വാതില്‍ കേടായി, കയര്‍ കൊണ്ട് കെട്ടി യാത്ര; നവകേരളബസിന്റെ ആദ്യ സര്‍വീസില്‍ തന്നെ കല്ലുകടി
കോഴിക്കോട്: സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച നവകേരള സദസില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സഞ്ചരിച്ച ബസ് പൊതുജനങ്ങള്‍ക്കായുള്ള ആദ്യ സര്‍വീസ് ആരംഭിച്ചപ്പോള്‍ തന്നെ തകരാറിലായി. ഇന്ന് പുലര്‍ച്ചെ നാലരയോടെ കോഴിക്കോട് - ബെംഗളൂരു റൂട്ടിലായിരുന്നു ബസിന്റെ കന്നിയോട്ടം. അന്തര്‍ സംസ്ഥാന സര്‍വീസായ ഗരുഡ പ്രീമിയം ആയാണ് സര്‍വീസ് ആരംഭിച്ചത്.
എന്നാല്‍ ആദ്യ യാത്രയില്‍ തന്നെ ബസിന്റെ വാതില്‍ കേടായി. ഇതോടെ ചരടുകൊണ്ട് വാതില്‍ കെട്ടിവച്ചായിരുന്നു യാത്ര തുടര്‍ന്നത്. ഡോറിലെ ഹൈഡ്രോളിക് സംവിധാനം കേടായതോടെ തനിയെ തുറക്കുകയായിരുന്നു. ബലം പ്രയോഗിച്ച് അടച്ച് യാത്ര തുടരാന്‍ ശ്രമിച്ചെങ്കിലും ഇടയ്ക്കിടെ ഡോര്‍ തുറന്ന് കൊണ്ടേയിരിക്കുകയായിരുന്നു. എന്നാല്‍ ശക്തമായി കാറ്റ് അടിക്കാന്‍ തുടങ്ങിയതോടെ കാരന്തൂര്‍ എത്തിയപ്പോള്‍ ബസ് നിര്‍ത്തിയിട്ടു.

തുടര്‍ന്ന് യാത്രക്കാരുടെ നേതൃത്വത്തില്‍ ബാഗിന്റെ വള്ളി ഉപയോഗിച്ച് വാതില്‍ കെട്ടി വെച്ചാണ് യാത്ര തുടര്‍ന്നത്. പിന്നീട് ബത്തേരി ഡിപ്പോയിലെത്തിയതിന് ശേഷമാണ് പ്രശ്‌നം പരിഹരിച്ചത്. എമര്‍ജന്‍സി എക്‌സിറ്റ് സ്വിച്ച് ഓണായി കിടന്നത് കൊണ്ടായിരുന്നു ഡോര്‍ ഇടയ്ക്കിടെ തുറന്നത്. ഏപ്രില്‍ മുപ്പതിനാണ് സീറ്റ് ബുക്കിംഗിന് ഓണ്‍ലൈന്‍ സൗകര്യം ഏര്‍പ്പെടുത്തിയത്.
യാത്രക്കാരില്‍ നിന്ന് മികച്ച പ്രതികരണം ലഭിച്ചതോടെ രണ്ട് ദിവസം കൊണ്ട് തന്നെ ടിക്കറ്റ് പൂര്‍ണമായും തീര്‍ന്നു. ബസില്‍ 26 സീറ്റുകളാണ് ഉള്ളത്. ഇതില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇരുന്ന സീറ്റ് ബുക്ക് ചെയ്യാനായിരുന്നു ഭൂരിഭാഗം പേര്‍ക്കും താല്‍പര്യം. സെസ് അടക്കം 1171 രൂപയാണ് ടിക്കറ്റ് നിരക്ക്. താമരശേരി, കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി, മൈസൂരു വഴിയാണ് നവകേരള ബസ് സര്‍വീസ് നടത്തുന്നത്.
ബസിലുണ്ടായിരുന്ന ടോയ്‌ലറ്റും ലിഫ്റ്റും നിലനിര്‍ത്തിയിട്ടുണ്ട്. അതേസസമയം മന്ത്രിമാര്‍ ഇരുന്ന സീറ്റുകളെല്ലാം മാറ്റി പുതിയ പുഷ്ബാക്ക് സീറ്റുകളാണ് ഘടിപ്പിച്ചിരിക്കുന്നത്. വിനോദത്തിനായി ടെലിവിഷനും മ്യൂസിക് സിസ്റ്റവും ബസിനുള്ളിലുണ്ട്. ഇത് കൂടാതെ മൊബൈല്‍ ചാര്‍ജര്‍ സംവിധാനവും ലഗേജ് സൂക്ഷിക്കാനുള്ള സ്ഥലവും ബസിലുണ്ട്.
2013 മുതല്‍ കോഴിക്കോട്-ബെംഗളൂരു മള്‍ട്ടി ആക്‌സില്‍ ബസ് ഓടിക്കുന്ന പി. ജയ്ഫര്‍, ഷാജി മോന്‍ എന്നിവരാണ് റിസര്‍വ് ഡ്രൈവര്‍ കം കണ്ടക്ടര്‍ രീതിയില്‍ ബസ് ഓടിക്കുന്നത്. കോഴിക്കോട് ബെംഗളൂരു റൂട്ടാണ് സ്ഥിരം സര്‍വീസ്. നവകേരള സദസിന് ശേഷം ബസ് എന്ത് ചെയ്യണമെന്ന ആലോചനയില്‍ അന്നത്തെ ഗതാഗത മന്ത്രിയായിരുന്ന ആന്റണി രാജുവാണ് ബസ് സര്‍വീസിനു വിട്ടുനല്‍കുമെന്നു പ്രഖ്യാപിച്ചത്.












Click it and Unblock the Notifications