എന്‍എച്ച് 66 ലും 544 ലും അതിവേഗ ചാര്‍ജിങ് ഹബ്ബുകള്‍; ഇലക്ട്രിക്ക് ട്രക്ക് ഇടനാഴി തുറക്കാന്‍ കേരളം!
തിരുവനന്തപുരം: രാജ്യത്തെ ആദ്യ ഇലക്ട്രിക് ട്രക്ക് ഇടനാഴി തുറക്കാന്‍ കേരളം. വലിയ വാഹനങ്ങള്‍ക്കും ചരക്ക് വാഹനങ്ങള്‍ക്കുമായി രാജ്യത്തെ ആദ്യത്തെ ഇലക്ട്രിക് ട്രക്ക് ഇടനാഴികള്‍ (സീറോ എമിഷന്‍ ട്രക്കിങ് കോറിഡോര്‍സെഡ്ഇടി) കെ എസ് ഇ ബിയാണ് സ്ഥാപിക്കുന്നത്. ദേശീയപാത 66, ദേശീയപാത 544 എന്നിവയില്‍ നിശ്ചിത ദൂരത്തില്‍ അതിവേഗ ചാര്‍ജിങ് ഹബുകള്‍ സ്ഥാപിക്കാനാണ് നീക്കം.
ദേശീയപാത 66 മഹാരാഷ്ട്രയിലെ പന്‍വേലിയേയും തമിഴ്നാട്ടിലെ കന്യാകുമാരിയെയും ബന്ധിപ്പിക്കുന്ന നീളമേറിയ പാതകളിലൊന്നാണ്. ഇതില്‍ 650 കിലോ മീറ്ററാണ് കേരളത്തിലൂടെ കടന്ന് പോകുന്നത്. അതിനാല്‍ തന്നെ അന്തര്‍സംസ്ഥാന ചരക്ക് നീക്കത്തിലെ പ്രധാന കരമാര്‍ഗമുള്ള പാത കൂടിയാണിത്. ഈ സാഹചര്യത്തില്‍ ദേശീയപാത 66 ല്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ അതിവേഗ ചാര്‍ജിങ് ഹബ്ബുകള്‍ സ്ഥാപിക്കുന്നതിനാണ് കെ എസ് ഇ ബി പദ്ധതിയിടുന്നത്.

വലിയ ട്രക്കുകള്‍ ഉള്‍പ്പെടെയുള്ള 20 വാഹനങ്ങള്‍ക്ക് ഒരേ സമയം അതിവേഗ ചാര്‍ജിങ് സാധ്യമാകുന്ന ഹബ്ബുകള്‍ ആയിരിക്കും സ്ഥാപിക്കുന്നത്. കൊച്ചിയെയും കോയമ്പത്തൂരിനെയും ബന്ധിപ്പിക്കുന്ന ദേശീയപാത 544 ല്‍ കൊച്ചി, തൃശൂര്‍, പാലക്കാട് എന്നിവിടങ്ങളിലാണ് ഹബ്ബുകള്‍ സ്ഥാപിക്കുക. ഇവിടങ്ങളില്‍ ട്രക്കുകള്‍ക്ക് പുറമേ ഇലക്ട്രിക് ബസുകള്‍ ചാര്‍ജ് ചെയ്യാനും സൗകര്യമുണ്ടാകും.
ദേശീയപാത 66 ലും ദേശീയപാത 544 ലും ട്രക്കുകളുടെ വിശ്രമമേഖലകള്‍, തുറമുഖങ്ങള്‍, ലോജിസ്റ്റിക് ഹബ്ബുകള്‍, സബ് സ്റ്റേഷനുകള്‍ എന്നിവയുടെ സമീപങ്ങളില്‍ ഹബ്ബുകള്‍ക്ക് അനുയോജ്യമായ സ്ഥലങ്ങള്‍ കെ എസ് ഇ ബി ഇതിനോടകം കണ്ടെത്തിയിട്ടുണ്ട്. പിഎം ഇ-ഡ്രൈവ് പദ്ധതിയുടെ ഭാഗമായി സംസ്ഥാന ഏജന്‍സികളുടെ ഏകോപനത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
ഹൈവേകളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിച്ച് ഇലക്ട്രിക് ട്രക്കുകളെയും ബസുകളെയും പ്രോത്സാഹിപ്പിക്കുക എന്നതാണ് ലക്ഷ്യം. വായു മലിനീകരണം കുറയ്ക്കുന്നതിനും കാര്‍ബണ്‍ ബഹിര്‍ഗമനം നിയന്ത്രിക്കുന്നതിനും ട്രക്കുകള്‍ ഉള്‍പ്പെടെയുള്ള ചരക്ക് വാഹനങ്ങള്‍ വൈദ്യുതീകരിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് െൈവദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി വ്യക്തമാക്കി. ഇതിന്റെ ഭാഗമായി പുതിയ പദ്ധതിയും തുടങ്ങിയിട്ടുണ്ട്.
ചരക്ക് വാഹനങ്ങളെ വൈദ്യുതീകരിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യവികസനം ചര്‍ച്ച ചെയ്യുന്നതിനായി കെ എസ് ഇ ബി, ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഓണ്‍ ക്ലീന്‍ ട്രാന്‍സ്‌പോര്‍ട്ടേഷനുമായി (ICCT) സഹകരിച്ച് 'ഡ്രൈവിങ് കേരളാസ് ഇ-ട്രക്ക് ഇക്കോസിസ്റ്റം വിത്ത് പിഎം ഇ-ഡ്രൈവ് സ്‌കീം' എന്ന ശില്‍പ്പശാല സംഘടിപ്പിച്ചിരുന്നു. ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗത്തില്‍ ഇന്ന് ഇന്ത്യയിലെ തന്നെ മുന്‍നിര സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ഇതുവരെ മൂന്ന് ലക്ഷത്തിലധികം വൈദ്യുത വാഹനങ്ങള്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications