തുരുത്ത മലയിൽ ഉരുൾപൊട്ടി: മലവെള്ള പാച്ചിലില്‍ വ്യാപക നാശം
പേരാമ്പ്ര: കനത്ത മഴയിൽ തുരുത്ത മലയിൽ ഉരുൾപൊട്ടി മലവെള്ള പാച്ചിലില്‍ വ്യാപക നാശം. കായണ്ണ പഞ്ചായത്തിലെ ചെറുക്കാട്, കറത്തമ്പത്ത്, പാടിക്കുന്ന്, കോട്ടൂർ പഞ്ചായത്തിലെ പാത്തിപ്പാറ ഭാഗങ്ങളിലെ ഇരുപതോളം വീടുകളിൽ വെള്ളം കയറി. നിരവധി കർഷകരുടെ കൃഷി നശിച്ചു. പാത്തിപ്പാറ തുരുത്ത മലയിൽ ഉരുൾപൊട്ടിയതാവാം മലവെള്ളത്തിന്റെ കുത്തൊഴുക്കിന് കാരണമെന്ന് കരുതുന്നു.
കറുത്തമ്പത്ത് ജയൻ, രാജൻ, വിനോദൻ, കല്ലാനിക്കൽ രാജൻ, രാഘവൻ ചെട്ട്യാംങ്കണ്ടി, പാടിക്കുന്നുമ്മൽ ബാലൻ, സുഗതൻ, കാപ്പുമ്മൽ ബാബു, പി. കെ. ബാലൻ, ചേണികണ്ടി കുന്നുമ്മൽ ചന്ദ്രൻ, കുഞ്ഞിച്ചെക്കിണി, കൊച്ചുമാരി അസീസ്, വടക്കേടത്ത് ഷിജിൻ, കാരോച്ചാലിൽ സുര എന്നിവരുടെ വീടുകളിലാണ് വെള്ളം കയറിയത്.

വീടുകളിലേയും വീട്ടുപകരണങ്ങൾക്ക് കേടുവരുകയും ഒലിച്ച് പോവുകയും ചെയ്തിട്ടുണ്ട്.മരോട്ടിക്കൽ മോഹൻദാസിന്റെ കാർഷിക നഴ്സറിയിലെ നിരവധി തൈകൾ നശിച്ചു. കരിങ്കൽകെട്ട് തകരുകയും ചെയ്തു. സി. കെ. ഷിബു, ചെറിയ പുത്തലത്ത് ജയരാജൻ എന്നിവരുടേത് ഉൾപ്പെടെ നിരവധിയാളുകളുടെ കപ്പ, വാഴ കൃഷികൾ നശിച്ചു.
കൊല്ലനാരി തോട് കരകവിഞ്ഞൊഴുകി. പാത്തിപ്പാറ, നരയംകുളം റോഡുകളും വെള്ളത്തിനടിയിലായി. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 1.15 ഓടെ ആരംഭിച്ച മഴ മൂന്ന് മണിയോടെയാണ് ശമിച്ചത്.












Click it and Unblock the Notifications