കേരളത്തിലെ ദേശീയപാത-66 നിര്‍മാണം നിര്‍ത്തി..! 2028 ലും പൂര്‍ത്തിയാകില്ല; കാരണമിത്
കേരളത്തിലെ ദേശീയപാത 66 നിര്‍മാണം മുടങ്ങി. കല്ലും മണ്ണും സംസ്ഥാനത്തിന് പുറത്തേക്ക് കൊണ്ടുപോകുന്നത് ജൂലായ് ഒമ്പതിന് തമിഴ്നാട് നിരോധിച്ചതോടെ ദേശീയപാത 66 നിര്‍മാണം നിലച്ച മട്ടാണ്. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള മിക്ക റീച്ചുകളിലും നിര്‍മാണ പ്രതിസന്ധി നേരിടുന്നുണ്ട്. ഇതോടെ ദേശീയപാത 2028-ലും പൂര്‍ണമായും ഗതാഗതത്തിനായി തുറക്കാനാകില്ല എന്ന് ഉറപ്പായി.
കല്ലിന്റെയും മണ്ണിന്റെയും ക്ഷാമവും പണി നിലച്ച കാര്യവും ദേശീയപാത അതോറിറ്റി സംസ്ഥാന സര്‍ക്കാരിനെ അറിയിച്ച് കഴിഞ്ഞു. കുറച്ചു ലോഡ് ദിവസവും എത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുക്കണം എന്നും ദേശീയപാത അതോറിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ തമിഴ്‌നാടിന്റെ നിരോധനത്തില്‍ ഇളവ് വേണം എന്ന് ആവശ്യപ്പെട്ട് ആദ്യം ചീഫ് സെക്രട്ടറിയും പിന്നീട് മുഖ്യമന്ത്രി വി ഡി സതീശനും തമിഴ്നാട് മുഖ്യമന്ത്രി വിജയിക്ക് കത്തയച്ചിരുന്നു.

ഇക്കാര്യം പരിഗണിക്കാം എന്ന് വിജയ് ഉറപ്പ് നല്‍കി എന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞിരുന്നത്. എന്നാല്‍ ഇതുവരേയും അനുകൂല നടപടിയുണ്ടായിട്ടില്ല. ഇപ്പോള്‍ ദേശീയപാതയുടെ ഭാഗമായി നടക്കുന്ന പണികളെല്ലാം കല്ലും മണ്ണും വേണ്ടാത്ത ജോലികളാണ്. ചില ഭാഗങ്ങളില്‍ പുതുതായി ഫ്‌ലൈഓവറുകള്‍ അനുവദിച്ചതോടെ കൂടുതല്‍ നിര്‍മാണ സാമഗ്രികള്‍ ആവശ്യമായി വന്നു.
പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ വടക്കന്‍ ജില്ലകളിലെ കരാര്‍ 2028-വരെ കമ്പനികള്‍ക്ക് നീട്ടി നല്‍കിയിരിക്കുകയാണ്. തൃശ്ശൂര്‍, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ കരാര്‍ കൂടി നീട്ടണം എന്ന് കരാര്‍ കമ്പനികള്‍ ദേശീയപാത അതോറിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അതിനിടെ നിര്‍മാണം അവസാനഘട്ടത്തിലേക്ക് കടക്കുന്ന കഴക്കൂട്ടം-കടമ്പാട്ടുകോണം റീച്ചില്‍ അടിയന്തരമായി കല്ലും മണ്ണും കൂടുതല്‍ വേണമെന്ന് കരാര്‍ കമ്പനി ദേശീയപാത അതോറിറ്റിയെ അറിയിച്ചിരിക്കുകയാണ്. തമിഴ്നാടിനെയാണ് നിര്‍മാണ വസ്തുക്കള്‍ക്ക് കേരളം ആശ്രയിക്കുന്നത്. വലിയ ടോറസില്‍ 120 ലോഡാണ് ദിവസവും വേണ്ടി വരുന്നത്. ഇതാണ് ഇപ്പോള്‍ നിലച്ചത്.
കുറഞ്ഞത് 50 ലോഡെങ്കിലും ദിവസവും എത്തിക്കണം എന്നാണ് ദേശീയപാത അതോറിറ്റി പറയുന്നത്. 2027 ല്‍ പൂര്‍ണമായും ഗതാഗതത്തിനായി തുറക്കാനിരുന്ന പാതയാണ് ഇപ്പോള്‍ അനിശ്ചിതത്വത്തിലായിരിക്കുന്നത്. കര്‍ണാടക അതിര്‍ത്തിയിലെ തലപ്പാടി മുതല്‍ തമിഴ്നാട് അതിര്‍ത്തിയിലെ കാരോട് വരെ സംസ്ഥാനത്തിന്റെ തീരപ്രദേശത്തുകൂടി കടന്നുപോകുന്ന ദേശീയപാത 66-ന്റെ 645 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കേരളാ ഭാഗത്തിന്റെ നിര്‍മ്മാണം 2028 മെയ് മാസത്തോടെ പൂര്‍ത്തിയാകും എന്ന് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ മാസം പറഞ്ഞിരുന്നു.
റോഡ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ 2027 ഏപ്രില്‍ 30-നകം പൂര്‍ത്തിയാകുമെന്നും, എന്നാല്‍ വയഡക്റ്റുകളുടെ പണി പൂര്‍ത്തിയാക്കാന്‍ ഒരു വര്‍ഷം കൂടി അധികമായി വേണ്ടിവരുമെന്നുമായിരുന്നു റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞത്. നിലവില്‍ തലപ്പാടി-ചെങ്കള, വെങ്ങാലം-രാമനാട്ടുകര പാതകള്‍ക്ക് പുറമേ, മറ്റ് ഏഴ് പ്രധാന ഭാഗങ്ങളിലെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഏകദേശം 85 ശതമാനവും പൂര്‍ത്തിയായിട്ടുണ്ട്.





Click it and Unblock the Notifications
