കേരളത്തിലെ ദേശീയപാത 66 പൂര്‍ത്തിയാക്കാന്‍ വിജയ് കനിയണം; മറുപടി പറയാതെ തമിഴ്‌നാട്
ദേശീയപാത 66 നിര്‍മാണം നിലച്ചതോടെ തമിഴ്‌നാട് സര്‍ക്കാരിനോട് സഹായം തേടി കേരളം. റോഡ് നിര്‍മാണത്തിനാവശ്യമായ കല്ലുകളും മറ്റ് നിര്‍മ്മാണ സാമഗ്രികളും ഇനി തമിഴ്‌നാട് കനിഞ്ഞാലെ കേരളത്തിലെത്തു. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി വിഡി സതീശന്‍ തമിഴ്‌നാട് മുഖ്യമന്ത്രി വിജയിയുമായി സംസാരിച്ചിരുന്നെങ്കിലും ഇതുവരേയും അനുകൂലമായ നടപടി ഉണ്ടായിട്ടില്ല.
ഹൈവേയുടെ പല ഭാഗങ്ങളിലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലായതില്‍ ആശങ്ക പ്രകടിപ്പിച്ച പൊതുമരാമത്ത് വകുപ്പ് മന്ത്രി പികെ ബഷീര്‍, സാമഗ്രികളുടെ ലഭ്യതയിലുള്ള തടസങ്ങള്‍ നീക്കാന്‍ ഭരണപരമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. പ്രവൃത്തികള്‍ വേഗത്തിലാക്കാന്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടുകൊണ്ട്, 2026 ജൂലൈ 7-നും സെപ്റ്റംബര്‍ 24-നും കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തിന് സംസ്ഥാന സര്‍ക്കാര്‍ നിവേദനങ്ങള്‍ സമര്‍പ്പിച്ചിരുന്നു.

മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയും ദേശീയപാത 66-ന്റെ പുരോഗതി വിലയിരുത്തിയതിന് പിന്നാലെയാണ് ഈ നിവേദനങ്ങള്‍ നല്‍കിയത്. അതേസമയം ജനപ്രതിനിധികള്‍ ഉന്നയിച്ച അധിക ആവശ്യങ്ങള്‍, നിര്‍മ്മാണ രീതികളിലെ പോരായ്മകള്‍, നിര്‍മ്മാണ സാമഗ്രികളുടെ ക്ഷാമം, കരാറുകാരുടെയും തൊഴിലാളികളുടെയും ഭാഗത്തുനിന്നുണ്ടായ വീഴ്ചകള്‍ എന്നിവയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വൈകുന്നതിന് കാരണമെന്ന് നാഷണല്‍ ഹൈവേ അതോറിറ്റി ചൂണ്ടിക്കാട്ടുന്നു.
ഹൈവേയുടെ വിവിധ ഭാഗങ്ങളിലെ മന്ദഗതിയിലായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുമ്പോള്‍ സംസ്ഥാന സര്‍ക്കാരും ഇക്കാര്യം വിലയിരുത്തിയിരുന്നു. തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലേക്ക് നിര്‍മ്മാണ സാമഗ്രികള്‍ കൊണ്ടുവരുന്നതിന് സമീപ മാസങ്ങളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ താല്‍ക്കാലിക ക്ഷാമത്തിന് കാരണമായതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഹൈവേ നിര്‍മ്മാണത്തിന് തമിഴ്നാട്ടില്‍ നിന്നുള്ള കല്ലുകള്‍ ആവശ്യമാണ്.
അതിനാല്‍ നിലവിലുള്ള ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ട് ആവശ്യമായ ഇളവുകളോ മറ്റ് ഭരണപരമായ നടപടികളോ സ്വീകരിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ തമിഴ്‌നാടിനോട് അഭ്യര്‍ത്ഥിച്ചിരുന്നു. സാമഗ്രികള്‍ സംസ്ഥാനാന്തര തലത്തില്‍ തടസമില്ലാതെ എത്തിക്കുന്നതിന് സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട് ചീഫ് സെക്രട്ടറി തമിഴ്നാട് ചീഫ് സെക്രട്ടറിക്കും കത്തഴുതിയിരുന്നു.
തമിഴ്‌നാട്ടില്‍ നിന്നുള്ള മറുപടിക്കായി കേരളം കാത്തിരിക്കുകയാണ്. നിര്‍മ്മാണ സ്ഥലങ്ങളിലെ പ്രശ്നങ്ങള്‍ എന്നതിലുപരി, സംസ്ഥാനങ്ങള്‍ തമ്മിലുള്ള ഭരണപരമായ വിഷയമായാണ് ഈ സാമഗ്രി വിതരണ പ്രതിസന്ധിയെ സര്‍ക്കാര്‍ അവതരിപ്പിച്ചിരിക്കുന്നത്. ദേശീയപാത നിര്‍മ്മാണത്തിന് ആവശ്യമായ മണ്ണ് ഖനനം, ക്വാറി പ്രവര്‍ത്തനം എന്നിവയുമായി ബന്ധപ്പെട്ട അപേക്ഷകളില്‍ നടപടികള്‍ വേഗത്തിലാക്കാന്‍ വ്യവസായ വകുപ്പിനും ജില്ലാ കളക്ടര്‍മാര്‍ക്കും കേരള സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി.
നിര്‍മ്മാണ പുരോഗതിയെ ബാധിക്കുന്ന സാമഗ്രികളുടെ ലഭ്യതയും അനുബന്ധ അനുമതികളും പരിഹരിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമാണിത്. അധിക ആവശ്യങ്ങള്‍ കാരണം ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും, പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് പിന്തുണ നല്‍കുന്നതിനുമായി, മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ജനപ്രതിനിധികളുടെ യോഗം വരും ആഴ്ചകളില്‍ ചേരും.
ഈ യോഗത്തിന് ശേഷം, ആവശ്യമായ ഇടപെടലുകള്‍ സംബന്ധിച്ച പട്ടിക നാഷണല്‍ ഹൈവേ അതോറിറ്റിക്ക് സമര്‍പ്പിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നത്.


Click it and Unblock the Notifications
