ചിലരുടെ ശ്രദ്ധ സ്വർണക്കടത്തിൽ; കേരളത്തിലും ബിജെപി അധികാരത്തിൽ വരുമെന്ന് പ്രധാനമന്ത്രി
'യുവം 2023' വേദിയിൽ രാഷ്ട്രീയം പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വർണകടത്ത് കേസ് പരമാർശിച്ച് കൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ വിമർശനം. കേന്ദ്രസർക്കാർ രാജ്യത്തിന്റെ കയറ്റുമതി വർധിപ്പിക്കാൻ രാപകൽ ഇല്ലാതെ അധ്വാനിക്കുമ്പോൾ ഇവിടെ ചില ആളുകൾ സ്വർണക്കടത്ത് പോലുള്ള കാര്യങ്ങളിലാണ് ശ്രദ്ധ ചെലുത്തുന്നതെന്ന് മോദി കുറ്റപ്പെടുത്തി.
'സ്വർണക്കടത്ത് പോലുള്ള കാര്യങ്ങൾ യുവാക്കളിൽ നിന്നും മറച്ച് വെയ്ക്കാനാകില്ല. അധികാരത്തിലിരിക്കുന്നവർ ചെറുപ്പക്കാരുടെ ജീവിതം കൊണ്ട് കളിക്കുന്നത് എങ്ങനെയെന്ന കാര്യം അവർ തിരച്ചറിയുന്നുണ്ട്. കേന്ദ്രം നടപ്പിലാക്കുന്ന പദ്ധതികൾ കേരളത്തിലും നടപ്പാക്കാനുള്ള പരിശ്രമങ്ങളാണ് സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നത്. എന്നാൽ ഇവിടെ ഒരു കൂട്ടർ പാർട്ടി താത്പര്യങ്ങൾക്കും മറ്റൊരു കൂട്ടർ കുടുംബത്തിനുമാണ് പ്രാധാന്യം നൽകുന്നത്', മോദി കുറ്റപ്പടെുത്തി.

'രണ്ടു കൂട്ടരും കേരളത്തെ അഴിമതിയുടെ കൂത്തരങ്ങാക്കുന്നു. ഇങ്ങനെ ചെയ്യുന്ന രണ്ട് ആശയങ്ങളെയും പരാജയപ്പെടുത്തേണ്ട സമയമായിരിക്കുന്നു ', എൽഡിഎഫിനേയും യുഡിഎഫിനേയും വിമർശിച്ച് പ്രധാനമന്ത്രി പറഞ്ഞു. കേരളത്തിലും ബി ജെ പി അധികാരത്തിലേറുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
കൊറോണ കാലത്ത് കേരളം വലിയ ബുദ്ധിമുട്ടിലൂടെയാണ് കടന്നുപോയത്. അത് തിരിച്ചറിഞ്ഞ് കേന്ദ്രസർക്കാർ സൗജന്യ വാക്സിനും റേഷനും നൽകി.കേന്ദ്രസർക്കാരിന്റെ പദ്ധതികൾ കാരണം രാജ്യത്ത് എല്ലാവർക്കും സൗജന്യ ചികിത്സ ലഭ്യമായി. സാധാരണക്കാർക്ക് വീട് ലഭിച്ചു, മുദ്രാ വായ്പയിലൂടെ അവരുടെ ജീവിതം സുഖകരമായിരിക്കുന്നു. സാധാരണക്കാർക്ക് സ്വന്തം കാലിൽ നിൽക്കാനുള്ള കഴിവുണ്ടാക്കുകയെന്നതാണ് ഇത്തരം പദ്ധതികളിലൂടെ ലക്ഷ്യം വെയ്ക്കുന്നത്.

ബി ജെ പി ആഗ്രഹിക്കുന്നത് ഈ നാട്ടിലെ ചെറുപ്പക്കാർ ഡിജിറ്റൽ ഇന്ത്യയ്ക്ക് നേതൃത്വം നൽകുന്നവരായി മാറണം എന്നതാണ്.നിർമ്മിത ബുദ്ധിയുടെ വിപ്ലവത്തിന് നേതൃത്വം നൽകാനും മലയാള സംസ്കാരത്തെ ലോകത്തിന് മുന്നിൽ എത്തിക്കുന്നതിനും കലാകായിക മേഖലകളിൽ മുന്നേറ്റം നടത്തിക്കൊണ്ട് പുതിയ ഇന്ത്യയുടെ പ്രതിനിധികളാണമെന്നുമാണ്.
ഈ നാട്ടിൽ മതത്തിന്റെ പേരിൽ സമുദായത്തിന്റെ പേരിൽ സംസ്ഥാനത്തിന്റെ പേരിലെല്ലാം ജനങ്ങളെ വിഭജിക്കാൻ നടത്തുന്ന ശ്രമങ്ങളെ കുറിച്ച് ജാഗ്രത പുലർത്തേണ്ടതുണ്ട്. അത്തരത്തിലുള്ള ശ്രമങ്ങളെ പരാജയപ്പെടുത്താൻ വേണ്ടി യുവാക്കൾ മുന്നോട്ട് വരണം', പ്രധാനമന്ത്രി പറഞ്ഞു.

അതേസമയം യുവം പരിപായിൽ തെരഞ്ഞെടുത്ത യുവാക്കളുടെ ചോദ്യത്തിന് പ്രധാനമന്ത്രി മറുപടി നൽകുമെന്നായിരുന്നു ബിജെപി അറിയിച്ചിരുന്നത്. എന്നാൽ പ്രസംഗം പൂർത്തിയാക്കിയ പിന്നാലെ പ്രധാനമന്ത്രി കൊച്ചിയിലെ വില്ലിങ്ഡൻ ദ്വീപിലെ ഹോട്ടൽ താജ് മലബാറിലേക്ക് മടങ്ങി. അവിടെ ക്രൈസ്തവ മതമേലധ്യക്ഷൻമാരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.












Click it and Unblock the Notifications