പുതുവർഷത്തിൽ അടിമുടി മാറി നവകേരള ബസ്; ടിക്കറ്റ് നിരക്ക് പുതുക്കി, സമയത്തിലും മാറ്റം, സീറ്റും കൂട്ടി
കോഴിക്കോട്: നവകേരള യാത്രയ്ക്ക് പിന്നാലെ ഏറ്റവും കൂടുതൽ ചർച്ചയായ പേരായിരുന്ന നവ കേരള ബസ്. ബസ്സിനെ പറ്റി പല കഥകളും പ്രചരിച്ചിരുന്നു. അങ്ങനെ വിവാദ ബസ് ഒടുവിൽ ഗരുഡ പ്രീമിയമായി ഓടാനും തുടങ്ങി. എന്നാൽ ആ ഓട്ടം സക്സസ് ആയില്ല. ആളില്ലാതെ നഷ്ടത്തിലായപ്പോൾ സർവീസ് നിർത്തി വെക്കേണ്ടി വന്നു. എന്നാൽ മുന്നോട്ട് വെച്ച കാൽ മുന്നോട്ട് തന്നെ എന്ന് പറഞ്ഞുകൊണ്ട് നവകേരള ബസ് വീണ്ടും ഒരു വരവ് കൂടി വന്നു. ആ വരവ് തെറ്റിയുമില്ല.
മുഖം മിനിക്കി എത്തിയ നവകേരള ബസ് പുതുവർഷം തുടങ്ങിയത് ഫുൾ ബുക്കിങ്ങുമായിട്ടായിരുന്നു. കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്കാണ് ഗരുഡ പ്രീമിയം സർവീസ് ഇന്ന് രാവിലെ നിറയെ ആളുകളുമായി സർവീസ് ആരംഭിച്ചത്. യാത്രക്കാർ കുറഞ്ഞതിന് പിന്നാലെ പുതുക്കി പണിത ബസ്സാണ് ഫുൾ ബുക്കിങ്ങോടെ സർവീസ് തുടങ്ങിയത്.

പുതിയ സമയക്രമ പ്രകാരം നവകേരള ബസ് രാവിലെ 8. 25 ന് ആണ് സർവീസ് ആരംഭിക്കുന്നത്. രാത്രി 10. 25 ന് ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് തിരിക്കും. ബത്തേരി, മൈസൂരു വഴിയാണ് യാത്ര. ബെംഗളൂരുവിൽ നിന്ന് കോഴിക്കോട് വരെ 900 രൂപയാണ് അടിസ്ഥാന ടിക്കറ്റ് നിരക്ക് എന്നാണ് വിവരം. ജി എസ് ടിയും റിസർവേഷനും ഉൾപ്പെടെ 968 രൂപ നൽകേണ്ടി വരും. നേരത്തെ ടിക്കറ്റ്നിരക്ക് 1280 രൂപയായിരുന്നു.
മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള യാത്രയ്ക്ക് ഉപയോഗിച്ച ബസ് മേയ് അഞ്ചിനാണ് സർവീസ് ആരംഭിച്ചക്. എന്നാൽ യാത്രക്കാർ കുറവായതോടെ സർവീസ് നിർത്തി. ഇതിന് പിന്നാലെ ബസ് നവീകരിക്കാനായി ജൂലായിൽ ബസ് ബെംഗളൂകുവിലെ വർക്ക് ഷോപ്പിലേക്ക് മാറ്റി. പഴയ ബസ്സിൽ ഉണ്ടായിരുന്ന പിന്നിലെ വാതിലും എക്സലേറ്ററും മാറ്റി. കിടന്നുപോകാനുള്ള സീറ്റുകൾ ഒഴിവാക്കി പുഷ് ബാക്ക് മാത്രമാക്കി. ശുചി മുറി നിലനിർത്തി. സീറ്റുകളുടെ എണ്ണം 26 ൽ നിന്ന് 37 ആക്കി.
യാത്രക്കാരുടെ സൗകര്യത്തിന് അനുസരിച്ചായിരുന്നില്ല സമയക്രമം. ടിക്കറ്റ് നിരക്കിനെക്കുറിച്ചും പരാതിയുണ്ടയായിരുന്നു. ഈ പ്രശ്നങ്ങളെല്ലാം പരിഹരിച്ചാണ് വീണ്ടും സർവീസ് ആരംഭിച്ചത്. ഒന്നരക്കോടി ചെലവിട്ട് വാങ്ങിയ ബസിനെതിരെ നേരത്തെ വിമർശനം ഉയർന്നിരുന്നു.


Click it and Unblock the Notifications