നേത്രാവതി എക്‌സ്പ്രസില്‍ തീപിടുത്തം; ഒഴിവായത് വന്‍ ദുരന്തം, തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍
കായംകുളം: നേത്രാവതി എക്‌സ്പ്രസില്‍ തീപിടുത്തം. കായംകുളം
സ്റ്റേഷനില്‍ വച്ചാണ് ഒരു ബോഗിക്ക് തീപിടിച്ചത്. മോഷണശ്രമത്തിനിടെ പിടിയിലായ യുവാവ് സ്വയം തീകൊളുത്തുകയായിരുന്നു. പിന്നീട് തീ ബോഗിയിലേക്ക് ആളിപടരുകയായിരുന്നു. തമിഴ്‌നാട് സ്വദേശി അനസാണ് തീ കൊളുത്തിയത്.

തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. യാത്രക്കാര്‍ സുരക്ഷിതരാണെന്ന് റെയില്‍വെ അധികൃതര്‍ അറിയിച്ചു. ട്രെയിനില്‍ മോഷണം നടത്തുന്നതിനിടെ യാത്രക്കാരുടെ പിടിയിലായ അനസ് ജനറല്‍ കമ്പാര്‍ട്ട്‌മെന്റിന്റെ ബാത്‌റൂമില്‍ ഓടി കയറി തീകൊളുത്തുകയായിരുന്നു. വലിയ ഒരു അപകടത്തില്‍ നിന്നാണ് രക്ഷപ്പെട്ടത്. തിരുവനന്തപുരത്തു നിന്നും ലോകമാന്യ തിലകിലേക്ക് പോകുന്ന ട്രെയിനാണ് നേത്രാവതി എക്‌സ്പ്രസ്.
രാജ്‌മോഹന്‍ ഉണ്ണിത്താനും പന്ന്യന്‍ രവീന്ദ്രനും ഇതേ ട്രെയിനില്‍ യാത്ര ചെയ്യുന്നുണ്ടായിരുന്നു. കായംകുളത്ത് ട്രെയിന്‍ നിര്‍ത്തിയിട്ട ശേഷമാണ് തമിഴ്‌നാട് സ്വദേശിയായ അനസ് ബാത്ത് റൂമില്‍ കയറി പെട്രോളൊഴിച്ച് തീ കൊളുത്തിയത്. അനസിനെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.
ട്രെയിനിന്റെ എസി കോച്ചിനോട് ചേര്‍ന്നുള്ള ജനറല്‍ കമ്പാര്‍ട്ട്‌മെന്റിലാണ് തീപിടിച്ചത്. ജനറല്‍ കോച്ചിന്റെ ബാത്‌റൂമില്‍ തീപിടിച്ച ഉടന്‍ ജനറല്‍ കമ്പാര്‍ട്ട്‌മെന്റും എസി കോച്ചും തമ്മില്‍ വേര്‍പെടുത്തിയതിനാല്‍ കൂടുതല്‍ അപകടം ഒഴിവായി. യാത്രക്കര്‍ ട്രെയിനില്‍ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. അനസിന് മാനസികാസ്വസ്ഥ്യംമുണ്ടോ എന്ന് പോലീസ് സംശയിക്കുന്നുണ്ട്. ഇയാള്‍ പേര് നിരവധി തവണ മാറ്റി പറയുകയാണെന്ന് പോലീസ് പറഞ്ഞു.












Click it and Unblock the Notifications