ഉമര്‍ ഫൈസിക്കെതിരെ നാസര്‍ ഫൈസി; ആ നിലപാട് രാഷ്ട്രീയ തിമിരം, മുസ്ലിം ലീഗിനെ മാത്രം ഉപദേശിക്കേണ്ട
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനറല്‍ സീറ്റില്‍ വനിതകളെ മല്‍സരിപ്പിക്കുന്നതില്‍ ഉമര്‍ ഫൈസി മുക്കം നടത്തിയ പ്രസ്താവനക്കെതിരെ നാസര്‍ ഫൈസി കൂടത്തായി. മുസ്ലിം ലീഗിനെതിരെ മാത്രം ഉപദേശവും വിമര്‍ശനവും നടത്തുന്നത് രാഷ്ട്രീയ തിമിരം ആണ് എന്ന് നാസര്‍ ഫൈസി അഭിപ്രായപ്പെട്ടു. മുസ്ലിം ലീഗ് ജനറല്‍ സീറ്റില്‍ വനിതകളെ മല്‍സരിപ്പിക്കുന്നതിനെതിരെ ഉമര്‍ ഫൈസി മുക്കം നേരത്തെ കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു.
ജനറല്‍ സീറ്റില്‍ വനിതകളെ മല്‍സരിപ്പിക്കുന്നതില്‍ സമസ്തയ്ക്ക് യോജിപ്പില്ല എന്നായിരുന്നു ഉമര്‍ ഫൈസിയുടെ പ്രതികരണം. സംവരണ സീറ്റുകളില്‍ മാത്രം സ്ത്രീകളെ മല്‍സരിപ്പിക്കാനാണ് നേരത്തെ സമസ്ത അനുവാദം നല്‍കിയത് എന്നും അദ്ദേഹം പറയുന്നു. പല വിഷയങ്ങളിലും മുസ്ലിം ലീഗിനെതിരായ നിലപാട് സ്വീകരിച്ച സമസ്ത നേതാവ് കൂടിയാണ് ഉമര്‍ ഫൈസി.

സംവരണ സീറ്റില്‍ മുസ്ലിം സ്ത്രീകള്‍ക്ക് മല്‍സരിക്കാമെന്ന് സമസ്ത തീരുമാനിച്ചത് അനിവാര്യമായ ഘട്ടത്തിലാണ് എന്ന് നാസര്‍ ഫൈസി പറയുന്നു. ജനറല്‍ സീറ്റില്‍ വനിതകള്‍ മല്‍സരിക്കേണ്ടി വരുന്നതും അത്തരമൊരു ഘട്ടത്തിലാണ്. ഇക്കാര്യത്തില്‍ നേരത്തെ സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ എടുത്ത നിലപാടും നാസര്‍ ഫൈസി ചൂണ്ടിക്കാട്ടി. ലീഗിനോട് ചേര്‍ന്ന് നില്‍ക്കുമ്പോള്‍ മാത്രം ലീഗിനെ ഉപദേശിച്ചാല്‍ മതി എന്നും നാസര്‍ ഫൈസി ചൂണ്ടിക്കാട്ടുന്നു.
നാസര്‍ ഫൈസി കൂട്ടത്തായിയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:
''ജനറല്‍ സീറ്റും സ്ത്രീ സ്ഥാനാര്‍ത്ഥിത്വവും
സ്ത്രീസംവരണ സീറ്റുകളില്‍ മുസ്ലിം സ്ത്രീകള്‍ക്ക് മത്സരിക്കാമെന്ന് സമസ്ത തീരുമാനിക്കുന്നത് അനിവാര്യമായ സാഹചര്യത്തിലാണ്. ജനറല്‍ സീറ്റുകളില്‍ മുസ്ലിം സ്ത്രീകള്‍ മത്സരിക്കേണ്ടി വരുന്നതും അതുപോലെ ഒരു അനിവാര്യ സാഹചര്യത്തിലാണ്.
മതേതരത്വം ചോദ്യം ചെയ്യപ്പെടുക, പൊതു സമൂഹത്തില്‍ പാര്‍ട്ടിയുടെ ഇമേജ്, അവരെ മാറ്റി നിര്‍ത്തിയാല്‍ സ്ത്രീകള്‍ക്കിടയിലും പൊതു സമൂഹത്തിലും ചിലര്‍ ഉണ്ടാക്കാവുന്ന വിരുദ്ധ ധ്രുവീകരണം .... തുടങ്ങിയ പല അനിവാര്യ സാഹചര്യവും പരിഗണിച്ച് കൊണ്ട് മുസ്ലിം ലീഗും സ്ത്രീകളെ ജനറല്‍ സീറ്റുകളില്‍ പരിഗണിക്കാമെന്ന് സമസ്ത അധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നേരത്തെ പറഞ്ഞത് കാലിക നിലപാടാണ്. പിന്നെ രാഷ്ട്രീയ സമീപനത്തില്‍ സമദൂരം തരാതരം പ്രസ്താവിക്കുകയും നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും വിമര്‍ശനങ്ങളും ലീഗിന് നേരെ മാത്രമാക്കുന്നതും രാഷ്ട്രീയ തിമിരമാണ്.
ലീഗിനെ ഉപദേശിക്കാം പക്ഷേ അത് ചേര്‍ന്ന് നില്‍ക്കുമ്പോള്‍ ! അല്ലെങ്കില്‍ ഉപദേശം എല്ലാ പാര്‍ട്ടികളോടും ഒരുപോലെ വേണം. എല്ലാ പാര്‍ട്ടിയോടും സമീപനം ഒരുപോലെയാണെങ്കില്‍ ഉപദേശവും ശാസനയും അത് പോലെ മതിയാവും. ധാര്‍മ്മിക വിഷയങ്ങളില്‍ ബന്ധപ്പെട്ടവര്‍ക്ക് ലീഗിനെ ഉപദേശിക്കാം,
അത് ലീഗിനോട് ചേര്‍ന്നു കൊണ്ടാവണം.''












Click it and Unblock the Notifications