ഇന്ത്യ-യുഎസ് സൗഹൃദം ആഗോള നന്മയുടെ ശക്തിയാണെന്ന് മോദി: ഏറ്റവും മികച്ചതെന്ന് ബൈഡനും
ഡല്‍ഹി: ഇന്ത്യയും യുഎസും തമ്മിലുള്ള സൗഹൃദം ആഗോള നന്മയുടെ ശക്തിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഭൂമിയെ കൂടുതല്‍ മികച്ചതും സുസ്ഥിരവുമാക്കുമെന്നും അദ്ദേഹം ട്വിറ്ററിലൂടെ അഭിപ്രായപ്പെട്ടു. യുഎസും ഇന്ത്യയും തമ്മിലുള്ള സൗഹൃദം ലോകത്തിലേക്ക് തന്നെ ഏറ്റവും മികച്ചതാണെന്ന യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ട്വീറ്റിന് മറുപടിയായിട്ടായിരുന്നു നരേന്ദ്ര മോദിയുടെ ട്വീറ്റ്.
"അമേരിക്കയും ഇന്ത്യയും തമ്മിലുള്ള സൗഹൃദം ലോകത്തിലെ ഏറ്റവും മികച്ച ബന്ധമാണ്. അത് എന്നത്തേക്കാളും ശക്തവും അടുത്തതും കൂടുതൽ ചലനാത്മകവുമാണ്," പ്രധാനമന്ത്രി മോദി ഈയിടെ നടത്തിയ യുഎസ് സന്ദർശനത്തിന്റെ വീഡിയോ പങ്കിട്ടുകൊണ്ട് ബൈഡന്‍ ട്വിറ്ററില്‍ കുറിച്ചു. ഇതിന് മറുപടിയായി ''ഞാൻ നിങ്ങളോട് പൂർണ്ണമായും യോജിക്കുന്നു, നമ്മുടെ രാജ്യങ്ങൾ തമ്മിലുള്ള സൗഹൃദം ആഗോള നന്മയുടെ ശക്തിയാണ്. അത് ഭൂമിയെ മികച്ചതും സുസ്ഥിരവുമാക്കും. എന്റെ സമീപകാല സന്ദർശനത്തിന്റെ പശ്ചാത്തലം നമ്മുടെ ബന്ധത്തെ കൂടുതൽ ശക്തിപ്പെടുത്തും,'' പ്രധാനമന്ത്രി മോദി പറഞ്ഞു.

ജൂൺ 22 മുതല്‍ 23 വരെയായിരുന്നു ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ആദ്യ ഔദ്യോഗിക 'സ്റ്റേറ്റ്' സന്ദർശനം. ജൂൺ 21 ന് ഒമ്പതാമത് അന്താരാഷ്ട്ര യോഗ ദിനത്തില്‍ യുഎന്‍ അസ്ഥാനത്ത് നടന്ന ചടങ്ങിന് നേതൃത്വം നല്‍കിയ മോദിക്ക് വൈറ്റ് ഹൗസില്‍ ബൈഡനും ഭാര്യയും അത്താഴ വിരുന്ന് ഒരുക്കുകയും ചെയ്തിരുന്നു. വ്യാഴാഴ്ചയായിരുന്നു ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച. തുടർന്ന് പ്രധാനമന്ത്രി മോദി യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്യുകയും. ഇതോടെ രണ്ട് വട്ടം യുഎസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്യുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി മാറി.
അതേസമയം, മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന് പിന്നാലെ നിരവധി അമേരിക്കന്‍ കമ്പനികള്‍ ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ തയ്യാറാണെന്നും അറിയിച്ചിട്ടുണ്ട്. ടെക് ഭീമന്‍മാരായ ഗൂഗിളും ആമസോണും മൈക്രോസോഫ്റ്റുമാണ് ഇന്ത്യയില്‍ നിക്ഷേപം നടത്തുമെന്ന് ആദ്യഘട്ടത്തില്‍ അറിയിച്ചിരിക്കുന്നത്. അടുത്ത ഏഴ് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ 15 ബില്യണ്‍ ഡോളര്‍ അധികമായി നിക്ഷേപിക്കും എന്നാണ് ആമസോണിന്റെ പ്രഖ്യാപനം.
ഇതോടെ, കമ്പനിയുടെ ഇന്ത്യയിലെ മൊത്തം നിക്ഷേപം 26 ബില്യണ്‍ ഡോളറായി ഉയരും. തങ്ങളുടെ ആഗോള ഫിന്‍ടെക് ഓപ്പറേഷന്‍ സെന്റര്‍ ഗുജറാത്തില്‍ തുറക്കുമെന്നാണ് ഗൂഗിള്‍ അറിയിച്ചത്. അതേസമയം, ഇന്ത്യക്കാരുടെ ജീവിതം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാധ്യതകളാണ് മൈക്രോസോഫ്റ്റ് തേടുന്നത്.












Click it and Unblock the Notifications