137 രൂപ ചലഞ്ച് ഔദ്യോഗികം; കോണ്‍ഗ്രസുകാര്‍ മറ്റു പിരിവുകളില്‍ വഞ്ചിതരാകരുത്- കെ സുധാകരന്‍
തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ മറപിടിച്ച് സംഘടനകള്‍ രൂപീകരിക്കുകയും പണപ്പിരിവ് നടത്തുകയും ചെയ്യുന്നതിനെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ കെപിസിസി തീരുമാനം. കോണ്‍ഗ്രസിന്റേതെന്ന് തോന്നിക്കുന്ന തരത്തിലുള്ള സംഘടനകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെന്നും ഇത്തരം സംഘടനകള്‍ രൂപീകരിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. പ്രാദേശികമായി ചില സംഘടനകള്‍ രൂപീകരിക്കുകയും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇത്തരം സംഘടനകളുടെ ബാനറില്‍ പണപ്പിരിവ് നടക്കുന്നു എന്ന് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പ്രചാരണമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ജാഗ്രത പാലിക്കണമെന്ന് കെ സുധാകരന്‍ എംപി ആവശ്യപ്പെട്ടിരിക്കുന്നത്.

നേറ്റീവ് കോണ്‍ഗ്രസ് ബ്രിഗേഡ്, മഹിളാ കോണ്‍ഗ്രസ് ബ്രിഗേഡ് എന്നീ പേരുകളിലാണ് പുതിയ സംഘടനകള്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഇവര്‍ വ്യാപകമായി പണപ്പിരിവ് നടത്തുകയും ചെയ്യുന്നുണ്ട്. ഈ സംഘടനയ്ക്ക് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അംഗീകാരമില്ല. പ്രവര്‍ത്തകര്‍ വഞ്ചിതരാകരുത്. ഇത്തരം സംഘടനകളില്‍ പ്രവര്‍ത്തിക്കരുത്. പണം നല്‍കി വഞ്ചിതരാകുകയും ചെയ്യരുത്. പ്രവര്‍ത്തകരെ തെറ്റിദ്ധരിപ്പിച്ച് നേറ്റീവ് കോണ്‍ഗ്രസ് ബ്രിഗേഡില്‍ അംഗമാക്കാന്‍ ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നുണ്ട്. കോണ്‍ഗ്രസിന്റെ പേര് ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാനും കെപിസിസി തീരുമാനിച്ചു.
കോണ്‍ഗ്രസ് അടുത്തിടെ 137 രൂപ ചലഞ്ച് എന്ന പേരില്‍ പിരിവ് ആരംഭിച്ചിരുന്നു. പാര്‍ട്ടി രൂപീകരിക്കപ്പെട്ട വര്‍ഷം കണക്കാക്കിയാണ് ഇത്തരത്തില്‍ പിരിവ് ആരംഭിച്ചത്. പ്രവര്‍ത്തന മൂലധനം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്. 137 രൂപ ചലഞ്ച് മാത്രമാണ് കെപിസിസി പ്രഖ്യാപിച്ചിട്ടുള്ളത്. മറ്റു രീതിയിലുള്ള യാതൊരു പണപ്പിരിവും കെപിസിസി നടത്തുന്നില്ലെന്നും കെ സുധാകരന്‍ അറിയിച്ചു. ഇക്കാര്യങ്ങള്‍ വിശദീകരിച്ച് കോണ്‍ഗ്രസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ വന്ന കുറിപ്പിന്റെ പൂര്‍ണ രൂപം വായിക്കാം....
അംഗീകാരമില്ലാത്ത സംഘടന രൂപീകരിക്കുന്നവര്‍ക്കെതിരെ നടപടി: കെ സുധാകരന്‍ എംപി
കെപിസിസിയുടെ അംഗീകാരമില്ലാതെ സംഘടനാ രൂപീകരിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.
നേറ്റീവ് കോണ്‍ഗ്രസ് ബ്രിഗേഡ് (എന്‍സിബി), മഹിളാ കോണ്‍ഗ്രസ് ബ്രിഗേഡ് എന്ന പേരില്‍ സംഘടനകള്‍ രൂപീകരിക്കുകയും വ്യാപകമായി പണപ്പിരിവ് നടത്തുകയും ചെയ്തിട്ടുണ്ട്. ഈ സംഘടനയ്ക്ക് കെപിസിസിയുടെ അംഗീകാരമില്ല. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തെറ്റിദ്ധരിപ്പിച്ച് നേറ്റീവ് കോണ്‍ഗ്രസ് ബ്രിഗേഡ് സംഘടനയുടെ ഭാഗമാക്കാന്‍ ചില കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കോണ്‍ഗ്രസിന്റെ പേര് ദുരുപയോഗം ചെയ്ത് സംഘടന രൂപീകരിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും.ഇത്തരം ചതിക്കുഴിയില്‍പ്പെട്ട് വഞ്ചിതരാകാതിരിക്കാനും പണം നഷ്ടപ്പെടാതിരിക്കാനും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും സുധാകരന്‍ പറഞ്ഞു.
കോണ്‍ഗ്രസിന് ഔദ്യോഗികമായി സംഭാവന നല്‍കുന്നതിനായി 137 രൂപ ചലഞ്ച് എന്ന പദ്ധതി കെപിസിസി പ്രഖ്യാപിച്ചിട്ടുണ്ട്. അത് പ്രകാരം മാത്രമാണ് കെപിസിസി സംഭാവന ആവശ്യപ്പെട്ടിട്ടുള്ളതെന്നും കെപിസിസി പ്രസിഡന്റ് അറിയിച്ചു.












Click it and Unblock the Notifications