Narendra Modi: 'നരേന്ദ്ര മോദിജി വിനയത്തോടെ എന്റെ കാലുകള്‍ തിരിച്ചു വന്ദിച്ചു'; വിതുമ്പലോടെ ഡെപ്യൂട്ടി മേയര്‍
തിരുവനന്തപുരത്ത് പുത്തരിക്കണ്ടം മൈതാനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ബിജെപിയുടെ പൊതുസമ്മേളനത്തില്‍ അപ്രതീക്ഷിതമായ കാഴ്ചയ്ക്കാണ് സദസ് സാക്ഷ്യം വഹിച്ചത്. വേദിയില്‍ തിരുവനന്തപുരം മേയര്‍ വിവി രാജേഷിനൊപ്പം പ്രധാനമന്ത്രിക്ക് ഉപഹാരം നല്‍കാന്‍ എത്തിയ ഡെപ്യൂട്ടി മേയര്‍ ആശാ നാഥ് നരേന്ദ്ര മോദിയുടെ കാല്‍ തൊട്ടു വണങ്ങി. തൊട്ടു പിന്നാലെ അപ്രതീക്ഷിതമായി നരേന്ദ്ര മോദി തിരിച്ച് ആശാ നാഥിന്റെയും പാദം തൊട്ട് വണങ്ങുകയായിരുന്നു. പ്രധാനമന്ത്രിയുടെ അപ്രതീക്ഷിതമായ പ്രവര്‍ത്തി കണ്ട് അമ്പരന്നുപോയ ആശാ നാഥ് പ്രധാനമന്ത്രിയുടെ കൈപിടിച്ച് കാല്‍തൊട്ടു തൊഴാനുള്ള ശ്രമം തടസപ്പെടുത്തുകയും ചെയ്തു.
ഡെപ്യൂട്ടി മേയറോടുള്ള പ്രധാനമന്ത്രിയുടെ ആദരവ് കണ്ട്, തിങ്ങിനിറഞ്ഞ സദസ് നിറഞ്ഞ കൈയ്യടിയോടു കൂടിയാണ് ബഹുമാനിച്ചത്. വികാരാധീനയായ ആശാ നാഥ് സദസിലിരുന്ന് കണ്ണു തുടയ്ക്കുന്നതും കാണാമായിരുന്നു.

ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രി സ്ത്രീകളെ എത്രത്തോളം ബഹുമാനിക്കുന്നു എന്നതിന്റെ ഉദാഹരണമാണ് ഈ പ്രവര്‍ത്തിയെന്ന് ആശാ നാഥ് പിന്നീട് മാധ്യമങ്ങളോടു പ്രതികരിച്ചു. തനിക്ക് വലിയ ആരാധനയുള്ള പ്രധാനമന്ത്രിയെ തൊട്ടു വണങ്ങാന്‍ ശ്രമിച്ചപ്പോള്‍ അദ്ദേഹം തിരിച്ചു നല്‍കിയ ആദരവ് കണ്ട് കണ്ണുനിറഞ്ഞു പോയെന്നും ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത നിമിഷമാണിതെന്നും അവര്‍ വ്യക്തമാക്കി. താന്‍ അനുഭവിച്ച സന്തോഷത്തെക്കുറിച്ച് ആശാ നാഥ് പിന്നീട് ഫേസ്ബുക്കിലും പങ്കുവച്ചു. ആശാ നാഥിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം:
ഇത് വെറും ഒരു ഫോട്ടോയല്ല...
എന്റെ ആത്മാവിൽ പതിഞ്ഞ ഒരു നിമിഷമാണ്.
ആദരവോടെ ഞാൻ കാലുകൾ തൊട്ടുവന്ദിച്ചപ്പോൾ,
അധികാരത്തിന്റെ ഏറ്റവും ഉയരത്തിൽ നിൽക്കുന്ന പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജി വിനയത്തോടെ എന്റെ കാലുകൾ തിരിച്ചു വന്ദിച്ചു.... ആ നിമിഷം ഞാൻ എന്നെ തന്നെ മറന്ന് കണ്ണുകൾ അറിയാതെ നനഞ്ഞു..അത് ദുഃഖത്തിന്റെ കണ്ണീർ അല്ല,
സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും കൃതജ്ഞതയുടെയും കണ്ണീരായിരുന്നു.
ഈ നേതാവിൽ ഞാൻ കണ്ടത് അധികാരം അല്ല,
മനുഷ്യനെയാണ്... സംസ്കാരത്തെയാണ്...
ഭാരതത്തിന്റെ ആത്മാവിനെ തന്നെയാണ്.
ഈ നിമിഷം എന്റെ ജീവിതത്തിൽ എന്നേക്കുമായി ഒരു അനുഗ്രഹമായി,ഒരു പ്രചോദനമായി നിലനിൽക്കും.
വിനയം തന്നെയാണ് യഥാർത്ഥ മഹത്വം.
ഈ സന്തോഷം വാക്കുകളിൽ ഒതുക്കാൻ കഴിയില്ല..












Click it and Unblock the Notifications