ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക്
ദേശീയപാത 66 ലെ ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവൃത്തികളും അവസാന ഘട്ടത്തിലേക്ക്. കരാർ കമ്പനിയായ മെഗാ എൻജിനീയറിങ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിനെ (MEIL) ഉദ്ധരിച്ച് ദി ഹിന്ദുവാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത് . മഴക്കാലം തുടങ്ങുന്നതിനുമുമ്പ് പ്രധാന ജോലികൾ പൂർത്തിയാക്കാൻ കഴിയുമെന്ന് കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറയുന്നു.
'ചർക്കള-നീലേശ്വരം റീച്ചിലെ ഏകദേശം 90% ജോലികളും പൂർത്തിയായി. സർവീസ് റോഡുകളിലെയും പാലങ്ങളിലെയും ചില അന്തിമഘട്ട ജോലികൾ മാത്രമാണ് ഇനി ബാക്കിയുള്ളത്. ചെറിയ ജോലികൾ മാത്രമാണ് ഇനി തീർക്കാനുള്ളത്. മഴ തുടങ്ങുമ്പോഴേക്കും ജൂണിന് മുമ്പ് എല്ലാം പൂർത്തിയാക്കാനാണ് ലക്ഷ്യം. ചെങ്കള വയലിലെ റോഡ് പണികളും മഴയ്ക്ക് മുമ്പ് തീർക്കും', ഉദ്യോഗസ്ഥൻ പറഞ്ഞു. നീലേശ്വരം-തളിപ്പറമ്പ് റീച്ചിലെ നിർമ്മാണവും അതിവേഗം പുരോഗമിക്കുകയാണ്. പണികൾ ഏകദേശം 87% പിന്നിട്ടു കഴിഞ്ഞു. ഈ മാസം അവസാനത്തോടെ 90% പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

ചെറുവത്തൂരിൽ അടിപ്പാത ആവശ്യപ്പെട്ടുള്ള പ്രതിഷേധം നിർമ്മാണം വൈകിപ്പിക്കുന്നുണ്ട്. അടിപ്പാതയ്ക്കുള്ള കേന്ദ്ര സർക്കാർ ഉത്തരവ് ഉടൻ പ്രതീക്ഷിക്കുന്നുണ്ട്. 50 മീറ്റർ വീതിയിൽ രണ്ടുവരി സർവീസ് റോഡുകൾ നിർമ്മിക്കാനുള്ള കമ്പനിയുടെ നിർദ്ദേശം പ്രതിഷേധ സമിതി നിരസിച്ചെങ്കിലും, ഈ റീച്ചുകളിലെ പണി ജൂണോടെ പൂർത്തിയാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കമ്പനി. ഈ റീച്ചുകളിലെ ജോലികൾ കഴിഞ്ഞ വർഷം ഡിസംബറിനകം പൂർത്തിയാക്കാനായിരുന്നു യഥാർത്ഥ കരാർ. എന്നാൽ, സാങ്കേതിക തടസ്സങ്ങളും മറ്റ് കാരണങ്ങളും കണക്കിലെടുത്ത് സമയപരിധി മൂന്ന് മാസത്തേക്ക് നീട്ടിനൽകുകയായിരുന്നു. നിശ്ചിത സമയത്തിനകം ജോലികൾ പൂർത്തിയാക്കാത്ത കരാറുകാർക്ക് ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ പിഴ ചുമത്താൻ ആരംഭിച്ചിട്ടുണ്ട്. സമയപരിധി കഴിഞ്ഞ റീച്ചുകളിൽ പ്രതിദിനം കുറഞ്ഞത് 60,000 പിഴ ഈടാക്കുന്നുണ്ട്.
അതേസമയം ജോലികൾ ഷെഡ്യൂൾ പ്രകാരം നടക്കുന്നുണ്ടെങ്കിലും പ്രാദേശിക പ്രതിഷേധങ്ങൾ കാലതാമസത്തിന് കാരണമാകുന്നുണ്ടെന്ന് കണ്ണൂരിലെ ദേശീയപാത ഡെപ്യൂട്ടി മാനേജർ യശാർത്ഥ് ശ്രീവാസ്തവ് പറഞ്ഞു, . പണി വേഗത്തിലാക്കാൻ ജില്ലാ ഭരണകൂടത്തിന്റെ പിന്തുണ തേടിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കാസർഗോഡ് തലപ്പാടി മുതൽ തിരുവനന്തപുരം മുക്കോല വരെ 644 കിലോമീറ്റർ വരുന്ന ദേശീയപാത 66 വികസന പദ്ധതി 22 റീച്ചുകളായി തിരിച്ചിരിക്കുന്നത്. അഞ്ച് റീച്ചുകളിലെ പണികൾ ഇതിനോടകം പൂർത്തിയായിട്ടുണ്ട്., ബാക്കിയുള്ളവ വിവിധ ഘട്ടങ്ങളിലായി പുരോഗമിക്കുകയാണ്. മിക്ക റീച്ചുകളിലെയും പണികൾ 2021 നവംബറിൽ ആരംഭിച്ചത്. 2024 ഏപ്രിൽ-മേയ് മാസത്തോടെ പണികൾ പൂർത്തിയാക്കാനായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത്. മൂന്ന് മാസം അധികം ലഭിച്ചിട്ടും, പല വിഭാഗങ്ങൾക്കും പുതുക്കിയ സമയപരിധിക്കുള്ളിൽ ജോലികൾ പൂർത്തിയാക്കാനായില്ല.കരാറുകാർ സമർപ്പിച്ച ബോണ്ട് തുകയിൽ നിന്നാണ് നിലവിൽ പിഴ ഈടാക്കുന്നത്. സംസ്ഥാനത്തെ ദേശീയപാത വികസന പ്രവൃത്തികളുടെ ഏകദേശം 64 ശതമാനം പൂർത്തിയായിട്ടുണ്ട്. നിർമ്മാണം വേഗത്തിലാക്കാൻ ആവശ്യമായ നടപടികൾ തുടരുകയാണെന്നും അധികൃതർ അറിയിച്ചു.












Click it and Unblock the Notifications