ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും
എറണാകുളം വരാപ്പുഴയിൽ ദേശീയപാത 66-ന്റെ ഭാഗമായി നിർമ്മിച്ച പാലം മെയ് മാസത്തോടെ തുറക്കും. ദേശീയപാത അതോറിറ്റിയാണ് (എൻഎച്ച്എഐ) ഇക്കാര്യം അറിയിച്ചത്. 26 കിലോമീറ്റർ ദൈർഘ്യമുള്ള പാതയുടെ വീതികൂട്ടുന്നതിനുള്ള 70 ശതമാനം പണികളും പൂർത്തിയായിട്ടുണ്ടെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. വരാപ്പുഴ, കോട്ടപ്പുറം, മൂത്തകുന്നം എന്നിവിടങ്ങളിലെ മൂന്ന് സുപ്രധാന പാലങ്ങളുടെ നിർമ്മാണമാണ് ഇനി പ്രധാനമായും പൂർത്തിയാകാനുള്ളത്.
1,618 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന ആറുവരിപ്പാത വികസനം ഈ വർഷം ഓഗസ്റ്റോടെ പൂർത്തിയാക്കാനാണ് എൻഎച്ച്എഐ ലക്ഷ്യമിടുന്നതെന്ന് ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോർ്ടടൽ പറയുന്നു. ഈ പാതയിലെ പ്രധാന ആകർഷണങ്ങളിലൊന്ന് പുതിയ 1.03 കിലോമീറ്റർ വരാപ്പുഴ പാലമാണ്. 100 കോടി രൂപ ചെലവിൽ 604 ദിവസം എന്ന റെക്കോർഡ് വേഗത്തിലാണ് പ്രധാന ഘടനയുടെ നിർമ്മാണം പൂർത്തിയാക്കിയത്.

നിലവിൽ പാലത്തിന്റെ വടക്കുഭാഗത്തേക്കുള്ള അപ്രോച്ച് റോഡിന്റെ നിർമ്മാണം അവസാനഘട്ടത്തിലാണ്. അപ്രോച്ച് റോഡുകൾ പൂർത്തിയാകുന്നതോടെ കർശനമായ ഭാരപരിശോധന നടത്തുമെന്ന് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ഭാരമേറിയ പ്രത്യേക വാഹനങ്ങൾ പാലത്തിലൂടെ കടത്തിവിട്ട്, സെൻസറുകൾ ഉപയോഗിച്ച് ഘടനാപരമായ ബലവും ഈടും ഉറപ്പാക്കുന്നതാണ് ഈ പരിശോധന നടത്തുന്നത്.
ദേശീയപാത 66-ന്റെ ഭാഗമായ ഇടപ്പള്ളി-മൂത്തകുന്നം പാതയിൽ ഏഴ് വലിയ പാലങ്ങളും എട്ട് ചെറിയ പാലങ്ങളുമാണ് നിർമ്മിക്കുന്നത്. വരാപ്പുഴ, കൂട്ടപ്പുറം, മൂത്തകുന്നം എന്നിവിടങ്ങളിലെ പാലങ്ങളൊഴികെ മറ്റെല്ലാം പൂർത്തിയായതായും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. 50 മീറ്ററിലധികം നീളമുള്ള സ്പാനുകൾക്ക് ഏറ്റവും അനുയോജ്യമായ 'ബാലൻസ്ഡ് കാൻ്റിലിവർ' രീതിയാണ് ഈ നിർമ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്.
ഒരു കേന്ദ്രീകൃത തൂണിൽ നിന്ന് ഇരുവശങ്ങളിലേക്കും ഘണ്ഡങ്ങൾ നിർമ്മിച്ച് മുന്നോട്ട് പോകുന്ന രീതിയാണിത്. സ്ഥിരത ഉറപ്പാക്കാൻ ഇരുവശങ്ങളിലുമുള്ള ഘണ്ഡങ്ങളുടെ എണ്ണം കൃത്യമായി നിലനിർത്തേണ്ടത് അത്യാവശ്യമാണ്. രണ്ട് കാൻ്റിലിവറുകൾ മധ്യഭാഗത്ത് കൂടിച്ചേരുമ്പോൾ ആ ഭാഗം പാലമായി മാറുന്നു.
പുതിയ പാലത്തിന് 26 സ്പാനുകളുണ്ട്. പെരിയാറ്റിലെ ബോട്ട് ഗതാഗതം തടസ്സമില്ലാതെ നടത്തുന്നതിനായി 120 മീറ്റർ നീളമുള്ള ഒരു വലിയസ്പാനും ഉണ്ട്. നിലവിൽ കൊച്ചി വാട്ടർ മെട്രോ, എസ്ഡബ്ല്യുടിഡി, മറ്റ് പ്രാദേശിക ഫെറികൾ എന്നിവയെല്ലാം ഈ ജലപാതയാണ് ഉപയോഗിക്കുന്നത്.
പുതിയ പാലം പൂർണ്ണമായി പ്രവർത്തനക്ഷമമാകുന്നതോടെ വരാപ്പുഴയിലെ നിലവിലുള്ള ഗതാഗതക്കുരുക്കിന് പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ പഴയ രണ്ടുവരി പാലത്തിലൂടെയാണ് വാഹനങ്ങൾ കടന്നുപോകുന്നത്. 2001-ൽ തുറന്ന ഈ പഴയ പാലം കേരളത്തിലെ ആദ്യത്തെ ബാലൻസ്ഡ് കാൻ്റിലിവർ പാലമായിരുന്നു.












Click it and Unblock the Notifications