നവകേരള സദസിന് ഇന്ന് തുടക്കം; ഉദ്ഘാടനം കാസര്‍കോട്ട്, ആഡംബര ബസെത്തി
കാസര്‍കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍ ഡി എഫ് സര്‍ക്കാരിന്റെ നവകേരള ജനസദസിന് ഇന്ന് തുടക്കം. കാസര്‍കോട് ജില്ലയിലെ മഞ്ചേശ്വരം മണ്ഡലത്തിലെ പൈവളിഗയില്‍ ഉച്ചയ്ക്ക് മൂന്നരയ്ക്കാണ് നവകേരള ജനസദസിന്റെ ഉദ്ഘാടനം. സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും നവകേരള സദസ് സംഘടിപ്പിക്കുന്നുണ്ട്. ജനങ്ങളില്‍ നിന്ന് നിര്‍ദേശങ്ങള്‍ സ്വീകരിക്കാനും അവരുടെ പരാതികള്‍ക്ക് പരിഹാരം കാണാനുമാണ് നവകേരള സദസ് സംഘടിപ്പിക്കുന്നത്.
ഡിസംബര്‍ 23ന് വൈകീട്ട് ആറിന് തിരുവനന്തപുരം വട്ടിയൂര്‍ക്കാവിലാണ് നവകേരള സദസിന്റെ സമാപനം. പൈവളിഗെ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് യാത്രയുടെ ഉദ്ഘാടനം. മഞ്ചേശ്വരം മണ്ഡലത്തിലെ ആദ്യ സദസും ഇവിടെ നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്ന സദസില്‍ മന്ത്രി കെ രാജന്‍ അധ്യക്ഷത വഹിക്കും. എല്ലാ ബുധനാഴ്ചയും തിരുവനന്തപുരത്ത് ചേരുന്ന മന്ത്രിസഭ യോഗം നവകേരള സദസിനിടെ വിവിധ മണ്ഡലങ്ങളില്‍ വെച്ചാണ് നടക്കുക.

നവംബര്‍ 22ന് തലശ്ശേരിയിലും 28ന് വള്ളിക്കുന്നിലും ഡിസംബര്‍ ആറിന് തൃശൂരിലും 12ന് പീരുമേട്ടിലും 20ന് കൊല്ലത്തുമാണ് മന്ത്രിസഭ യോഗങ്ങള്‍ ചേരുക. നവകേരള സദസിനായി മുഖ്യമന്ത്രിയും മന്ത്രിമാരും ബസിലാണ് സഞ്ചരിക്കുക. നിരവധി സജ്ജീകരണങ്ങളുള്ള ബസ് കേരളത്തിലെത്തിച്ചിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ കാസര്‍കോട് എത്തിച്ച ബസ് എആര്‍ ക്യാംപിലേക്ക് മാറ്റിയിരിക്കുകയാണ്.
1.05 കോടി രൂപ ചെലവഴിച്ച് പ്രത്യേകമായി തയാറാക്കിയതാണ് ബെന്‍സ് ബസ്. അതിനിടെ ബസിനായി ഇളവുകള്‍ വരുത്തികൊണ്ട് ഗതാഗത വകുപ്പ് വിജ്ഞാപനം ഇറക്കി. കോണ്‍ട്രാക്ട് ക്യാരേജ് ബസുകള്‍ക്കായുള്ള നിയമത്തില്‍ ഭേദഗതി വരുത്തികൊണ്ടാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നത്. ബസിന്റെ മുന്‍നിരയിലെ സീറ്റിന് 180 ഡിഗ്രി കറങ്ങാനുള്ള അനുമതിയുണ്ട്.
കോണ്‍ട്രാക്ട് ക്യാരേജ് വാഹനങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന കളര്‍ കോഡിനും ഇളവ് വരുത്തിയിട്ടുണ്ട്. ഇതിന് പുറമെ വാഹനം നിര്‍ത്തുമ്പോള്‍ പുറത്ത് നിന്നും ജനറേറ്റര്‍ വഴിയോ ഇന്‍വെട്ടര്‍ വഴിയോ വൈദ്യുതി നല്‍കാം. അതേസമയം യു ഡി എഫ് നവകേരളസദസ് ബഹിഷ്‌കരിക്കുകയാണ്. പരിപാടി രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്നും സാമ്പത്തിക പ്രതിസന്ധി കാലത്തുള്ള ധൂര്‍ത്താണെന്നുമാണ് യു ഡി എഫ് പറയുന്നത്.
സര്‍ക്കാര്‍ നടപ്പാക്കുന്നതും ലക്ഷ്യമിടുന്നതുമായ പദ്ധതികള്‍ ജനങ്ങളിലെത്തിക്കാനും സംവദിക്കാനും പരാതികള്‍ക്ക് പരിഹാരം കാണാനും ലക്ഷ്യമിട്ടാണ് നവകേരള സദസ് സംഘടിപ്പിക്കുന്നത്. എന്നാല്‍ ഇതിനൊപ്പം ഏതാനും മാസങ്ങള്‍ക്കകം വരാനിരിക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പ് കൂടി മുന്നില്‍ കണ്ടാണ് സര്‍ക്കാരിന്റെ നീക്കം.












Click it and Unblock the Notifications