നാസർ ഫൈസിയുടെ ആരോപണം: മുസ്ലിംകൾ ഇടതിനോട് കൂടുതൽ അടുക്കുന്നത് ലീഗിനെ വിറളി പിടിപ്പിക്കുന്നു: ഐഎൻഎൽ
കോഴിക്കോട്: മുസ്ലിംകൾ ഇടതുപക്ഷത്തോട് കൂടുതൽ അടുക്കുന്നത് ലീഗിനെ
വിറളി പിടിപ്പിക്കുന്നുവെന്ന് ഐ എന്‍ എല്‍. വർഗീയ ഫാഷിസം ഫണം വിടർത്തിയാടുകയും കോൺഗ്രസ് അടക്കമുള്ള പാർട്ടികളുടെ മതേതരപ്രതിബദ്ധത ചോദ്യം ചെയ്യപ്പെടുകയും ചെയ്യുന്ന സവിശേഷ സാഹചര്യത്തിൽ മുസ്ലിം സമൂഹം ഇടതുപക്ഷത്തോട് കൂടുതൽ അടുക്കുന്നതും അവരുടെ പിന്നിൽ അണിനിരക്കുന്നതും മുസ്ലിം ലീഗിനെ വിറളി പിടിപ്പിക്കുകയാണെന്നാണ് ഐ എൻ എൽ സംസ്ഥാന ജന.സെക്രട്ടറി കാസിം ഇരിക്കൂർ അഭിപ്രായപ്പെടുന്നത്.
നവകേരള സദസ്സിന് മറ്റിടങ്ങളിലെന്ന പോലെ മലപ്പുറം ജില്ലയിലും ലഭിച്ച വമ്പിച്ച ജനപിന്തുണയും സ്വീകാര്യതയും ലീഗ് നേതൃത്വത്തിൻറ ഉറക്കം കെടുത്തുന്നത് സ്വാഭാവികമാണ്. ഇത്തരം മുന്നേറ്റങ്ങളെ രാഷ്ട്രീയമായി നേരിടാൻ ശ്രമിക്കുന്നതിനു പകരം മതസംഘടനകളെ കച്ചകെട്ടി ഇറക്കുന്നത് അപകടകരമാണ്. സി പി എം മിശ്രവിവാഹത്തിലൂടെ മതനിരാസം വളർത്തുന്നുവെന്ന, സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായിയുടെ പരാമർശങ്ങളെ ഈ പശ്ചാത്തലത്തിലാണ് കാണേണ്ടത്.

ജനങ്ങളിൽ വർഗീയത കുത്തിവെക്കാനും സംശയങ്ങൾ ജനിപ്പിക്കാനുമുള്ള ഗൂഢലക്ഷ്യത്തോടെയാണ് അദ്ദേഹത്തിെൻറ പ്രസ്താവന. മുസ്ലിം ലീഗ് രൂപീകൃതമായ അന്ന് തൊട്ട് കമ്യുണിസത്തെ കുറിച്ച് വിഭാഗീയമായ ഒട്ടനവധി കുപ്രചാരണങ്ങൾ നടത്തിയിട്ടും പ്രബുദ്ധരായ കേരളീയ മുസ്ലിം സമൂഹം അവയെ അവജ്ഞയോടെ തള്ളിക്കളഞ്ഞതാണ് ചരിത്രം.
കേവല രാഷ്ട്രീയ പ്രചാരണത്തിന് സമസ്ത പോലുള്ള, എല്ലാവരാലും ആദരിക്കുന്ന പണ്ഡിതസഭയുടെ പേരും പദവിയും ഉപയോഗിക്കുന്നത് എത്രമാത്രം അഭികാമ്യമാണെന്ന് ആലോചിക്കേണ്ടത് സംഘടനാ നേതൃത്വമാണെന്നും തിരുത്തൽ നടപടികൾ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കാസിം ഇരിക്കൂർ പ്രസ്താവനയിൽ പറഞ്ഞു.
മിശ്രവിവാഹം പ്രോത്സാഹിപ്പിക്കുന്നത് സി പി എമ്മും ഡി വൈ എഫ് ഐയും എസ് എഫ് ഐയും ആണെന്നായിരുന്നു സമസ്ത നേതാവും എസ് കെ എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ നാസര്‍ ഫൈസി കൂടത്തായി അഭിപ്രായപ്പെട്ടത്. കൊയിലാണ്ടിയില്‍ നടന്ന സുന്നി മഹല്ല് ഫെഡറേഷന്റെ ജില്ല സാരഥി സംഗമത്തില്‍ പങ്കെടുത്ത് സംസാരിക്കവെ ആണ് നാസര്‍ ഫൈസി കൂടത്തായിയുടെ പരാമര്‍ശം.
മുസ്ലിം പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോയി മിശ്ര വിവാഹം നടത്തുകയാണ് എന്നും ഹിന്ദു മുസ്ലിമിനെ വിവാഹം കഴിച്ചാല്‍ അത് മതേതരത്വമാകൂ എന്നാണ് ചിലര്‍ കരുതുന്നത് എന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തില്‍ ജമാഅത്ത് മഹല്ലുകള്‍ ജാഗ്രത പുലര്‍ത്തണം എന്നും നാസര്‍ ഫൈസി കൂടത്തായി പറഞ്ഞു.












Click it and Unblock the Notifications