കോൺഗ്രസിനെ രാജ്യസ്നേഹം പഠിപ്പിക്കാൻ ബിജെപി ആയിട്ടില്ല, ദുർഗയായ ഇന്ദിരയുടെ പാർട്ടിയെന്ന് ഉമ്മൻചാണ്ടി
തിരുവനന്തപുരം: ബലാക്കോട്ട് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ബിജെപിക്കും കേന്ദ്രസര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കോണ്‍ഗ്രസിനെ രാജ്യസ്‌നേഹം പഠിപ്പിക്കാന്‍ ബിജെപി ആയിട്ടില്ലെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. ബംഗ്ലാദേശ് യുദ്ധത്തിന് ശേഷം അടല്‍ ബിഹാരി വാജ്‌പേയി ദുര്‍ഗയെന്ന് വിളിച്ച ഇന്ദിരാ ഗാന്ധിയുടെ പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്നും ഉമ്മന്‍ചാണ്ടി ഓര്‍മ്മപ്പെടുത്തി.
ബാലക്കോട്ട് ആക്രമണത്തില്‍ സൈന്യത്തോട് പ്രതിപക്ഷം തെളിവ് ചോദിക്കുന്ന എന്ന ബിജെപിയുടെ ആരോപണം തെറ്റാണെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. കൊല്ലപ്പെട്ടവരുടെ എണ്ണം സര്‍ക്കാരാണ് വെളിപ്പെടുത്തേണ്ടത് എന്നാണ് സൈനിക മേധാവി പറഞ്ഞത്. വിശ്വസനീയമായ കണക്കുകളും തെളിവുകളും പ്രധാനമന്ത്രി പുറത്ത് വിടണമെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.

ബലാക്കോട്ടില്‍ 300ല്‍ അധികം ഭീകരര്‍ കൊല്ലപ്പെട്ടു എന്നത് സര്‍ക്കാര്‍ മാധ്യമങ്ങള്‍ക്ക് അനൗദ്യോഗികമായി നല്‍കിയ വാര്‍ത്തയാണ്. എന്നാല്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഈ വാദങ്ങളെ തള്ളിക്കളയുന്നുണ്ട്. കേന്ദ്ര മന്ത്രി അലുവാലിയ പറഞ്ഞത് പാകിസ്താനെ ഭയപ്പെടുത്തുക മാത്രമായിരുന്നു മിന്നലാക്രമണത്തിന്റെ ലക്ഷ്യം എന്നാണ് എന്നും ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.
പാകിസ്താനെതിരായ സൈനിക നടപടിയെ രാഷ്ട്രീയ നേട്ടത്തിനായി ബിജെപി ഉപയോഗപ്പെടുത്തുന്നുവെന്നും ഉമ്മന്‍ ചാണ്ടി ആരോപിച്ചു. ഒളിഞ്ഞും തെളിഞ്ഞും അവര്‍ അത് ചെയ്യുന്നു. അതിനെ എതിര്‍ക്കുന്നതിന്റെ പേരിലാണ് പ്രതിപക്ഷത്തിന്റെ മേല്‍ കുതിര കയറുന്നത് എന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.












Click it and Unblock the Notifications