നവ്യ നായരോട് മോശമായി പെരുമാറാൻ ശ്രമം, രൂക്ഷമായി നോക്കി നടി, സഹായത്തിന് എത്തി സൗബിൻ, വൈറലായി വീഡിയോ
കോഴിക്കോട്: നടി നവ്യ നായരോട് മാളില്‍ വെച്ച് മോശമായി പെരുമാറാന്‍ ശ്രമം. നവ്യയും സൗബിന്‍ ഷാഹിറും പ്രധാന വേഷത്തില്‍ അഭിനയിക്കുന്ന പാതിരാത്രി എന്ന ചിത്രത്തിന്റെ പ്രമോഷന് വേണ്ടി കോഴിക്കോട് ഹൈലൈറ്റ് മാളില്‍ എത്തിയപ്പോഴാണ് നടിക്ക് നേരെ മോശം പെരുമാറ്റം ഉണ്ടായത്. ശനിയാഴ്ച വൈകിട്ട് ആയിരുന്നു പ്രമോഷന്‍ പരിപാടി. സൗബിനും നവ്യയും ആന്‍ ആഗസ്റ്റിനും അടക്കമുളള സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പ്രമോഷന് എത്തിയിരുന്നു.
സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. താരങ്ങളെ കാണാന്‍ നിരവധി പേരാണ് മാളില്‍ എത്തിയിരുന്നത് പരിപാടി അവസാനിച്ച ശേഷം മാളില്‍ നിന്ന് ആള്‍ക്കൂട്ടത്തിനിടയിലൂടെ പുറത്തേക്ക് ഇറങ്ങുകയായിരുന്നു നവ്യ. നവ്യയ്ക്ക് ചുറ്റും സുരക്ഷയ്ക്കായുളള ബൗണ്‍സര്‍മാര്‍ ഉണ്ടായിരുന്നു. അതിനിടെ നവ്യ മുന്നോട്ട് നടക്കുന്നതിനിടെ വശത്ത് നിന്ന് ഒരാള്‍ നവ്യയുടെ ദേഹത്ത് തൊടുകയായിരുന്നു. നവ്യ ഉടനെ തന്നെ തിരിഞ്ഞ് ആളെ രൂക്ഷമായി നോക്കി.
നവ്യയ്ക്ക് തൊട്ട് പിറകില്‍ ഉണ്ടായിരുന്ന സൗബിന്റെ ശ്രദ്ധയിലും ഈ സംഭവം പെട്ടു. സൗബിനും ആ വ്യക്തിയെ താക്കീതിന്റെ ഭാവത്തില്‍ നോക്കുന്നത് വീഡിയോയില്‍ കാണാം. മാത്രമല്ല ഉടനെ തന്നെ സൗബിന്‍ നവ്യയ്ക്ക് സുരക്ഷിത വലയമൊരുക്കി മുന്നോട്ട് പോകാന്‍ സഹായിക്കുകയും ചെയ്തു. താരങ്ങളോട് പ്രത്യേകിച്ച് നടിമാരോട് ആള്‍ക്കൂട്ടത്തില്‍ വെച്ച് ഇത്തരത്തില്‍ മോശമായി പെരുമാറുന്നതിനെതിരെ വീഡിയോയുടെ കമന്‌റ് ബോക്‌സില്‍ രൂക്ഷമായ പ്രതികരണങ്ങളാണ് ഉയരുന്നത്.

നവ്യ നോക്കിപ്പേടിപ്പിക്കുക മാത്രമല്ല മോശമായി പെരുമാറിയ ആളുടെ കരണം നോക്കി ഒരടി കൂടി കൊടുക്കണമായിരുന്നു എന്നാണ് ചിലരുടെ പ്രതികരണം. അനുവാദം ഇല്ലാതെ ഒരാളുടെ ശരീരത്ത് സ്പര്‍ശിക്കുന്നത്, അത് ആണായാലും പെണ്ണായാലും തെറ്റ് തന്നെയാണ് എന്നും കമന്റുകളുണ്ട്.
നേരത്തെ നടിമാരായ സാനിയ ഇയ്യപ്പനും ഗ്രേസ് ആന്റണിക്കും ആള്‍ക്കൂട്ടത്തില്‍ വെച്ച് സമാനമായ അനുഭവം ഉണ്ടായിരുന്നു. ഹൈലൈറ്റ് മാളില്‍ സിനിമാ പ്രമോഷന് വേണ്ടി എത്തിയ ഇവര്‍ പരിപാടിക്ക് ശേഷം വേദിയില്‍ നിന്നിറങ്ങി പുറത്തേക്ക് പോകുന്നതിനിടെയാണ് ആള്‍ക്കൂട്ടത്തില്‍ നിന്ന് മോശമായ പെരുമാറ്റം ഉണ്ടായത്. തന്നെ മോശമായി സ്പര്‍ശിച്ച വ്യക്തിയെ സാനിയ അപ്പോള്‍ തന്നെ അടിക്കുകയും ചെയ്തിരുന്നു. ഈ വീഡിയോ അന്ന് വൈറലായിരുന്നു. ആ സംഭവത്തിന് ശേഷം ആള്‍ക്കൂട്ടത്തിലേക്ക് പോകാന്‍ ഭയമാണെന്ന് സാനിയ പിന്നീട് പറയുകയുണ്ടായി.












Click it and Unblock the Notifications