ടോള്‍ പിരിവ് ജനുവരി 1 മുതല്‍; വെങ്ങളം-രാമനാട്ടുകര യാത്ര ഇനി ഫ്രീയല്ല.. നിരക്കുകള്‍ അറിയാം
കോഴിക്കോട്: ദേശീയപാത 66 ലെ പ്രധാനമ റീച്ചുകളിലൊന്നായ വെങ്ങളം - രാമനാട്ടുകര ബൈപ്പാസില്‍ ടോള്‍പിരിവ് ജനുവരി ഒന്ന് മുതല്‍ ആരംഭിക്കും. പന്തീരാങ്കാവിലെ ടോള്‍ പ്ലാസയില്‍ സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. ടോള്‍ പിരിവിനുള്ള ട്രയല്‍ റണ്‍ ഇന്നോ നാളെയോ തുടങ്ങാനുള്ള ഒരുക്കത്തിലാണ് ദേശീയപാതാ അതോറിറ്റി. പന്തീരാങ്കാവില്‍ സ്ഥാപിച്ച ടോള്‍ പ്ലാസ ഔദ്യോഗിക രേഖകളില്‍ ഒളവണ്ണ ടോള്‍ പ്ലാസ എന്നാകും അറിയപ്പെടുക.
മഹാരാഷ്ട്ര ആസ്ഥാനമായുള്ള ഹുളി എന്ന കമ്പനിയാണ് മൂന്ന് മാസത്തേക്ക് ടോള്‍പിരിവ് നടത്തുക. അതിന് ശേഷം ഒരു വര്‍ഷത്തേക്ക് പുതിയ ടെന്‍ഡര്‍ ക്ഷണിക്കും. പ്ലാസയുടെ 20 കിലോമീറ്റര്‍ പരിധിയിലുള്ളവര്‍ക്ക് 340 രൂപയുടെ പാസ് എടുക്കാവുന്നതാണ്. ഈ പാസ് എടുത്താല്‍ ഒരു മാസം എത്ര വേണമെങ്കിലും യാത്ര ചെയ്യാം. നാഷണല്‍ പെര്‍മിറ്റ് അല്ലാത്ത കോഴിക്കോട് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത കമേഴ്സ്യല്‍ വാഹനങ്ങള്‍ക്കും ഇളവ് ലഭിക്കും.

കാര്‍, ജീപ്പ്, വാന്‍, ലൈറ്റ് മോട്ടര്‍ വെഹിക്കിള്‍ എന്നിവയ്ക്ക് ഒരു വശത്തേക്ക് 90 രൂപയും ഇരുവശത്തേക്കും 135 രൂപയും ആയിരിക്കും ടോള്‍ കൊടുക്കേണ്ടി വരിക. ഈ വാഹനങ്ങള്‍ പ്രതിമാസ നിരക്ക് 2975 രൂപയാണ്. കോഴിക്കോട് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത കമേഴ്‌സ്യല്‍ വാഹനങ്ങള്‍ക്ക് 45 രൂപയായിരിക്കും ടോള്‍ നിരക്ക്. മിനി ബസ്, ലൈറ്റ് കമേഴ്‌സ്യല്‍ ഗുഡ്‌സ് വെഹിക്കിള്‍ എന്നിവയ്ക്ക് ഒരു വശത്തേക്ക് 145 രൂപയാണ് ടോള്‍.
ഇരുവശത്തേക്കും 215 രൂപയും പ്രതിമാസ നിരക്ക് 4805 രൂപയുമാണ്. കോഴിക്കോട് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത കമേഴ്‌സ്യല്‍ വാഹനമാണെങ്കില്‍ 70 രൂപ കൊടുത്താല്‍ മതി. ബസ്, 2 ആക്‌സില്‍ വാഹനങ്ങള്‍ എന്നിവയ്ക്ക് ഒരു വശത്തേക്ക് 300 രൂപയും ഇരുവശത്തേക്കും 455 രൂപയും ഈടാക്കും. പ്രതിമാസ നിരക്ക് 10,065 രൂപയാണ്. കോഴിക്കോട് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത കമേഴ്‌സ്യല്‍ വാഹനത്തിന് 150 രൂപയാണ് നിരക്ക്.
3 ആക്‌സില്‍ ട്രക്കിന് ഒരു വശത്തേക്ക് 330 രൂപയും ഇരുവശത്തേക്കും 495 രൂപയും പ്രതിമാസ നിരക്ക് 10,980 രൂപയും ആണ്. കോഴിക്കോട് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത കമേഴ്‌സ്യല്‍ വാഹനങ്ങള്‍ക്ക് 165 രൂപ. 4 മുതല്‍ 6 വരെ ആക്‌സില്‍ വാഹനങ്ങള്‍ക്ക് ഒരു വശത്തേക്ക് 475 രൂപയും ഇരുവശത്തേക്കും 710 രൂപയും പ്രതിമാസനിരക്ക് 15,780 രൂപയും ആയിരിക്കും. കോഴിക്കോട് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത കമേഴ്‌സ്യല്‍ വാഹനത്തിന് 235 രൂപയാണ് നിരക്ക്.
ഏഴും അതിലേറെയും ആക്‌സിലുളള വാഹനങ്ങള്‍ക്ക് ഒരു വശത്തേക്ക് 575 രൂപ, ഇരുവശത്തേക്കും 865 രൂപ, പ്രതിമാസനിരക്ക് 19,210 രൂപ എന്നിങ്ങനെയാണ് നിരക്ക്. കോഴിക്കോട് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത കമേഴ്‌സ്യല്‍ വാഹനങ്ങള്‍ക്ക് 290 രൂപയാണ് ടോള്‍ നിരക്ക്. 2021 ആഗസ്റ്റ് 15 നായിരുന്നു വെങ്ങളം രാമനാട്ടുകര റീച്ചിന്റെ നിര്‍മാണം ആരംഭിച്ചത്. 28.4 കിലോ മീറ്റര്‍ ആണ് നീളം.
റോഡിന്റെ 90 ശതമാനത്തോളം നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്. 1700 കോടിയോളം രൂപ ചെലവിട്ടാണ് ഈ റീച്ചിന്റെ നിര്‍മാണം പൂര്‍ത്തിയായത്. സംസ്ഥാനത്തെ ദേശീയപാത ബൈപാസ് നിര്‍മാണത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ കിലോ മീറ്ററിന് 63 കോടിയിലധികം രൂപ എന്ന നിരക്കിലാണ് ഇത് പൂര്‍ത്തിയാക്കിയത്. ഈ റീച്ചില്‍ ഏഴ് സ്ഥലങ്ങളിലാണ് ഫ്‌ളൈ ഓവറുകളുള്ളത്. അതാണ് നിരക്ക് ഉയരാന്‍ കാരണമായത്.
വെങ്ങളം, പൂളാടിക്കുന്ന്, തൊണ്ടയാട്, ഹൈലൈറ്റ് മാള്‍, പന്തീരാങ്കാവ്, അഴിഞ്ഞിലം, രാമനാട്ടുകര എന്നിവിടങ്ങളിലാണു ഫ്‌ലൈ ഓവറുകളുള്ളത്. കെഎംസി കണ്‍സ്ട്രക്ഷന്‍സ് തന്നെ 15 വര്‍ഷത്തേക്ക് പാതയുടെ അറ്റകുറ്റപ്പണികള്‍ നിര്‍വഹിക്കണം എന്നാണ് കരാര്‍. അതേസമയം ടോള്‍ പ്ലാസയുടെ പ്രവര്‍ത്തനത്തിന് വേണ്ട എല്ലാ സജ്ജീകരണങ്ങളും തയ്യാറായിട്ടുണ്ട്. 24 മണിക്കൂറും ഡോക്ടര്‍, ആംബുലന്‍സ് എന്നിവയുടെ സേവനം ലഭ്യമാകും.












Click it and Unblock the Notifications