നാട്ടകം പോളിയിലെ ക്രൂര റാഗിങ്; 5 പ്രതികള്‍ പോലീസില്‍ കീഴടങ്ങി
കോട്ടയം: നാട്ടകം ഗവ. പോളിടെക്‌നിക് കോളജ് ഹോസ്റ്റലിലെ ക്രൂരമായ റാഗിങ്ങുമായി ബന്ധപ്പെട്ട് ഒളിവില്‍ പോയ അഞ്ചു പേര്‍ കീഴടങ്ങി. ജെറിന്‍, സരണ്‍, മനു, റെയ്‌സണ്‍, ജയകൃഷ്ണന്‍ എന്നീ പ്രതികള്‍ ചങ്ങനാശ്ശേരി ഡി.വൈ.എസ്.പി ഓഫീസിലാണ് കീഴടങ്ങിയത്. രക്ഷിതാക്കള്‍ക്കൊപ്പമാണ് ഇവര്‍ സ്‌റ്റേഷനിലെത്തിയത്. കേസില്‍ മൂന്ന് പേരെ കൂടി പിടികൂടാനുണ്ട്.
കോട്ടയം, തിരുവനന്തപുരം, കൊല്ലം, എറണാകുളം സ്വദേശികളാണ് കീഴടങ്ങിയ വിദ്യാര്‍ഥികളെന്ന് പോലീസ് പറഞ്ഞു. ഇലക്ട്രിക്കല്‍ ഡിപ്ലോമാ വിദ്യാര്‍ഥി തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശി അവിനാഷിനെയാണ് പ്രതികള്‍ അതിക്രൂരമായി റാഗിങ്ങിന് വിധേയനാക്കിയത്. റാഗിങ്ങിന് ഇരയായ അവിനാഷിന്റെ വൃക്കകള്‍ തകര്‍ന്നിരുന്നു.

ഡിസംബര്‍ രണ്ടിന് രാത്രി കോട്ടയത്തെ നാട്ടകം പോളിടെക്‌നിക് കോളേജിലെ ഹോസ്റ്റലില്‍ വെച്ചായിരുന്നു റാഗിങ്. മൂന്നാംതീയതി പുലര്‍ച്ചെ മൂന്നുമണി വരെ ശാരീരിക പീഡനം നടത്തുകയും ബലം പ്രയോഗിച്ച് മദ്യം കുടിപ്പിക്കുകയും ചെയ്‌തെന്ന് പരാതിയിലുണ്ട്. അവിനാഷിനെ കൂടാതെ എറണാകുളം സ്വദേശിയായ വിദ്യാര്‍ഥി ഷൈജു ഡി.ഗോപിക്കും പരുക്കേറ്റിരുന്നു.
കഴിഞ്ഞവര്‍ഷം കോളജില്‍നിന്നു പഠനം പൂര്‍ത്തിയാക്കിപ്പോയ വിദ്യാര്‍ഥിയുടെ നേതൃത്വത്തിലായിരുന്നു റാഗിങ്. സംഭവത്തില്‍ കോളേജ് അധികാരികളോ ഹോസ്റ്റല്‍ വാര്‍ഡനോ നടപടിയെടുത്തില്ലെന്ന് അവിനാശിന്റെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു.












Click it and Unblock the Notifications