ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ
ദേശീയപാത തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ചുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് എറണാകുളത്ത് നടക്കുന്ന പരിപാടിയിൽ വെച്ചാണ് പ്രധാനമന്ത്രി പാതകൾ നാടിന് സമർപ്പിക്കുന്നത്. അതേസമയം ഉദ്ഘാടന പരിപാടി സംസ്ഥാന സർക്കാർ ബഹിഷ്കരിച്ചു. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതിനെ തുടർന്നാണ് നടപടി. പരിപാടിയുടെ നോട്ടീസിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ എം.ബി. രാജേഷ്, കെ കൃഷ്ണൻകുട്ടി എന്നിവരുടെ പേരുകൾ ഉണ്ട്. എന്നാൽ ഇവരാരും തന്നെ പരിപാടിയിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചു.
സംസ്ഥാന സർക്കാരിന്‍റെ കൂടി പങ്കാളിത്തത്തോടെയാണ് ദേശീയപാത വികസനം നടന്നത്. പരിപാടിയിൽ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് യാതൊരു അറിയിപ്പും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. ഭൂമി ഏറ്റെടുക്കലിന് ഉൾപ്പെടെ പണം നൽകിയത് സംസ്‌ഥാന സർക്കാരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 5600 കോടിയോളം രൂപയാണ് സംസ്ഥാന സർക്കാർ ചെലവഴിച്ചത്. ഇപ്പോൾ തട്ടിക്കൂട്ടി ഉദ്ഘാടനം നടത്തേണ്ട സാഹചര്യം ഇല്ലെന്നും എൽഡിഎഫ് സർക്കാർ ഇല്ലായിരുന്നുവെങ്കിൽ പദ്ധതി നടപ്പാകുക പോലും ഇല്ലായിരുന്നുവെന്നും മന്ത്രി റിയാസ് പറഞ്ഞു.

തലപ്പാടി-ചെങ്കള റീച്ച്
സംസ്ഥാനത്ത് നിലവിൽ പുരോഗമിക്കുന്ന 23 ദേശീയപാത വികസന പദ്ധതികളിൽ പൂർത്തിയായ ആദ്യ പദ്ധതിയാണ് ഇത്. കർണാടക അതിർത്തിയിലുള്ള കേരളത്തിന്റെ വടക്കൻ പ്രവേശന കവാടമായ തലാപ്പാടിയിൽ നിന്ന് കാസർകോട് ജില്ലയിലെ ചെങ്കള വരെ നീളുന്ന 39 കിലോമീറ്റർ ആണ് പാത.2021 നവംബറിലാണ് ഈ പാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ഏകദേശം മൂന്ന് വർഷവും ഒമ്പത് മാസവും നീണ്ട നിർമാണത്തിന് ശേഷം കഴിഞ്ഞ ഓഗസ്റ്റ് 25നാണ് പദ്ധതി പൂർത്തിയായത്.റീച്ചിന്റെ നിർമാണക്കരാർ ഏറ്റെടുത്തത് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് ക്രെഡിറ്റ് സൊസൈറ്റിയാണ്. തലപ്പാടി-ചെങ്കള ദേശീയപാത 2026ലെ ദേശീയപാത അതോറിറ്റിയുടെ കലണ്ടറിൽ രാജ്യത്തെ മികച്ച 12 റോഡുകളിൽ ഒന്നായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഈ പട്ടികയിൽ ഇടം നേടിയ ഏക കേരള പദ്ധതിയും ഇതാണ്. പ്രധാന എഞ്ചിനീയറിംഗ് സവിശേഷതകളിൽ ഒന്നാണ് രാജ്യത്തെ ഏറ്റവും നീളം കൂടിയ സിംഗിൾ പില്ലർ ആറുവരിപ്പാലം. ബോക്സ് ഗിർഡർ സിസ്റ്റം ഉപയോഗിച്ചാണ് ഈ പാലം നിർമ്മിച്ചിരിക്കുന്നത്.
രാമനാട്ടുകര-വെങ്ങളം റീച്ച്
രാമനാട്ടുകര-വെങ്ങളം റീച്ച് ദേശീയപാത 66 വികസനത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗങ്ങളിലൊന്നാണ്.കോഴിക്കോട് ബൈപാസ് ഭാഗത്തെ ഗതാഗത കുരുക്ക് കുറയ്ക്കുകയും രാമനാട്ടുകര, ഫറൂക്ക്, കോഴിക്കോടിന്റെ നഗരപരിസരങ്ങൾ എന്നിവിടങ്ങളിലേക്കുള്ള യാത്ര കൂടുതൽ സുഗമമാക്കാനും പാത സഹായിക്കും.ഹൈദരാബാദ് ആസ്ഥാനമായ KNR Constructions Ltd എന്ന കമ്പനിക്കായിരുന്നു നിർമ്മാണ കരാർ. ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ (NHAI)യുടെ മേൽനോട്ടത്തിൽ ഹൈബ്രിഡ് അന്യൂട്ടി മോഡൽ (HAM) അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കിയത്.ഫ്ലൈഓവറുകൾ, അണ്ടർപാസുകൾ, സർവീസ് റോഡുകൾ, സ്മാർട്ട് ജംഗ്ഷനുകൾ, സിസിടിവി നിരീക്ഷണ സംവിധാനം എന്നിവയും ഉൾപ്പെടുത്തി. 2025 ജൂൺ അവസാനത്തോടെ പാത ഗതാഗതത്തിനായി തുറന്നു കൊടുത്തിരുന്നു. ജനുവരി 15 മുതൽ ഈ റൂട്ടിലെ ഒളവണ്ണ (പന്തീരാങ്കാവ്) ടോൾ പ്ലാസയിൽ ടോൾ പിരിവും ആരംഭിച്ചിരുന്നു. 2140 കോടിയാണ് പദ്ധതി ചെലവ്.












Click it and Unblock the Notifications