ്ണം കട്ടവരെ ജയിലിൽ അടയ്ക്കുമെന്ന് പറയുന്ന ബി.ജെ.പി, എന്തുകൊണ്ടാണ് കഴിഞ്ഞ മൂന്ന് വർഷമായി ചെറുവിരൽ പോലും അനക്കാതിരുന്നതെന്ന ചോദ്യമാണ് ജനങ്ങളുയർത്തുന്നത്.
കേന്ദ്രത്തിൽ അധികാരമുണ്ടായിട്ടും നടപടിയെടുക്കാതെ തിരഞ്ഞെടുപ്പ് വേളയിൽ വിഷയം കുത്തിപ്പൊ ക്കുന്നത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ്. ആ പണി ഇവിടെ ഓടില്ല.
കേരളത്തിൽ ഒരൊറ്റ സീറ്റിലും അക്കൗണ്ട് തുറക്കാൻ ബിജെപി യെ യു.ഡി.എഫ് അനുവദിക്കില്ല. യു.ഡി.എഫ് സ്ഥാനാർത്ഥികൾക്ക് ലഭിക്കുന്ന വൻ ജനസ്വീകാര്യത കണ്ട് ബി.ജെ.പിയും ഇടതുപക്ഷവും ഒരേപോലെ വിറ ളിപിടിച്ചിരിക്കുകയാണ്.
ഇതിന്റെ ഭാഗമായാണ് യു.ഡി.എഫ് നേതാക്കൾക്കും സ്ഥാനാർത്ഥികൾക്കും നേരെ അക്രമങ്ങൾ അഴിച്ചുവിടുന്നത്.
പാലക്കാട് രമേശ് പിഷാരടിയെ തടഞ്ഞ ബി.ജെ.പിയും, തൃക്കരീപ്പൂരിൽ സന്ദീപ് വാര്യരെ തടഞ്ഞ സി.പി.എമ്മും ഒരേ മനസ്സോടെ യാണ് പ്രവർത്തിക്കുന്നത്. വണ്ടൂരിൽ ശശി തരൂർ എം.പിയുടെ ഗൺമാൻ ഉൾപ്പെടെയുള്ളവർക്ക് നേരെ നടന്ന ആക്രമണവും, ആറന്മുളയിൽ അബിൻ വർക്കിയെ തടഞ്ഞതുമെല്ലാം യു.ഡി.എഫിന്റെ മുന്നേറ്റത്തിൽ വിറളി പൂണ്ടുള്ള നീക്കങ്ങളാണ്. അക്രമം കൊണ്ടോ അവിശുദ്ധ കൂട്ടുകെട്ടുകൾ കൊണ്ടോ യു.ഡി.എഫിന്റെ പടയോട്ടത്തെ തടയാനാവില്ല''.












Click it and Unblock the Notifications