ഒടുവില്‍ ദിവ്യ പിടിയില്‍; കസ്റ്റഡിയിലെടുത്ത് പൊലീസ്.. ചോദ്യം ചെയ്യല്‍ തുടങ്ങി
കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ പ്രതിയായ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റും സിപിഎം നേതാവുമായ പിപി ദിവ്യ പിടിയില്‍. ഇന്ന് ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയതിന് പിന്നാലെയാണ് ദിവ്യയെ കസ്റ്റഡിയിൽ എടുത്തത്. പൊലീസ് ദിവ്യയെ ചോദ്യം ചെയ്യാന്‍ ആരംഭിച്ചിട്ടുണ്ട്.
കണ്ണൂര്‍ ജില്ലയിലെ കണ്ണപുരത്ത് ദിവ്യയുടെ വീടിന് സമീപത്തെ സ്ഥലത്ത് നിന്നാണ് കസ്റ്റഡിയില്‍ എടുത്തത് എന്നാണ് വിവരം. ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് പിന്നാലെ ദിവ്യയോട് അടിയന്തിരമായി കീഴടങ്ങണമെന്ന് പാര്‍ട്ടി കേന്ദ്രങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. പൊലീസും ദിവ്യയും പ്രകാരമുണ്ടായ ധാരണ പ്രകാരമായിരുന്നു കസ്റ്റഡി എന്നാണ് റിപ്പോര്‍ട്ട്

അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരോട് താന്‍ കീഴടങ്ങാന്‍ തയ്യാറാണെന്ന് ദിവ്യ അറിയിച്ചു. താന്‍ കീഴടങ്ങാന്‍ കോടതിയിലേക്ക് പോവുകയായിരുന്നു എന്ന് ദിവ്യ പൊലീസിനെ അറിയിക്കുകയായിരുന്നു. ഇതോടെ വഴിയില്‍ വെച്ച് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു എന്നാണ് വിവരം. രണ്ട് പാര്‍ട്ടി പ്രവര്‍ത്തകരും ദിവ്യയ്ക്കൊപ്പമുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
ദിവ്യയെ കസ്റ്റഡിയിലെടുത്തത് കമ്മീഷണര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. കണ്ണൂര്‍ സിപിഎം ജില്ലാ കമ്മിറ്റി അംഗമാണ് പിപി ദിവ്യ. എഡിഎമ്മായിരുന്ന നവീന്‍ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിലാണ് ദിവ്യയ്‌ക്കെതിരെ പൊലീസ് കേസെടുത്തത്. നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിനെത്തിയ ദിവ്യ അദ്ദേഹത്തിനെതിരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെ നവീന്‍ ബാബു ആത്മഹത്യ ചെയ്യുകയായിരുന്നു.
യാത്രയയപ്പ് യോഗത്തില്‍ ദിവ്യ പരസ്യവിമര്‍ശനം നടത്തിയതില്‍ മനംനൊന്തായിരുന്നു നവീന്‍ ബാബുവിന്റെ ആത്മഹത്യ. ഇതോടെ ദിവ്യയ്‌ക്കെതിരെ പൊലീസ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുത്തിരുന്നു. പിന്നാലെ ദിവ്യയെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് സിപിഎം പുറത്താക്കി. നവീന്‍ ബാബു പെട്രോള്‍ പമ്പിന് അനുമതി നല്‍കാന്‍ കൈക്കൂലി വാങ്ങിയെന്നും നിയമം ലംഘിച്ചു എന്നുമായിരുന്നു ദിവ്യയുടെ ആരോപണം.
എന്നാല്‍ ഇതിന് തെളിവില്ല എന്നായിരുന്നു സര്‍ക്കാരിന്റെ കണ്ടെത്തല്‍. സ്വന്തം ജില്ലയായ പത്തനംതിട്ടയിലേക്ക് സ്ഥലം മാറ്റം ലഭിച്ച നവീന്‍ ബാബു നാട്ടിലെത്തി ജോയിന്‍ ചെയ്യേണ്ട അന്നാണ് ആത്മഹത്യ ചെയ്തത്. സംഭവം സിപിഎമ്മിന് വലിയ വിമര്‍ശനം വരുത്തി വെച്ചിരുന്നു. പിന്നാലെയാണ് ദിവ്യ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ ദിവ്യയ്ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കാനാകില്ല എന്നായിരുന്നു ദിവ്യയുടെ നിലപാട്.












Click it and Unblock the Notifications