സാജിദയേയും കുഞ്ഞിനേയും കാണാൻ ആ രക്ഷകരെത്തി.. കുഞ്ഞുടുപ്പുകളും സമ്മാനങ്ങളുമായി
ആലുവ: പേമാരിയില്‍ നിന്നും പ്രളയത്തില്‍ നിന്നും കേരളം പതുക്കെ കരകയറി തുടങ്ങിയിരിക്കുന്നു. രക്ഷാപ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണ്. ദുരിതാശ്വാസ ക്യാമ്പുകളില്‍ അകപ്പെട്ടവരുടെ പുനരധിവാസമാണ് ഇനിയുള്ള ലക്ഷ്യം. രക്ഷാപ്രവര്‍ത്തനങ്ങളിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും കേരളം കാണിച്ച മാതൃകാപരമായ ഒത്തൊരുമ തന്നെയാണ് മുന്നോട്ടും വേണ്ടത്.
പ്രളയദുരിതങ്ങള്‍ക്കിടയില്‍ കണ്ട ചില നന്മയുടെ കാഴ്ചകളാണ് ഏത് ആപത്തിനേയും നേരിടാന്‍ മലയാളിയെ പ്രാപ്തരാക്കുന്നത്. അതിലൊന്ന് പൂര്‍ണഗര്‍ഭിണിയായ സജിദ ജബിലിനെ നാവികസേന എയര്‍ലിഫ്റ്റ് ചെയ്യുന്ന വീഡിയോ ആണ്. പ്രസവിച്ച് സുഖമായിരിക്കുന്ന സജിദയെയും കുഞ്ഞിനേയും കാണാന്‍ നാവികസേനക്കാര്‍ സമ്മാനങ്ങളുമായി ആശുപത്രിയിലുമെത്തി.
A pregnant lady with water bag leaking has been airlifted and evacuated to Sanjivani. Doctor was lowered to assess the lady. Operation successful #OpMadad #KeralaFloodRelief #KeralaFloods2018 pic.twitter.com/bycGXEBV8q
— SpokespersonNavy (@indiannavy) August 17, 2018
സാജിദ പൂർണ ഗർഭിണി
അപകടകരമായ രീതിയില്‍ വെള്ളപ്പൊക്കം ഉണ്ടായപ്പോള്‍ പലയിടത്തും ആളുകള്‍ രക്ഷ തേടിയത് വീടിന്റെ ടെറസുകളിലായിരുന്നു. ദിവസങ്ങളോളം ടെറസില്‍ ഭക്ഷണമോ കുടിവെളളമോ ഇല്ലാതെ പലര്‍ക്കും കഴിയേണ്ടതായി വന്നിട്ടുണ്ട്. ആലുവ ചെങ്ങമനാട്ടിലെ സാജിദ ജബീല്‍ എന്ന യുവതിയുടെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല. പൂര്‍ണഗര്‍ഭിണിയായിരുന്നു ആ സമയം ഈ യുവതി.

വീടിന് മുകളിൽ അഭയം
പ്രളയത്തില്‍ വീട് മുങ്ങിയതോടെ സാജിദയ്ക്ക് പുറത്തേക്ക് കടക്കാന്‍ വഴിയില്ലാതായി. അതോടെ വീടിന്റെ മുകളിലത്തെ നിലയില്‍ അഭയം തേടി. വീട്ടില്‍ പ്രസവിക്കേണ്ടി വന്നാല്‍ സഹായം തേടാന്‍ പോലും പറ്റാത്ത ദുരിതാവസ്ഥയിലായിരുന്നു സാജിദ. ഗര്‍ഭിണി കുടുങ്ങിയെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് നാവിക സേന തിരഞ്ഞെത്തി.

ശ്രമകരമായ ദൌത്യം
സാജിദ കുടുങ്ങിപ്പോയ കെട്ടിടം കണ്ടെത്താന്‍ ഏറെ പണിപ്പെട്ടിരുന്നു രക്ഷാ സംഘം. കെട്ടിടത്തിനും ചുറ്റിലും വെള്ളം നിറഞ്ഞതും മരങ്ങളുള്ളതും രക്ഷാദൗത്യം ശ്രമകരമാക്കി. ആദ്യം സംഘത്തിലുണ്ടായിരുന്ന ഡോക്ടറായ മഹേഷിനെ ആണ് താഴെയിറക്കിയത്. സാജിദയെ പരിശോധിച്ച ഡോക്ടര്‍ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് എത്തിക്കണമെന്ന് നിര്‍ദേശിച്ചു.

അസാമാന്യ ധൈര്യത്തോടെ
പൂര്‍ണഗര്‍ഭിണിയായ സാജിദയെ എയര്‍ലിഫ്റ്റ് ചെയ്യുന്നതില്‍ അപകട സാധ്യതകള്‍ ഏറെയുണ്ടായിരുന്നു. എന്നാല്‍ അതല്ലാതെ മറ്റൊരു വഴി മലയാളി കമാന്‍ഡര്‍ വിജയ് വര്‍മ്മ നയിച്ച സംഘത്തിന് മുന്നിലില്ലായിരുന്നു. സാജിദ അസാമാന്യ ധൈര്യം കാണിക്കുകയും നിര്‍ദേശങ്ങള്‍ അക്ഷരം പ്രതി അനുസരിക്കുകയും ചെയ്തത് കാര്യങ്ങള്‍ എളുപ്പമാക്കി.

നേവിക്ക് സല്യൂട്ട്
സാജിദയെ എയര്‍ലിഫ്റ്റ് ചെയ്യുന്ന ദൃശ്യം സോഷ്യല്‍ മീഡിയയിലും മറ്റും കണ്ടവര്‍ക്ക് മറക്കാനാവില്ല. സാജിദയുടെ ധൈര്യത്തേയും നേവിയുടെ ശ്രമത്തേയും സോഷ്യല്‍ മീഡിയ സല്യൂട്ട് ചെയ്തു. ഹെലികോപ്റ്ററില്‍ രക്ഷപ്പെടുത്തിയ ഉടനെ തന്നെ സാജിദയെ നേവല്‍ ബേസിലെ ആശുപത്രിയിലേക്കാണ് എത്തിച്ചത്.

സമ്മാനങ്ങളുമായി നേവി
അന്ന് ഉച്ചയോടെ തന്നെ സാജിദ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കി. മൂന്നാമത്തെ പ്രസവം ആയത് കൊണ്ട് തന്നെ സാജിദയ്ക്ക് സുഖപ്രസവം ആയിരിക്കുമെന്ന് ചികിത്സിച്ചിരുന്ന ഡോക്ടര്‍ പറഞ്ഞത് പോലെ തന്നെ സംഭവിച്ചു. ആശുപത്രിയില്‍ സുഖമായിരിക്കുന്ന അമ്മയേയും കുഞ്ഞിനേയും വിജയ് വര്‍മ്മയുടെ നേതൃത്വത്തില്‍ നേവി സംഘം സന്ദര്‍ശിച്ചു. കുഞ്ഞുടുപ്പുകളും മറ്റും അടങ്ങുന്ന സമ്മാനങ്ങളുമായാണ് നേവി സംഘം സ്‌നേഹമറിയിക്കാനെത്തിയത്.
Recommended Video


നിങ്ങൾക്കും കേരളത്തെ സഹായിക്കാം
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.












Click it and Unblock the Notifications