കള്ളം പറഞ്ഞ് കേരളത്തെ മോശമായി ചിത്രീകരിച്ച സിനിമക്കും ദേശീയ അവാർഡ്: കോൺക്ലേവ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി
സാമൂഹിക പ്രതിബദ്ധയോടെ മണ്ണിലുറച്ച് നിന്ന് പുരോഗമന സ്വഭാവം പുലർത്തിയ ചരിത്രവും വർത്തമാനവുമാണ് മലയാള സിനിമയുടേതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുരാണകഥകൾ പറഞ്ഞ് കാണിയെ സ്വപ്നസ്വർഗങ്ങളിലേക്കുയർത്തുന്നതിൽ മലയാള സിനിമ ഒതുങ്ങിയില്ല. മലയാള സിനിമയുടെ സർവതലസ്പർശിയായ വളർച്ചയ്ക്കും വികസനത്തിനുമായി സമഗ്രമായ ഒരു ചലച്ചിത്ര നയം രൂപീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരള ഫിലിം പോളിസി കോൺക്ലേവ് സംഘടിപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
'നല്ല സിനിമ, നല്ല നാളെ' - കേരള ഫിലിം പോളിസി കോൺക്ലേവ് നിയമസഭ ശങ്കര നാരായണൻ തമ്പി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. മറ്റു പല കാര്യങ്ങളിലും രാജ്യത്തിനാകെ മാതൃകയായിത്തീർന്ന കേരളത്തിന്റെയും, മലയാള സിനിമയുടെയും ശ്രദ്ധേയമായ ചുവടുവയ്പ്പാണ് ചലച്ചിത്ര നയ രൂപീകരണവും അതിനായി സംഘടിപ്പിക്കപ്പെട്ടിരിക്കുന്ന ഈ കോൺക്ലേവും.

1928 നവംബർ 7 ന് തിരുവനന്തപുരം കാപ്പിറ്റോൾ തിയേറ്ററിൽ പ്രദർശിപ്പിച്ച ജെ സി ഡാനിയേലിന്റെ 'വിഗതകുമാര'നിൽ നിന്നാണ് മലയാള സിനിമയുടെ ചരിത്രം തുടങ്ങുന്നത്. ആ തിരുവനന്തപുരം തന്നെ ഇത്തരമൊരു ഉദ്യമത്തിനും വേദിയാകുന്നുവെന്നത് ശ്രദ്ധേയമായ കാര്യമാണ്. 'വിഗതകുമാരൻ' പ്രദർശിപ്പിക്കപ്പെട്ടതിനെ തുടർന്നുള്ള ഘട്ടങ്ങളിൽ അതിവേഗത്തിലുള്ള വളർച്ചയ്ക്കും വികാസത്തിനും മലയാള സിനിമ സാക്ഷ്യം വഹിച്ചു. 1927 ൽ 'ജാസ് സിംഗർ' എന്ന അമേരിക്കൻ ചിത്രത്തിലൂടെ ലോകസിനിമ സംസാരിച്ചു തുടങ്ങി കേവലം 11 വർഷം പിന്നിട്ടപ്പോൾ 'ബാലൻ' എന്ന ശബ്ദസിനിമ മലയാളത്തിലുണ്ടായി.
കഴിഞ്ഞ ഒമ്പത് ദശകക്കാലത്തിനുള്ളിൽ കേരളം എന്ന ദേശത്തെ ആഗോള ഭൂപടത്തിൽ അടയാളപ്പെടുത്താൻ മലയാള സിനിമയ്ക്കും ഇവിടുത്തെ ചലച്ചിത്ര പ്രതിഭകൾക്കും കഴിഞ്ഞിട്ടുണ്ട്. ഒട്ടനവധി ദേശീയ, അന്തർദേശീയ പുരസ്‌കാരങ്ങൾ മലയാള സിനിമ ഇതിനകം കരസ്ഥമാക്കിയിട്ടുണ്ട്. അതുകൊണ്ടുകൂടിയാണ് ഉയർന്ന സാക്ഷരത മാത്രമല്ല, ഉയർന്ന ദൃശ്യസാക്ഷരതയും ഉന്നതമായ ചലച്ചിത്ര ആസ്വാദനശേഷിയുമുള്ള നാടായി നമ്മുടെ കേരളം വിലയിരുത്തപ്പെടുന്നത്.
കേരളത്തിന്റെ സാമൂഹിക പുരോഗതിയ്ക്കുവേണ്ട സാംസ്‌കാരിക ഊർജം പകരുന്നതിൽ മലയാള സിനിമ വലിയ സംഭാവനകൾ നൽകിയിട്ടുണ്ട്. ഇന്ത്യയിലെ പല ഭാഷകളിലെയും സിനിമകൾ അതിന്റെ ശൈശവദശയിൽ പുരാണകഥകൾ പറഞ്ഞപ്പോൾ മലയാള സിനിമ ആദ്യ സിനിമയായ 'വിഗതകുമാരനി'ലും ആദ്യ ശബ്ദസിനിമയായ 'ബാലനി'ലും സാമൂഹികപ്രസക്തമായ പ്രമേയങ്ങളാണ് അവതരിപ്പിച്ചത്. സ്വാധീനശക്തി കൂടിയ ബഹുജനമാധ്യമം എന്ന നിലയ്ക്ക് ഒരു പ്രബുദ്ധകേരളം പടുത്തുയർത്തുന്നതിൽ സിനിമയ്ക്ക് നിർണായകമായ പങ്കു വഹിക്കാനുണ്ടായിരുന്നു.
വിവിധ നാട്ടുരാജ്യങ്ങളായി ഭിന്നിച്ചുനിന്നിരുന്ന മലയാളികൾ ഒരൊറ്റ ഭാഷാദേശീയതയായി ഐക്യപ്പെടുന്നത് അമ്പതുകളിലാണ്. വിവേചനങ്ങൾക്കും ചൂഷണങ്ങൾക്കും എതിരെ നിലകൊണ്ട നവോത്ഥാന പുരോഗമന പ്രസ്ഥാനവും അധിനിവേശത്തിനെതിരെ പൊരുതിയ ദേശീയ പ്രസ്ഥാനവുമാണ് മലയാളസിനിമയുടെ ആദ്യകാല ആശയമണ്ഡലത്തെ സ്വാധീനിച്ചത്. അവശ വിഭാഗങ്ങളോടുള്ള അനുകമ്പയും എല്ലാവിധ അടിച്ചമർത്തലുകൾക്കും അനീതിക്കും എതിരായ പൊതുബോധവും ആ കാലഘട്ടത്തിലെ സിനിമ പ്രതിഫലിപ്പിച്ചുപോന്നു. അങ്ങനെ അമ്പതുകൾ മുതൽ തന്നെ മലയാള സിനിമ അതിന്റെ സാമൂഹികപ്രതിബദ്ധത വ്യക്തമാക്കി. 'നവലോകം', 'നീലക്കുയിൽ', 'ന്യൂസ് പേപ്പർ ബോയ്', 'രാരിച്ചൻ എന്ന പൗരൻ' തുടങ്ങിയ അൻപതുകളിലെ സിനിമകൾ അതിനുള്ള ഉദാഹരണങ്ങളാണ്.
മലയാള സിനിമയ്ക്ക് ദേശീയതലത്തിൽ ആദ്യ ബഹുമതി നേടിക്കൊടുത്തത് 1954 ൽ പി ഭാസ്‌കരനും രാമു കാര്യാട്ടും ചേർന്ന് സംവിധാനം ചെയ്ത 'നീലക്കുയിൽ' ആണ്. 1965 ൽ ഇന്ത്യയിലെ ഏറ്റവും മികച്ച ചിത്രത്തിനുള്ള രാഷ്ട്രപതിയുടെ സ്വർണമെഡൽ നേടിയ 'ചെമ്മീൻ' ദക്ഷിണേന്ത്യയിൽ ഈ ബഹുമതി ലഭിക്കുന്ന ആദ്യ ചിത്രമായിരുന്നു. പിന്നീട് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളിൽ ആധിപത്യം പുലർത്തുന്ന പ്രാദേശികഭാഷാ സിനിമയായി മലയാളം മാറിയെന്നും അദ്ദേഹം സൂചിപ്പിച്ചു.
ഇന്ത്യൻ നവതരംഗ സിനിമയുടെ പതാകാവാഹകരായ അടൂർ ഗോപാലകൃഷ്ണനും അരവിന്ദനും ദേശീയ, അന്തർദേശീയ തലങ്ങളിൽ മലയാള സിനിമയുടെ യശസ്സുയർത്തി. ഷാജി എൻ കരുണിന്റെ 'പിറവി' 70 ഓളം ചലച്ചിത്രമേളകളിൽ പ്രദർശിപ്പിക്കപ്പെടുകയും 31 പുരസ്‌കാരങ്ങൾ നേടുകയും ചെയ്തു. നാല് മലയാളികൾ മുഖ്യവേഷങ്ങളിൽ അഭിനയിച്ച മലയാളഭാഷയിലുള്ള 'ഓൾ വി ഇമാജിൻ അസ് ലൈറ്റ്' എന്ന ചിത്രം കഴിഞ്ഞ വർഷം കാൻ മേളയിൽ ഗ്രാന്റ് പ്രി പുരസ്‌കാരം നേടുകയുണ്ടായി.
കലാമൂല്യം കൊണ്ടുമാത്രമല്ല, വാണിജ്യമൂല്യം കൊണ്ടും മലയാള സിനിമ വലിയ വിജയം കൈവരിച്ചിട്ടുണ്ട്. 1951 ലെ 'ജീവിതനൗക'യാണ് മലയാളത്തിലെ ആദ്യ സൂപ്പർ ഹിറ്റ് ചിത്രം. 1960 കൾ വരെ പത്തിൽ താഴെ സിനിമകൾ മാത്രമേ പ്രതിവർഷം മലയാളത്തിൽ നിർമ്മിക്കപ്പെട്ടിരുന്നുള്ളൂ. 1965 ഓടെ പ്രതിവർഷം 30 ൽപ്പരം സിനിമകൾ നിർമ്മിക്കുന്ന ഇൻഡസ്ട്രിയായി മലയാളം മാറി. 1978 ലാണ് മലയാള സിനിമകളുടെ എണ്ണം നൂറ് കടന്നത്. ആ വർഷം 125 സിനിമകൾ നിർമ്മിക്കപ്പെട്ടു.
2010 നുശേഷം ഡിജിറ്റൽ സാങ്കേതികവിദ്യയുടെ വ്യാപനത്തോടെ പ്രതിവർഷം 200 ൽപ്പരം സിനിമകൾ മലയാളത്തിൽ നിർമ്മിക്കപ്പെടുന്നുണ്ട്. കോവിഡ് മലയാളസിനിമയെ പ്രതിസന്ധിയിലാക്കിയ 2020 ൽപ്പോലും നൂറിൽപ്പരം സിനിമകൾ സെൻസർ ചെയ്യപ്പെട്ടിരുന്നുവെന്നത് ശ്രദ്ധേയമാണ്. കോവിഡ് കാലത്ത് തിയേറ്ററുകൾ അടഞ്ഞുകിടന്നപ്പോൾ ഒ ടി ടി പ്ലാറ്റ്‌ഫോമുകൾ എന്ന പുതിയ തിരശ്ശീലയുടെ സാധ്യതകൾ മലയാള സിനിമ ഫലപ്രദമായി ഉപയോഗിച്ചു. മലയാള സിനിമയെ അടിസ്ഥാനമാക്കി, 'ബോളിവുഡ് അല്ല ഇന്ത്യൻ സിനിമയുടെ ദ്രുതകർമ്മസേന'യെന്ന് ഗാർഡിയൻ പത്രം എഴുതി.
2024 ൽ 234 സിനിമകളാണ് മലയാളത്തിൽ സെൻസർ ചെയ്യപ്പെട്ടത്. സെൻസർ സർട്ടിഫിക്കറ്റിനായി സമർപ്പിക്കപ്പെടാത്ത സ്വതന്ത്ര സിനിമകളുടെ എണ്ണം ഇതിനുപുറമെയാണ്. ഇന്ത്യൻ സിനിമയുടെ 2024 ലെ മൊത്തം ഗ്രോസ് കളക്ഷന്റെ 20 ശതമാനവും മലയാള സിനിമയുടെ സംഭാവനയാണ് എന്ന് ചലച്ചിത്രവൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള മാധ്യമ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
അന്യസംസ്ഥാനങ്ങളിലും മലയാളസിനിമ വലിയ വിപണിവിജയം നേടിയ വർഷമായിരുന്നു 2024. 2025 ലും വലിയ പ്രദർശനവിജയം കൊയ്ത മലയാള സിനിമകൾ ഉണ്ടായിട്ടുണ്ട്. ഇത്തരത്തിൽ നമ്മുടെ സാമൂഹിക - സാമ്പത്തിക രംഗവുമായി ഇഴചേർന്നുകിടക്കുന്ന മലയാള സിനിമാലോകത്തെ, കാലത്തിനൊത്ത് നവീകരിക്കേണ്ടതും വിപുലീകരിക്കേണ്ടതും ഏറെ അനിവാര്യമാണ്. അതിനുതകുന്ന ഒരു ചുവടുവെയ്പ്പാണ് ഈ കോൺക്ലേവ്.
മലയാള സിനിമയുടെ ചരിത്രപരമായ മഹത്വത്തെക്കുറിച്ച് ഓർക്കുന്ന വേളയിൽ ഒരു കാര്യം കൂടി പറയേണ്ടതുണ്ട്. അത് ഈ മഹത്വത്തെ ഇടിച്ചു തകർക്കാൻ ചിലർ ഇപ്പോൾ നടത്തുന്ന ശ്രമങ്ങളെക്കുറിച്ചാണ്. ഇന്നലെയാണ് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. കേരള സമൂഹത്തെ അപകീർത്തിപ്പെടുത്തുന്ന ഒരു ചലച്ചിത്രവും പുരസ്‌കാരങ്ങൾക്ക് അർഹമായവയിലുണ്ട്. ഏതെങ്കിലും തരത്തിൽ കലയ്ക്കുള്ള അംഗീകാരമായി അതിനെ കണക്കാക്കാനാവില്ല. മറിച്ച് വർഗീയ വിദ്വേഷം പടർത്തുന്നതിനുള്ള ഉപാധിയായി ചലച്ചിത്രങ്ങളെ ദുരുപയോഗിക്കുന്നവർക്കുള്ള അംഗീകാരമായി മാത്രമേ അതിനെ കാണാൻ കഴിയൂ.
കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യത്തെ അപമാനിക്കുന്നതും, കേരളത്തെ ലോകസമക്ഷം അപകീർത്തിപ്പെടുത്തി അവതരിപ്പിക്കുന്നതുമായ ഒരു ചലച്ചിത്രമാണ് അംഗീകരിക്കപ്പെട്ടത്. ഇത് തീർത്തും ദൗർഭാഗ്യകരമാണ്. ഇന്ത്യൻ സിനിമയുടെ മഹത്തായ സാംസ്‌കാരിക പൈതൃകം കൂടിയാണ് ഇതിലൂടെ അപമാനിക്കപ്പെടുന്നത്.കലയെ വിലയിരുത്തുന്നതിന് കലയ്ക്ക് അപ്പുറമുള്ള മാനദണ്ഡങ്ങൾ ഉപയോഗിക്കപ്പെടുന്നത് എന്തുകൊണ്ടാണെന്ന് നാം ചിന്തിക്കേണ്ടതാണ്. നമ്മുടെ രാജ്യത്തിന്റെ മതനിരപേക്ഷതയെ തകർത്ത്, അതിനെ വർഗീയത കൊണ്ട് പകരം വയ്ക്കുന്നതിന് വേണ്ടി കലയെ ഉപയോഗിക്കണം എന്നുള്ള സന്ദേശമാണ് ഇതിന് പിന്നിലുള്ളത്.
കേരളത്തിലെ സാംസ്‌കാരിക സമൂഹം വിശേഷിച്ച് ചലച്ചിത്ര സമൂഹം ദുരുപദിഷ്ടമായ ഈ നീക്കത്തിനെതിരെ ഒറ്റക്കെട്ടായി നിൽക്കണം. കേരളത്തെ ഇത്തരത്തിൽ വികലമായി ചിത്രീകരിക്കുന്നതിനെതിരെ കേരളത്തിന്റെ ചലച്ചിത്രപൊതുബോധം ഒന്നാകെ ഉണരേണ്ടതുണ്ട്. നമ്മുടെ സംസ്‌കാരത്തെയും പൈതൃകത്തെയും ചരിത്രത്തെയും വിധ്വംസകമായി അവതരിപ്പിക്കുന്നതിന് അറുതി വരുത്തേണ്ടതുണ്ട്. മലയാള സിനിമ മഹത്വമാർജിച്ചത് അത് മണ്ണിനോടും മനസ്സിനോടും മാനവികതയോടും മതനിരപേക്ഷ ജീവിതക്രമത്തോടും ചേർന്നുനിന്നതുകൊണ്ടാണ്. ആ അടിത്തറയ്ക്കു നേർക്കാണ് ആക്രണമുണ്ടാവുന്നത്.
ദേശീയ അവാർഡിന് അർഹമായ ഈ ചിത്രം വ്യാജ നിർമിതികൾ കൊണ്ട് കേരളത്തെ മോശമായി ചിത്രീകരിക്കുകയാണ് ചെയ്യുന്നത്. ലോകമാകെ അറിയപ്പെടുന്ന കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യം ഓരോ ഘട്ടത്തിലും കൂടുതൽ കൂടുതൽ തെളിഞ്ഞു വരുന്ന കാഴ്ചയാണ് നാം ഇപ്പോൾ കാണുന്നത്. അങ്ങനെയൊരു ഘട്ടത്തിലാണ് അതിനെ വക്രീകരിച്ച് അവതരിപ്പിക്കുകയും പരസ്പരസ്പർദ്ധ വളർത്താനായി ഉപയോഗിക്കുകയും ചെയ്യുന്നത്. ഇത്തരം പ്രവണതകൾ തീർച്ചയായും ചലച്ചിത്ര ഇടങ്ങളിൽ ചർച്ച ചെയ്യപ്പെടണം.
കേരളത്തിൽ നിന്നുള്ള ശ്രേഷ്ഠരായ ചില കലാകാരന്മാരും കലാകാരികളും ദേശീയ അവാർഡുകളിലൂടെ അംഗീകരിക്കപ്പെട്ടു എന്നത് സന്തോഷം നൽകുന്ന കാര്യമാണ്. അവരെ അഭിനന്ദിക്കാനും ഈ അവസരം വിനിയോഗിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. അതോടൊപ്പം കേരള ചലച്ചിത്ര രംഗത്തിന് അർഹമായ തോതിലുള്ള അംഗീകാരം ലഭിച്ചില്ല എന്നതും ഈ കോൺക്ലേവിൽ ചർച്ച ചെയ്യപ്പെടണമെന്നം അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങിൽ മോഹൻലാൽ, സുഹാസിനി, വെട്രിമാരൻ, കൈതപ്രം ദാമോദരൻ നമ്പൂതിരി, റസൂൽ പൂക്കുട്ടി, സയീദ് അക്തർ മിർസ എന്നിവരെ മുഖ്യമന്ത്രി പൊന്നാടയണിയിച്ച് ആദരിച്ചു. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്പീക്കർ എ എൻ ഷംസീർ,മന്ത്രിമാരായ വി ശിവൻകുട്ടി, വീണാ ജോർജ്, മേയർ ആര്യാ രാജേന്ദ്രൻ, ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് ,ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ കെ മധു, ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ, നിഖില വിമൽ, പത്മപ്രിയ, സന്തോഷ് ടി കുരുവിള, ഗോൾഡ സെല്ലം, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ് എന്നിവർ സംബന്ധിച്ചു. ചലച്ചിത്ര വികസന കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ പി എസ് പ്രിയദർശനൻ നന്ദി അറിയിച്ചു. വിവിധ സെഷനുകളിലായി വ്യത്യസ്ത വിഷയങ്ങളിൽ ചർച്ചകൾ നടക്കും. നാളെ (ഓഗസ്റ്റ് 3) ന് കോൺക്ലേവ് സമാപിക്കും.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications