ആറുവരിപ്പാതയിലേക്ക് ബസുകള്‍ കയറരുത്... കെഎസ്ആര്‍ടിസിക്കും നോ എന്‍ട്രി; കര്‍ശന നടപടിക്ക് എംവിഡി
നിര്‍മാണം പൂര്‍ത്തിയായ ആറുവരി ദേശീയപാതയില്‍ കെ എസ് ആര്‍ ടി സി ഉള്‍പ്പെടെയുള്ള ബസുകള്‍ ഓടിക്കുന്നതിന് വിലക്കുമായി മോട്ടോര്‍ വാഹന വകുപ്പ്. ആറുവരിപ്പാതയില്‍ നിയമങ്ങള്‍ ലംഘിച്ച് ബസ് ഡ്രൈവര്‍മാര്‍ വാഹനമോടിക്കുന്നത് മൂലം അപകടങ്ങള്‍ വര്‍ധിച്ച് വരുന്ന സാഹചര്യത്തിലാണ് എം വി ഡിയുടെ നടപടി. ബസുകള്‍ സര്‍വീസ് റോഡുകള്‍ വഴിയാണ് സര്‍വീസ് നടത്തേണ്ടത് എന്ന് എം വി ഡി വ്യക്തമാക്കി.
നിര്‍ദ്ദേശം ലംഘിച്ച് ദേശീയപാതയില്‍ സര്‍വീസ് നടത്തുന്ന ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കും എന്നും ആറുവരി ദേശീയപാതയില്‍ ഒരിടത്തും വാഹനങ്ങള്‍ നിര്‍ത്താന്‍ പാടില്ല എന്നും എം വി ഡി പറഞ്ഞു. ബസുകള്‍ക്ക് നിര്‍ത്തേണ്ട സ്റ്റോപ്പുകള്‍ ക്രമീകരിച്ചിരിക്കുന്നത് സര്‍വീസ് റോഡുകളിലാണ്. അതേസമയം സര്‍വീസ് റോഡുകള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ ബസുകള്‍ക്ക് ദേശീയപാതയിലേക്ക് പ്രവേശിക്കാം.

എന്നാല്‍ ഇത് താല്‍ക്കാലികമായ ഒരു ക്രമീകരണം മാത്രമാണ് എന്ന് ബസ് ഡ്രൈവര്‍ മനസിലാക്കണംം. നേരത്തെ ചില ബസ് ഡ്രൈവര്‍മാര്‍ ആറുവരിപ്പാതയിലൂടെ വാഹനം ഓടിക്കുകയും യാത്രക്കാരെ പാതയില്‍ തന്നെ ഇറക്കിവിടുകയും ചെയ്ത നടപടി പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു. ഇങ്ങനെ ഇറക്കി വിടുന്ന യാത്രക്കാര്‍ക്ക് ഹൈവേയില്‍ നിന്ന് പുറത്തുകടക്കാന്‍ കിലോമീറ്ററുകളോളം നടക്കേണ്ടി വരുന്ന അവസ്ഥയുണ്ടായി.
സര്‍വീസ് റോഡുകള്‍ ഒഴിവാക്കിയാല്‍ ബസുകള്‍ക്കെതിരെ ശക്തമായ നിയമ നടപടി ഉണ്ടാകുമെന്നാണ് എംവിഡി അറിയിച്ചിരിക്കുന്നത്. തെറ്റായ ദിശയില്‍ വാഹനം ഓടിക്കുന്നതും പാതയില്‍ വാഹനം റിവേഴ്‌സ് ചെയ്യുന്നതും സംബന്ധിച്ചും പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. അമിതവേഗതയും അപകടങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. ദേശീയ പാതയില്‍ പലതവണയായി അപകടങ്ങള്‍ തുടര്‍ക്കഥയാകുന്ന പശ്ചാത്തലത്തിലും ഇത്തരം അനാസ്ഥകള്‍ക്കെതിരെ നടപടി ഉണ്ടാകുന്നില്ലെന്ന വിമര്‍ശനം ശക്തമാണ്.
അതേസമയം നിര്‍മാണം പുരോഗമിക്കുന്ന ദേശീയപാത 66 ആറുവരിപ്പാതയില്‍ പലയിടങ്ങളിലായി മുപ്പതോളം ഗുരുതര ഗതാഗത സുരക്ഷാ പ്രശ്‌നങ്ങളെന്നു സംയുക്ത സമിതി കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഈ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള സമിതിയുടെ റിപ്പോര്‍ട്ട് കലക്ടര്‍ക്ക് കൈമാറിയിട്ടുണ്ട്. പൊലീസ്, മോട്ടര്‍ വാഹന വകുപ്പ്, തദ്ദേശ വകുപ്പ്, ദേശീയപാത അതോറിറ്റി, നാറ്റ്പാക് എന്നിവയുടെ പ്രതിനിധികള്‍ എന്നിവരാണ് സംയുക്ത പരിശോധന നടത്തിയത്.
ദിശാ സൂചനാ ബോര്‍ഡുകള്‍, റിഫ്‌ലക്ടീവ് സൈന്‍ ബോര്‍ഡുകള്‍, റിഫ്‌ലെക്ടറോടു കൂടിയ സംരക്ഷണ ഭിത്തി എന്നിവയുടെ കുറവ് പാതയില്‍ മിക്കയിടത്തുമുണ്ടെന്നാണ് കണ്ടെത്തല്‍. ചിലയിടത്ത് നിര്‍മാണ സാമഗ്രികളും മറ്റും നീക്കം ചെയ്തിട്ടില്ലെന്നും ഇത് അപകടകരമായ രീതിയില്‍ കൂട്ടിയിട്ടിരിക്കുകയാണ് എന്നും സമിതി കണ്ടെത്തി. ആറുവരിപ്പാതയിലും സര്‍വീസ് റോഡുകളിലുമുള്ള അനധികൃത പാര്‍ക്കിങ് ഒഴിവാക്കാന്‍ കര്‍ശനമായ പട്രോളിങ് ഏര്‍പ്പെടുത്തണമെന്നും സമിതി നിര്‍ദേശിച്ചു.





Click it and Unblock the Notifications
