മോദിയുടെ കാലിൽ വീണ് വണങ്ങി നവ്യ നായർ; ഇതിൽ ഭാവിയെ കുറിച്ചുള്ള കാഴ്ചപാടുണ്ടെന്ന് അപർണ ബാലമുരളി
പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത യുവം 2023 പരിപാടിയിൽ അണിനിരന്ന് സിനിമാ-സാംസ്കാരിക മേഖലയിലെ പ്രമുഖരും. സിനിമാ താരങ്ങളായ സുരേഷ് ഗോപി, ഉണ്ണി മുകുന്ദൻ, ഗായകൻമാരായ വിജയ് യേശുദാസ്, ഹരി ശങ്കർ, സ്റ്റീഫൻ ദേവസ്യ, നടിമാരായ നവ്യ നായർ, അപർണ ബാലമുരളി എന്നിവരാണ് പരിപാടിയിൽ പങ്കെടുത്തത്.
പരിപാടിയുടെ ഭാഗമായി നവ്യ നായരുടെ നൃത്തം സംഘടിപ്പിച്ചിരുന്നു. മോദിയെത്തിയപ്പോൾ കാലിൽ വീണ് നവ്യ വണങ്ങി. 'യൂത്ത് കോൺക്ലേവ് ആയതിനാൽ ഭാവിയെക്കുറിച്ചുള്ള കാഴ്ചപാട് പരിപാടി പരിപാടിയിൽ ഉണ്ടെന്നും തീർച്ചയായിട്ടും പ്രധാനമന്ത്രിയുടെ കൂടെ ഇത്തരമൊരു പരിപാടി പങ്കിടാൻ പറ്റിയതിൽ വലിയ സന്തോഷമുണ്ടെന്നും നടി അപർണ ബാലമുരളി പറഞ്ഞു. ഇത്തരം പരിപാടികൾ വളരെ അത്യാവശ്യമാണെന്നും അപർണ ബാലമുരളി ചൂണ്ടിക്കാട്ടി.

കോൺഗ്രസിൽ നിന്നും രാജിവെച്ച് ബിജെപിയിലെത്തിയ അനിൽ ആന്റണിയും യുവം പരിപാടിയിൽ സജീവമായിരുന്നു. കേരളത്തിലെ അനിൽ ആന്റണി പങ്കെടുക്കുന്ന ആദ്യ ബിജെപി പരിപാടി കൂടിയായിരുന്നു യുവം. 'ഇനി കേരളത്തിലും ഇന്ത്യയിലെ മറ്റു ഭാഗങ്ങളിലേതു പോലെ യുവജനങ്ങളെല്ലാം മോദിജിയുടെ കൂടെ അണിനിരന്ന് മോദിജിക്കു വേണ്ടി പ്രവർത്തിക്കും. അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ ഇന്ത്യയെ ഒരു വികസിത രാജ്യമാക്കുക, അതുപോലെ അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയെ ഒരു വിശ്വഗുരുവാക്കുക എന്ന മോദിജിയുടെ ദീർഘ വീക്ഷണത്തിന് വേണ്ടി കേരളത്തിലെ യുവതി യുവക്കാൾ പൂർണമനസോടെ അദ്ദേഹത്തിനൊപ്പം അണിനിരക്കും.' - അനിൽ ആന്റണി പറഞ്ഞു.

മോദിയുടെ 'യുവം 2023' പരിപാടിയിൽ വൻ ജനപങ്കാളിത്തമായിരുന്നു ഉണ്ടായിരുന്നത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി ബിജെപി പ്രവർത്തകർ പരിപാടിയിൽ പങ്കെടുത്തിരുന്നു. പരിപാടിയിൽ രാഷ്ട്രീയമില്ലെന്നായിരുന്നു ബി ജെ പി നേതാക്കൾ ആവർത്തിച്ചതെങ്കിലും പ്രസംഗത്തിലുട നീളം സി പി എമ്മിനേയും കോൺഗ്രസിനേയും രൂക്ഷമായ ഭാഷയിൽ പ്രധാനമന്ത്രി വിമർശിച്ചു.
സ്വർണക്കടത്ത് ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉയർത്തിക്കാട്ടിയായിരുന്നു പ്രധാനമന്ത്രിയുടെ വിമർശനം. കേന്ദ്ര സർക്കാർ കയറ്റുമതി പ്രോത്സാഹിപ്പിക്കാൻ ശ്രമിക്കുമ്പോൾ മറ്റ് ചിലർ ഇവിടെ സ്വർണക്കടത്തിൽ വ്യാപൃതരായിക്കുകയാണെന്നായിരുന്നു മോദിയുടെ വിമർശനം. കേരളത്തിൽ എൽഡിഎഫിന് പാർട്ടി താത്പര്യമാണെന്നും യുഡിഎഫിന് താത്പര്യം കുടുംബത്തോടാണെന്നും മോദി കുറ്റപ്പെടുത്തി. സ്വർണക്കടത്ത് പോലുള്ള വിഷയങ്ങൾ കേരളത്തിലെ യുവാക്കൾ മറക്കില്ലെന്നും ഭാവിയിൽ കേരളത്തിലും ബിജെപി സർക്കാർ അധികാരത്തിലേറുമെന്നും പ്രധാനമന്ത്രി പറഞ്ഞു.












Click it and Unblock the Notifications