സ്ത്രീകളിൽ അമിതവണ്ണം കൂടുന്നു, ജീവിതശൈലീ രോഗങ്ങളിലും കേരളം മുന്നിൽ, ദേശീയ കുടുംബാരോഗ്യ സർവേ
തിരുവനന്തപുരം: ദേശീയ കുടുംബാരോഗ്യ സർവേ-6 വിവരങ്ങൾ കേരളത്തിന് സമ്മിശ്രമായ ഫലങ്ങളാണ് നൽകുന്നത്. പ്രതിരോധ കുത്തിവെപ്പ്, കുട്ടികളുടെ പോഷകാഹാരം, മാതൃ-ശിശു ആരോഗ്യം എന്നിവയിൽ സംസ്ഥാനം മികച്ച നേട്ടമുണ്ടാക്കിയപ്പോൾ, ജീവിതശൈലീ രോഗങ്ങളുടെയും അമിതവണ്ണത്തിന്റെയും, പ്രത്യേകിച്ച് സ്ത്രീകൾക്കിടയിൽ വർദ്ധനവ് വലിയ ആശങ്കയ്ക്ക് കാരണമാകുന്നു.
കേരള സമൂഹത്തിന്റെ ഇരുണ്ട ഒരു വശവും സർവേ പുറത്തുകൊണ്ടുവരുന്നു. പങ്കാളിയിൽ നിന്നുള്ള ഗാർഹിക പീഡനം മുൻ സർവേയിലെ 9.8%-ൽ നിന്ന് പുതിയ സർവേയിൽ 17.7% ആയി ഉയർന്നു. ഗർഭകാലത്തുണ്ടാകുന്ന ശാരീരിക പീഡനങ്ങൾ 0.5%-ൽ നിന്ന് 1.7% ആയി വർദ്ധിച്ചതായും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, ഇത് യഥാർത്ഥത്തിൽ പീഡനങ്ങൾ വർദ്ധിച്ചതുകൊണ്ടാണോ അതോ ഇത്തരം സംഭവങ്ങൾ കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടാൻ തുടങ്ങിയതുകൊണ്ടാണോ എന്നത് വിശദമായി പരിശോധിക്കേണ്ടതുണ്ട്.
കേരളത്തിൽ പ്രായമായവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നതായി സർവേ വ്യക്തമാക്കുന്നു. 60 വയസ്സിന് മുകളിലുള്ളവരുടെ ജനസംഖ്യാ നിരക്ക് 18.6%-ൽ നിന്ന് 20.7% ആയി ഉയർന്നു. ഇത് ദേശീയ ശരാശരിയായ 12.9%നേക്കാൾ വളരെ കൂടുതലാണ്. ഈ മാറ്റം സംസ്ഥാനത്തിന്റെ ആരോഗ്യ ആസൂത്രണം, സാമൂഹിക സുരക്ഷാ ചെലവുകൾ, വയോജന സംരക്ഷണം എന്നിവയിൽ വലിയ സ്വാധീനം ചെലുത്തും.

കേരളത്തിലെ മുതിർന്ന സ്ത്രീകളിൽ പകുതിയോളം പേർ അമിതവണ്ണമുള്ളവരോ സാധാരണയിൽ കൂടുതൽ തൂക്കമുള്ളവരോ ആണ്. സർവേ പ്രകാരം കേരളത്തിലെ 46.7% സ്ത്രീകളും ഈ വിഭാഗത്തിൽപ്പെടുന്നു (മുൻപ് ഇത് 38.2% ആയിരുന്നു). ദേശീയ ശരാശരിയായ 30.7%-നേക്കാൾ വളരെ കൂടുതലാണിത്. കേരളത്തിലെ പുരുഷന്മാരിൽ 37% പേരും അമിതവണ്ണമുള്ളവരാണ്. ഇതിന്റെ ദേശീയ ശരാശരി 27.3% മാത്രമാണ്.
സംസ്ഥാനത്ത് ജീവിതശൈലീ രോഗങ്ങൾ വർദ്ധിക്കുന്നതായി മുൻപത്തെ പല പഠനങ്ങളും വ്യക്തമാക്കിയതാണ്. ദേശീയ ശരാശരിയേക്കാൾ വളരെ മുന്നിലാണ് കേരളം എന്ന് ഈ സർവേയും അടിവരയിടുന്നു. കേരളത്തിലെ 36.6% പുരുഷന്മാർക്കും 31.9% സ്ത്രീകൾക്കും ഉയർന്ന രക്തസമ്മർദ്ദം ഉണ്ട്. ഇതിന്റെ ദേശീയ ശരാശരി യഥാക്രമം 22.1%, 19.4% എന്നിങ്ങനെയാണ്.
15-49 പ്രായപരിധിയിലുള്ള സ്ത്രീകളിൽ 28.9% പേർക്കും (ദേശീയ ശരാശരി 17.8%), പുരുഷന്മാരിൽ 31.9% പേർക്കും (ദേശീയ ശരാശരി 20.9%) ഉയർന്നതോ അല്ലെങ്കിൽ വളരെ ഉയർന്നതോ ആയ രക്തത്തിലെ പഞ്ചസാരയുടെ അളവുണ്ട്. ഇവർ ഇതിനായി മരുന്ന് കഴിക്കുന്നവരുമാണ്.
പ്രായമേറുന്ന ജനസംഖ്യയും ജീവിതശൈലീ രോഗങ്ങളുടെ ആധിക്യവും കേരളത്തിന്റെ പൊതുജനാരോഗ്യ മേഖലയ്ക്ക് വലിയ വെല്ലുവിളിയാണ്. ഇത് സംസ്ഥാനത്തിന്റെ ആരോഗ്യ ബജറ്റിനെയും ജനങ്ങളുടെ ചികിത്സാച്ചെലവിനെയും കാര്യമായി ബാധിക്കും.
പ്രതിരോധ കുത്തിവെപ്പ്, കുട്ടികളുടെ പോഷകാഹാരം എന്നിവയിൽ കേരളം മികച്ച മുന്നേറ്റം നടത്തിയിട്ടുണ്ട്. 12-13 മാസം പ്രായമുള്ള കുട്ടികളിൽ പൂർണ്ണ പ്രതിരോധ കുത്തിവെപ്പ് ലഭിച്ചവരുടെ നിരക്ക് 78.4%-ൽ നിന്ന് 84.9% ആയി ഉയർന്നു. റോട്ടാവൈറസ് വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 9.5%-ൽ നിന്ന് 87.2% ആയി വൻ വളർച്ച നേടി. മീസിൽസ് (അഞ്ചാംപനി) രണ്ടാം ഡോസ് വാക്സിൻ എടുത്ത കുട്ടികളുടെ നിരക്ക് 31.9%-ൽ നിന്ന് 83.3% ആയി ഉയർന്നു. സംസ്ഥാനത്തെ 95.2% പ്രതിരോധ കുത്തിവെപ്പുകളും നടക്കുന്നത് സർക്കാർ ആശുപത്രികളിലാണ്.
5 വയസ്സിന് താഴെയുള്ള കുട്ടികളിൽ, പ്രായത്തിനൊത്ത ഉയരമില്ലായ്മ 23.4%-ൽ നിന്ന് 20.1% ആയി കുറഞ്ഞു. ഉയരത്തിനൊത്ത ഭാരമില്ലായ്മ 15.8%-ൽ നിന്ന് 10.9% ആയി കുറഞ്ഞു. പ്രായത്തിനൊത്ത ഭാരമില്ലാത്ത കുട്ടികളുടെ എണ്ണം 19.7%-ൽ നിന്ന് 17.8% ആയും, അമിതവണ്ണമുള്ള കുട്ടികളുടെ എണ്ണം 4% ത്തിൽ നിന്ന് 2.1% ആയും കുറഞ്ഞിട്ടുണ്ട്.
സംസ്ഥാനത്തെ പുരുഷന്മാരിലെ മദ്യപാനം 19.9%-ൽ നിന്ന് 22.7% ആയി നേരിയ തോതിൽ വർദ്ധിച്ചു. എന്നാൽ പുകയില ഉപയോഗം 16.9%-ൽ നിന്ന് 15.9% ആയി കുറഞ്ഞിട്ടുണ്ട്. രാജ്യത്തുടനീളം 6,79,238 വീടുകളിലും, 7,16,397 സ്ത്രീകളിലും, 1,00,977 പുരുഷന്മാരിലുമാണ് സർവേ നടത്തിയത്. കേരളത്തിൽ 13,005 വീടുകളിലായി 11,187 സ്ത്രീകളും 1,542 പുരുഷന്മാരും സർവേയിൽ പങ്കെടുത്തു.














Click it and Unblock the Notifications