എന്‍എച്ച്-66 കേരളത്തിലെത്തിയാല്‍ വിശ്രമിക്കാന്‍ സ്ഥലമില്ല; സര്‍ക്കാരിനോട് ദേശീയപാത അതോറിറ്റി
കേരളത്തിലെ ദേശീയപാത 66-ന്റെ 642 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയില്‍ യാത്രക്കാര്‍ക്ക് വിശ്രമിക്കാനോ വാഹനം നിര്‍ത്തിയിടാനോ പ്രത്യേക സൗകര്യങ്ങളില്ല. ദീര്‍ഘദൂര യാത്രക്കാര്‍ക്ക് ഇത് വലിയ അസൗകര്യമാണ് സൃഷ്ടിക്കുന്നത്. ഇതിന് പരിഹാരമെന്നോണം പാതയോര സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ സഹായം തേടാന്‍ നാഷണല്‍ ഹൈവേ അതോറിറ്റി തീരുമാനിച്ചിരിക്കുകയാണ്.
ഈ മാസം ആദ്യം തൃശൂരില്‍ ദേശീയപാതയില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ കാറിടിച്ച് എട്ട് എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവം അതിവേഗ പാതയിലെ അടിസ്ഥാന സുരക്ഷാ സംവിധാനങ്ങളുടെ അപര്യാപ്തത സംബന്ധിച്ച ചര്‍ച്ചയെ വീണ്ടും സജീവമാക്കിയിരിക്കുകയാണ്. വീതികൂട്ടിയ ദേശീയപാത 66-ന്റെ കൂടുതല്‍ ഭാഗങ്ങള്‍ ഗതാഗതത്തിനായി തുറന്നുകൊടുക്കുമ്പോള്‍, യാത്രക്കാര്‍ക്ക് വാഹനം നിര്‍ത്തി വിശ്രമിക്കാനും പാര്‍ക്ക് ചെയ്യാനുമുള്ള പ്രത്യേക സ്ഥലങ്ങളുടെ അഭാവം വലിയൊരു വെല്ലുവിളിയായി മാറുകയാണ്.

ഉയര്‍ന്ന വേഗതയില്‍ വാഹനങ്ങള്‍ സഞ്ചരിക്കുന്നതിനാല്‍, പാതയോരങ്ങളില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നതോ സുരക്ഷിതമല്ലാത്ത സ്ഥലങ്ങളില്‍ നിര്‍ത്തുന്നതോ ഗുരുതരമായ അപകടങ്ങള്‍ക്ക് കാരണമായേക്കാമെന്ന് ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. വിശ്രമ കേന്ദ്രങ്ങള്‍, ട്രക്ക് പാര്‍ക്കിംഗ് ഇടങ്ങള്‍, മറ്റ് പാതയോര സൗകര്യങ്ങള്‍ എന്നിവ വികസിപ്പിക്കുന്നതിനായി ദേശീയപാത 66-നോട് ചേര്‍ന്നുള്ള ഒഴിഞ്ഞ സര്‍ക്കാര്‍ ഭൂമി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ തന്നെ ദേശീയപാത അതോറിറ്റി സംസ്ഥാന സര്‍ക്കാരിനെ ഇക്കാര്യം അറിയിച്ചിരുന്നു.
ദേശീയപാത അതോറിറ്റിയുടെ മാനദണ്ഡങ്ങള്‍ പ്രകാരം, യാത്രക്കാര്‍ക്ക് വിശ്രമിക്കാനും ലഘുഭക്ഷണം കഴിക്കാനും സൗകര്യമൊരുക്കുന്നതിനായി ദേശീയപാതകളില്‍ ഓരോ 60 കിലോമീറ്ററിലും പാതയോര സൗകര്യങ്ങള്‍ ഒരുക്കേണ്ടതുണ്ട്. എന്നാല്‍, കേരളത്തിലെ ഭൂലഭ്യതയിലുള്ള പരിമിതികള്‍ കണക്കിലെടുത്ത്, ദേശീയപാത 66-ല്‍ ഏകദേശം 100 കിലോമീറ്റര്‍ ഇടവേളകളില്‍ കുറഞ്ഞത് 10 പാതയോര സൗകര്യ കേന്ദ്രങ്ങളെങ്കിലും കണ്ടെത്താനാണ് ദേശീയപാത അതോറിറ്റി നിര്‍ദ്ദേശിച്ചിരിക്കുന്നത്.
ദേശീയപാതകളില്‍ ഭാരമേറിയ വാഹനങ്ങളും വാണിജ്യ വാഹനങ്ങളും പാര്‍ക്ക് ചെയ്യുന്നത് നിരോധിച്ച് ഏപ്രിലില്‍ സുപ്രീം കോടതി കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. കൂടാതെ, ഓരോ 75 കിലോമീറ്ററിലും സുരക്ഷിതമായ പാര്‍ക്കിംഗ്, ഭക്ഷണ സൗകര്യങ്ങള്‍, ശുചിമുറികള്‍, പ്രഥമശുശ്രൂഷാ സംവിധാനങ്ങള്‍ എന്നിവയോടുകൂടിയ ട്രക്ക് വിശ്രമ കേന്ദ്രങ്ങള്‍ നിര്‍മ്മിക്കാന്‍ ദേശീയപാത അതോറിറ്റിയോടും റോഡ് ഗതാഗത-ഹൈവേ മന്ത്രാലയത്തോടും കോടതി നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ വര്‍ഷം നടത്തിയ പരിശോധനയില്‍, കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് സമീപം പുതുതായി നിര്‍മ്മിച്ച പാതയ്ക്കും നിലവിലുള്ള ദേശീയപാത 66-നും ഇടയിലുള്ള 1.4 ഹെക്ടര്‍ ഒഴിഞ്ഞ ഭൂമി വിശ്രമ കേന്ദ്രങ്ങളും ട്രക്ക് പാര്‍ക്കിംഗ് ഇടങ്ങളും നിര്‍മ്മിക്കാന്‍ അനുയോജ്യമാണെന്ന് ദേശീയപാത അതോറിറ്റി കണ്ടെത്തിയിരുന്നു. ദേശീയപാത അതോറിറ്റി ഇതിന് വേണ്ടി സര്‍വകലാശാലയെ സമീപിച്ചെങ്കിലും ഭൂമി വിട്ടുനല്‍കാന്‍ അവര്‍ വിസമ്മതിച്ചു.
'സംസ്ഥാന സര്‍ക്കാരുമായി ഞങ്ങള്‍ ഈ ആവശ്യം ഉന്നയിക്കുകയും ഏകദേശം 100 കിലോമീറ്റര്‍ ഇടവേളകളില്‍ ഭൂമി കണ്ടെത്താന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. കൃത്യമായ ഇടവേളകളില്‍ സര്‍ക്കാര്‍ ഭൂമി കണ്ടെത്തി പാതയോര സൗകര്യങ്ങളുടെ ഒരു ശൃംഖല സ്ഥാപിക്കുക എന്നതാണ് പ്രായോഗികമായ പരിഹാരം. ഭൂമി ഏറ്റെടുക്കല്‍ നടപടികളിലേക്ക് കടന്നാല്‍ അതിന് വളരെയധികം സമയമെടുക്കും,' ദേശീപാത അതോറിറ്റി വൃത്തങ്ങള്‍ പറഞ്ഞു.
എന്നാല്‍ ഇതിന്റെ പ്രാഥമിക ഉത്തരവാദിത്തം ദേശീയപാത അതോറിറ്റിക്കാണെന്നാണ് പൊതുമരാമത്ത് വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറയുന്നത്. വിവിധ സ്ഥലങ്ങളില്‍ ഹൈവേയ്ക്കായി ദേശീയപാത അതോറിറ്റി ഭൂമി ഏറ്റെടുക്കുന്നുണ്ട് എന്നും ആ പ്രക്രിയയുടെ ഭാഗമായിത്തന്നെ പാതയോര സൗകര്യ കേന്ദ്രങ്ങള്‍ക്കായുള്ള ഭൂമിയും ഏറ്റെടുക്കാവുന്നതാണ് എന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.


Click it and Unblock the Notifications
